അവരുടെ പഠനത്തിന്റെ പ്രധാന ലക്ഷ്യം താപനിലാ വ്യതിയാനം കാർഷിക വിളകളിൽ ഉണ്ടാക്കുന്ന ആഘാതം എങ്ങനെ കുറയ്ക്കാം എന്ന് കണ്ടെത്തുകയാണ്. പ്രകാശസംശ്ലേഷണത്തിന്റെ മുഖ്യ ഘടകമായ കാർബൺ ഡയോക്സൈഡിന്റെ ലഭ്യത ഉണ്ടെങ്കിൽത്തന്നെയും ഉയർന്ന താപനില വിളകളുടെ വളർച്ചയെ ബാധിക്കുന്നു എന്നാണ് ഈ ഗവേഷകരുടെ കണ്ടെത്തൽ. ഉയർന്ന താപനില കാരണം കാർബൺ ഡയോക്സൈഡിന്റെ അളവിനേയും ജലനഷ്ടത്തേയും നിയന്ത്രിക്കുന്ന എൻസൈമുകളുടെ പ്രവർത്തനം തടസപ്പെട്ടേക്കാം എന്നതാണ് ഇതിന്റെ കാരണം.
സസ്യങ്ങൾക്ക് തങ്ങളുടെ ഘടന, ജലാംശം, കാർബൺ ഡയോക്സൈഡിന്റെ ആഗിരണം, പുനരുത്പാദനം എന്നിവ നിലനിർത്താനുള്ള കഴിവിനെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി താപനിലയിൽ ഉണ്ടാകുന്ന വർദ്ധനവ് ദോഷകരമായി ബാധിക്കാനിടയുണ്ട്.
advertisement
യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഗവേഷകയായ കെയ്‌റ്റ്ലിൻ മൂർ പറയുന്നത് ഈ സംഭവ വികാസത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കേണ്ടത് അനിവാര്യമാണ് എന്നാണ്. താപനിലയിലെ വർദ്ധനവിന്റെ ഫലമായി സസ്യങ്ങളുടെ ഇലകളിലെ സുഷിരങ്ങൾ എപ്പോഴും തുറന്നിരിക്കുന്നു എന്ന് മൂറിന്റെ നേതൃത്വത്തിലുള്ള പഠനം ചൂണ്ടിക്കാട്ടുന്നു. അത് സസ്യങ്ങളുടെ സ്റ്റൊമാറ്റയെയും ട്രാൻസ്‌പോർട്ട് സിസ്റ്റത്തെയും ദോഷകരമായി ബാധിക്കുന്നു. താപനിലയിലെ വർദ്ധനവ് വിളകളുടെ പ്രത്യുത്പാദന ശേഷിയെത്തന്നെ തകിടം മറിച്ചേക്കാം. താപനിലയിലെ മാറ്റം പെട്ടെന്ന് ബാധിച്ചേക്കാവുന്ന എൻസൈമുകളാണ് സസ്യങ്ങളുടെ വിവിധ കോശങ്ങളിലേക്ക് പഞ്ചസാര എത്തിക്കുന്ന സുപ്രധാനമായ കർമം നിർവഹിക്കുന്നത്. ഈ പ്രക്രിയയാണ് സസ്യങ്ങളുടെ വളർച്ചയെയും പ്രത്യുത്പാദനശേഷിയെയും ത്വരിതപ്പെടുത്തുന്നത്.
പഠനസംഘത്തിലെ മറ്റൊരു ഗവേഷക ഇത്തരം മാറ്റങ്ങൾ ആഗോളതലത്തിൽ ഉണ്ടാകാനിടയുള്ള ആഘാതത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നു. "വർധിച്ച തോതിലാണ് ലോകമെമ്പാടും താപനില ഉയരുന്നത്. അത് വിളകളുടെ നാശത്തിലേക്ക് നയിക്കുന്നു. ഈ പ്രശ്നം നമുക്ക് ഒഴിവാക്കാൻ കഴിയുന്ന ഒന്നല്ല. ആകെ താപനിലയിൽ ഉണ്ടാകുന്ന ഓരോ ഡിഗ്രി സെൽഷ്യസ് വർദ്ധനയ്ക്ക് ആനുപാതികമായി നമ്മുടെ പ്രധാന വിളകളിൽ 3% മുതൽ 7% വരെ നാശം സംഭവിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ പ്രശ്നത്തെ കൈയൊഴിയാൻ നമുക്ക് കഴിയില്ല", ആ ഗവേഷക പറയുന്നു.
റുബിസ്‌കോ എഫിഷ്യൻസി വർദ്ധിപ്പിക്കുക, കൃത്യമായി പ്രകാശം ലഭിക്കുന്നതിനുവേണ്ട സംവിധാനങ്ങൾ ഏർപ്പെടുത്തുക, കാർബൺ ഡയോക്സൈഡിന്റെ ആഗിരണത്തെ ത്വരിതപ്പെടുത്താനായി സ്റ്റൊമാറ്റയുടെ സാന്ദ്രത നിയന്ത്രിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ വിളകളിൽ പ്രകാശസംശ്ലേഷണത്തെ സംബന്ധിച്ച് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഗവേഷകർ നിർദ്ദേശിക്കുന്ന ചില മാർഗങ്ങളാണ്. എന്തായാലും കാർഷികരംഗത്തിന്റെ ഭാവിയെക്കുറിച്ച് നിർണായകമായ ചില ചോദ്യങ്ങളാണ് ഈ ഗവേഷണം ഉയർത്തുന്നത്.
