തിരുവനന്തപുരം സ്വദേശി കൂടിയായ എൻ വിജയകുമാറിന് സ്ഥാനകയറ്റത്തിലൂടെയാണ് ഐപിഎസ്. ലഭിച്ചത്. ഈ നേട്ടം ലഭിച്ചയുടൻ വിജയകുമാർ കാണാനെത്തിയത് ജാനമ്മ ടീച്ചറെയാണ്. കുറവൻകോണം പട്ടംതാണുപിള്ള യുപി സ്കൂളിലെ അധ്യാപികയായിരുന്ന ജാനമ്മ ടീച്ചറാണ് തനിക്ക് ഒന്നാം ക്ലാസിൽ ആദ്യാക്ഷരം പകർന്നുതന്നതെന്ന് വിജയകുമാർ പറയുന്നു. അതുകൊണ്ടുതന്നെ ഐപിഎസ് നേട്ടം ജാനമ്മ ടീച്ചറിന് സമർപ്പിക്കുകയാണ് വിജയകുമാർ.
advertisement
അഞ്ചു പതിറ്റാണ്ടു മുമ്പാണ് ജാനമ്മ ടീച്ചർ വിജയകുമാറിനെ ഒന്നാം ക്ലാസിൽ പഠിപ്പിച്ചത്. അഞ്ചാം ക്ലാസുവരെ വിജയകുമാറിന്‍റെ ക്ലാസ് ടീച്ചർ കൂടിയായിരുന്നു ജാനമ്മ ടീച്ചർ. നൂറുകണക്കിന് വിദ്യാർഥികൾക്ക് അറിവു പകർന്നു നൽകിയ ജാനമ്മ ടീച്ചർ ആ കാലം ഇപ്പോഴും ഓർത്തെടുക്കുന്നു, അക്കാലത്ത് കുസൃതി കാട്ടിയതിന് അച്ഛനെ വിളിച്ചുവരുത്തിയതുമൊക്കെ ടീച്ചറിന് പറയുന്നു.
ഒന്നാം ക്ലാസിൽ പഠിപ്പിച്ച ജാനമ്മ ടീച്ചർ തനിക്ക് എന്നുമൊരു വികാരമാണെന്ന് വിജയകുമാർ പറയുന്നു. ജീവിതത്തിൽ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ടീച്ചറെന്നും അദ്ദേഹം പറഞ്ഞു. എൻആർഐ സെൽ എസ്.പിയായി വിരമിച്ച വിജയകുമാറിന് ഐപിഎസ് ലഭിക്കുന്നത് അഞ്ചുദിവസം മുമ്പാണ്. ഉത്തരവ് കൈയിൽ കിട്ടി നേരെ ടീച്ചറെ കാണാനെത്തുകയായിരുന്നു. ഏതായാലും ഈ ഗുരു-ശിഷ്യ സമാഗമം ഇന്‍റർനെറ്റിൽ അതിവേഗം വൈറലാകുകയും ചെയ്തു.