പതിനെട്ട് പടികളുടെ മാതൃകയില്‍ ഭക്തർക്ക് ചവിട്ടാൻ കഴിയില്ല. എന്നാല്‍, തൊട്ടുതൊഴുകയും പടിപൂജ നടത്തുകയും ചെയ്യാം. യുഎഇയിലെ 7 എമിറേറ്റ്സുകളെ പ്രതിനിധീകരിച്ച് ഏഴു ഗോപുരങ്ങളാണ് അബുദാബി ബിഎപിഎസ് ക്ഷേത്രത്തിലുള്ളത്. ഓരോ ഗോപുരത്തിലും ഓരോ പ്രതിഷ്ഠയാണ്. അതിലൊന്നാണ് ഈ അയ്യപ്പ വിഗ്രഹം.
പരുമല കാട്ടുംപുറത്ത് പന്തപ്ലാംതെക്കേതിൽ പി പി അനന്തൻ ആചാരിയുടെയും മകൻ അനു അനന്തന്റെയും നേതൃത്വത്തിലുള്ള ആർട്ടിസാൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസാണ് വിഗ്രഹം നിർമിച്ചത്. അലങ്കാരപ്രഭ, വിളക്കുകൾ തുടങ്ങിയവയും പരുമലയിലെ പണിശാലയിൽ നിന്നു ക്ഷേത്രത്തിലെത്തിച്ചിട്ടുണ്ട്. ചന്ദ്രൻ, രഘു, രാജപ്പൻ, രാധാകൃഷ്ണൻ, ജഗദീഷ്, ജഗന്നാഥൻ തുടങ്ങിയവരും വിഗ്രഹ നിർമാണത്തിൽ പങ്കെടുത്തു.
advertisement
ശബരിമലയ്ക്കു പുറമെ ഏറ്റുമാനൂരിലെയും പാറമേക്കാവിലെയും സ്വർണക്കൊടിമരങ്ങൾ, ഗുരുവായൂർ ക്ഷേത്രത്തിലെ രണ്ടായിരത്തോളം ലിറ്റർ പായസം തയാറാക്കാവുന്ന 2 ടൺ വീതം ഭാരമുള്ള വാർപ്പുകൾ, യുഎസിലെ ടാമ്പ അയ്യപ്പക്ഷേത്രത്തിലെ ശ്രീകോവിൽ അലങ്കാരങ്ങൾ, കൊടിമരം, ബലിക്കല്ല് എന്നിവയിലെ അലങ്കാരങ്ങൾ തുടങ്ങിയവയും ആർട്ടിസാൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസാണ് നിർമിച്ചത്. ന്യൂയോർക്കിലെ ക്രിസ്ത്യൻ പള്ളി, ചിക്കാഗോയിലെ കത്തീഡ്രൽ എന്നിവിടങ്ങളിലെ കൊടിമരങ്ങളും ഇവർ നിർമിച്ചിട്ടുണ്ട്.