ചെറുപ്പം മുതൽക്കേ ആ പെൺകുട്ടിയെ അറിയാം. പഠിത്തമല്ലാതെ മറ്റൊന്നിലും ശ്രദ്ധയില്ലാത്ത അവളിലെ കൗമാരക്കാരിയെ ചൂണ്ടികാട്ടി സമപ്രായക്കാരുടെ അമ്മമാർ മക്കളെ വഴക്കു പറയും. കുമാരിമാരുടെ ഇളക്കം ഇല്ലാത്തവൾ, അവളെ നോക്കി പഠിക്ക്..!! പൊട്ടും കണ്മഷിയും കുപ്പിവളകളും ഭ്രമിപ്പിക്കാതെ, തികഞ്ഞ ഗൗരവക്കാരിയായ ഒരു പതിനാറുകാരി ആ കാലത്ത് അപൂർവമായിരുന്നു. വർഷങ്ങൾക്കു ശേഷം നാല്പതുകളിൽ കണ്ടപ്പോൾ, പണ്ടത്തെ അതേ പക്വതയുള്ള മുഖഭാവവും സംസാരവും. വേറിട്ട മാറ്റം എന്നത് തലമുടി മുഴുവൻ വെളുത്തുവെന്നത് മാത്രമായിരുന്നു. നാല്പതുകളിൽ സ്ത്രീയെ നരച്ചുകാണാൻ ബുദ്ധിമുട്ടാണ്. സമപ്രായക്കാരിയായ ഞാൻ ഓർത്തു. നെറ്റിയിൽ വീഴുന്ന ചെറിയ വെള്ളിമുടി പോലും എത്ര വിദഗ്ദമായി ഒളിപ്പിച്ചാണ് പുറംലോകത്തേക്ക് നമ്മൾ ചെല്ലുന്നത്..!!എന്നാൽ, ഇവർ ഇത്തരം ബേജാറുകൾക്കു അതീതമാണ്. അംഗലാവണ്യം മറച്ച്, ചാടിയ വയർ ഒതുക്കാതെ, അലസമായി ഉടുത്ത കോട്ടൺ സാരി. സദാചാരസമൂഹം ആഗ്രഹിക്കുന്ന, അച്ചടക്കവും ഒതുക്കവും നിറഞ്ഞ വ്യക്തിത്വം. അതിൽ കൗൺസലർ ആയ ഞാൻ എന്ത് മാറ്റമാണ് ഉണ്ടാക്കിയെടുക്കേണ്ടത് എന്ന് അതിശയിച്ചു. ''എനിക്ക് കലയുടെ സഹായം വേണം. എന്‍റെ സ്വഭാവം ഒന്ന് മാറ്റിത്തരണം..!"
advertisement
ഒരാൾക്ക് എത്ര മുഖങ്ങൾ ഉണ്ട്. അയാൾ അറിയുന്ന മറ്റുള്ളവർ അറിയുന്ന മുഖം. അയാൾ അറിയുന്ന മറ്റുള്ളവർ അറിയാത്ത മുഖം. മറ്റുള്ളവർ അറിയുന്ന അയാൾ അറിയാത്ത മുഖം. ആർക്കും അല്ലെങ്കിൽ അയാൾക്ക് പോലും അറിയാത്ത ഒരു മുഖം. അതുകൊണ്ടു തന്നെ പഠിച്ചു തീരില്ല, ഒരിക്കലും മനസ്സുകളെ.
അതിലെ വേലിയേറ്റങ്ങളുടെയും വേലിയിറക്കങ്ങളുടെയും ഗതിയെക്കുറിച്ച്.!
ചേർത്തലയിൽ നിന്ന് കാണാതായ 15കാരനെയും അധ്യാപികയെയും ചെന്നൈയിൽ നിന്ന് കണ്ടെത്തി
"എന്‍റെ മകളേക്കാൾ, മൂന്ന് വയസ്സിനു മൂത്തതാണ് അനിൽ, എന്‍റെ ശിഷ്യനുമാണ്. അഞ്ചു വർഷമായി പരസ്പരം അറിയാം. അവൻ പഠിക്കുന്ന വിഷയത്തിന് ട്യൂഷൻ കൊടുക്കാൻ വീട്ടുകാർ പറഞ്ഞപ്പോൾ ആദ്യം മടിച്ചു. എങ്കിലും പിന്നീട് അവൻ ഉൾപ്പടെ ഒരുപാടു കുട്ടികളുടെ അധ്യാപികയാകാൻ കഴിഞ്ഞു. ഭർത്താവിന്‍റെ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിൽ മറ്റൊരു ജോലി വേണ്ട എന്ന തീരുമാനം വിവാഹത്തിന് മുമ്പുതന്നെ എടുത്തിരുന്നു. സാമ്പത്തിക സുരക്ഷിതത്വം ആവോളം ഭർത്താവിന് ഉണ്ടല്ലോ. ട്യൂഷൻ തുടങ്ങിയെങ്കിലും വീട്ടുകാര്യങ്ങളിലോ ഭർത്താവിന്‍റെയോ കുട്ടികളുടെയോ കാര്യങ്ങളിൽ ഒരു കുറവും വന്നില്ല. അമ്മായിഅച്ഛന്‍റെയും അമ്മയുടെയും പ്രിയപ്പെട്ട മരുമകൾ തന്നെ. ഇങ്ങനെ ശാന്തമായി ജീവിതം മുന്നോട്ടു പോകുന്നതിന്‍റെ ഇടയ്ക്കാണ് മനസ്സിൽ അനിൽ എന്ന ശിഷ്യനോട് അമിതമായ ഒരു അടുപ്പം. അവനെ ചുറ്റിപ്പറ്റി നിറഞ്ഞുനിൽക്കുന്ന സ്വാർത്ഥത. തന്‍റെ മനസ്സിന് എന്താണ് സംഭവിക്കുന്നത് എന്നറിയാത്ത വെപ്രാളം. അനിൽ ഇത് തിരിച്ചറിഞ്ഞാൽ ഉണ്ടാകുന്ന നാണക്കേട് ആദ്യമൊക്കെ ഉണ്ടായിരുന്നു. എങ്കിലും പിന്നെ ബാലിശമായ പെരുമാറ്റരീതികൾ അവനോടു പ്രകടിപ്പിക്കാൻ തുടങ്ങി. അദ്ധ്യാപിക മാത്രമല്ല, അവന്‍റെ അമ്മയുടെ സുഹൃത്തുമാണ്..! അവനെ കല തെറ്റിദ്ധരിക്കരുത്. മോശമായ ഒരു വാക്കോ പ്രവൃത്തിയോ ഇന്നേവരെ ഉണ്ടായിട്ടില്ല.''
അവരെ തന്നെ നോക്കി ഇരിക്കുന്ന എന്നോട് പറയുകയും കരയുകയും ചെയ്യുന്നു. സംഘർഷങ്ങൾക്ക് നടുവിൽ ഒരു സ്ത്രീ എത്രത്തോളം തളരുമോ അത്രത്തോളം അവർ ആയിട്ടുണ്ട്. മരുന്നിനും മന്ത്രത്തിനും രക്ഷിക്കാൻ കഴിയാത്ത ചില അവസ്ഥകൾ ഉണ്ട് മനസ്സിന്. അവനവന്‍റെ കൈയിലാണ് അതിന്‍റെ പോംവഴി. അത്രമേൽ സ്നേഹിക്കുകയും കൊതിപ്പിക്കുകയും ചെയ്യുന്ന ചിലരുടെ മുഖം മനസ്സിൽ പതിഞ്ഞു മായാതെ നിന്നാൽ ഉണ്ടാകുന്ന വിഭ്രാന്തി. ഇളകിമറിയുന്ന സ്വന്തം മനസിനെ അടക്കാൻ ക്ലേശിക്കുന്നതിന്‍റെ പിരിമുറുക്കം.
പ്രണയാഭ്യർത്ഥന നിരസിച്ചു: 15കാരിയായ ബംഗാളി ബാലികയെ കുത്തിക്കൊന്നു
നാല്പതുകളിൽ നിൽക്കുന്ന ഒരു സ്ത്രീയുടെ, ഹോർമോൺ പ്രശ്നങ്ങൾ എന്ന് അടിവരയിട്ടു ചികിൽസിക്കാൻ പറ്റുമോ? ഉത്തമമായ മനസ്സും അധമമായ ഒരു മനസ്സും ഒരേപോലെ എല്ലാവരിലും ഉണ്ട്. ഏതു ചിന്തയാണ് ശരി, ഏതാണ് തെറ്റ് എന്നത് വ്യക്തി നിശ്ചയിക്കണം. ''എന്‍റെ മോളുടെ വരനായി അവനെ ഞാൻ സങ്കൽപ്പിക്കുന്നു, പിന്നെയെന്നും എന്‍റെ മുന്നിൽ ഉണ്ടാകുമല്ലോ.'' അകക്കണ്ണ് കെട്ടിയ അവസ്ഥയിൽ, സ്വന്തം ചുവടുകൾ ഉറപ്പുള്ളതാണോ എന്ന് തിരിച്ചറിയാതെ അവർ പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. ''അത് ഞാൻ അവനോടു പറഞ്ഞപ്പോൾ അത് ശരിയാകില്ല ടീച്ചർ എന്നാണ് അവന്‍റെ മറുപടി. അതെന്താകും കല? എന്തുകൊണ്ടാകും എന്‍റെ മകളെ അവനു ഇഷ്‌ടപ്പെടാത്തത്? അവൾ ഫാഷൻ കൂടുതലുള്ള ഒരു കുട്ടിയാണ്. അത് കൊണ്ടാകുമോ? അവന്‍റെയുള്ളിൽ ഇനി എന്നെപോലെ നാട്ടിൻപുറത്തെ സങ്കല്പം ആണെങ്കിലോ?"
ഒരുപാട് ആഴത്തിൽ ചെന്ന് കണ്ടുപിടിക്കേണ്ട മനസ്സാണ്.
എല്ലാ സ്ത്രീപുരുഷ ബന്ധവും ലൈംഗികതയ്ക്ക് വേണ്ടി ഉടലെടുക്കുന്ന ഒന്നല്ല. പക്ഷേ, മനസിന്‍റെ കടിഞ്ഞാൺ അതിരില്ലാത്ത വൈകാരിക അവസ്ഥയിൽ അങ്ങേയറ്റത്തെ മനസ്സിനോട് എപ്പോഴും ചേർന്ന് നിൽക്കുന്നു. എങ്കിൽ മകനെ പോലെ, ആങ്ങളയെ പോലെ, വെറും ഒരു സുഹൃത്തിനെ പോലെ ആയിത്തീരില്ല. ആ സ്ത്രീയിൽ കുറ്റബോധം വളർത്തിയെടുക്കാൻ അല്ല കൗൺസിലിങ്ങിനു വന്നത്. ദൗർബല്യം മനുഷ്യസഹജമാണ്. അത് സ്വയം അംഗീകരിക്കുക. അവനവനോട് സത്യസന്ധത പുലർത്തേണ്ടത് ആവശ്യമാണ്. ചെറുപ്പകാലങ്ങൾ മുതൽ ലഭിച്ചു വരുന്ന സദാചാരവിശ്വാസങ്ങൾ ആണ് നമ്മെ നിയന്ത്രിക്കുന്നത്. എന്നാൽ മനസുകൊണ്ട് ഏതൊക്കെയോ ഘട്ടങ്ങളിൽ വ്യതിചലിച്ചു എന്നും വരാം. ജീവിതത്തിൽ താൻപോലും തിരിച്ചറിയാത്ത വിരസത പോലും വില്ലനായി മാറാം.
"എന്തുകൊണ്ടാണ് ഞാൻ ഈ പയ്യനോട് മനസുകൊണ്ട് അടുത്തത് എന്നറിയില്ല. തെറ്റായി ഒന്നും സംഭവിച്ചിട്ടില്ല. എന്നെ അങ്ങനെ ഒരു കണ്ണോടെ കാണരുതേ'' - അറിവും ലോകപരിചയവും ഒരുപാടുള്ള ഒരു സ്ത്രീയോട് കൗൺസലർ ആയ ഞാൻ എന്താണ് പറയേണ്ടത്. കണ്ടറിയാത്ത തൊട്ടറിയാത്ത മനസ്സിന്‍റെ മറ്റേതോ താളം. ''അവനെ ഒരു ദിവസം കണ്ടില്ലെങ്കിൽ മിണ്ടാൻ പറ്റിയില്ലെങ്കിൽ സമനില തെറ്റുകയാണ്''. "തെളിഞ്ഞ നിലപാട് എടുക്കേണ്ട സമയമാണ്.
അല്ലെങ്കിൽ ജീവിതം കൈവിട്ടു പോകും" - കൗൺസലർ ആയ ഞാൻ പറഞ്ഞു.
''ഭർത്താവിനത്ര ഇഷ്‌ടമാകുന്നില്ല അവനോടു ഞാനിത്ര താല്പര്യം കാണിക്കുന്നത്''- പങ്കാളിയെ നന്നായി സ്നേഹിക്കുന്ന ഒരുവൻ അല്ലേൽ ഒരുവളാണെങ്കിൽ, ഒന്ന് സൂക്ഷിച്ചു നോക്കിയാൽ മതി എത്ര വലിയ രഹസ്യം ഉള്ളിൽ ഒതുക്കിയാലും അത് മുഖത്ത് പാടകെട്ടി നില്കുന്നത് കണ്ടു പിടിക്കും. ചോദ്യങ്ങൾക്കു മുമ്പിൽ മൊഴി മുട്ടിപോകുക തന്നെ ചെയ്യും. തങ്ങൾക്കിടയിലുള്ള ദൂരം വലിയ അകലമായി എന്ന് തിരിച്ചറിയുന്ന നിമിഷം. ആ നേരങ്ങളിൽ ഉണ്ടാകുന്ന നെഞ്ചുരുക്കം ഉണ്ടല്ലോ. അനുഭവസ്ഥർക്കു മാത്രം ഊഹിക്കാവുന്ന അവസ്ഥ. തൊണ്ടയ്ക്കകത്ത് ചുറ്റിത്തിരിഞ്ഞ വലിയൊരു കരച്ചിൽ പിന്നെ പകയായി തീരും. അവിടെ സ്ത്രീയെന്നോ പുരുഷനെന്നോ ഉണ്ടാകില്ല. അത്തരം ചില വസ്തുതകളെ ഉൾക്കൊണ്ട് കൊണ്ട് ജീവിക്കണം എന്ന് കോടതി വിധിച്ചാൽ പോലും മനസു തിരിഞ്ഞു നിൽക്കും. എന്‍റേതെന്ന സ്വാർത്ഥത ഇല്ലാത്ത ബന്ധം ഉണ്ടാക്കിയെടുക്കാൻ കോടതിക്കോ നിയമത്തിനോ സാധ്യമാകുന്നതാണോ? മനസാണ് അതിനുള്ളിലെ നിലപാടുകൾ തേച്ചു മായ്ച്ചു കളയാൻ അത്ഭുതങ്ങൾ കണ്ടെത്തണം.
ആലപ്പുഴയിൽ പത്താം ക്ലാസുകാരനെയും അധ്യാപികയെയും കാണാതായ വാർത്ത. എന്താണ് അവർക്കിടയിൽ ഉള്ള ബന്ധം എന്നറിയില്ല. ആർക്കും സത്യാവസ്ഥ അറിയാൻ താല്പര്യവുമില്ല.
സ്വന്തം അമ്മയേക്കാൾ അദ്ധ്യാപികയെ സ്നേഹിക്കുന്ന ശിഷ്യന്മാരുണ്ട്. മക്കളേക്കാൾ അവരെ സ്നേഹിക്കുന്ന സ്നേഹിക്കപെടുന്ന അനവധി അവസരങ്ങൾ. മസാലയിട്ടു ഇത്തരം വാർത്തകൾ പുറത്തേക്കു വന്നാൽ മാത്രമേ, അതിനു കൂടുതൽ വായനക്കാരും ഉണ്ടാകൂ.വഴിതെറ്റി പോകുന്ന ഗുരുശിഷ്യബന്ധങ്ങൾ ഇല്ലാതില്ല, മറ്റൊരു കേസും ഓർത്തു. എന്‍റെ അടുത്തു കൗൺസലിങ്ങിനു എത്തിയ ഒന്ന്.മകളുടെ സഹപാഠിയായ പയ്യനോടുള്ള അമ്മയുടെ പ്രണയവും ശാരീരികമായ അടുപ്പവും. അതിനുള്ള തെളിവുകൾ മൊബൈലിൽ ഉണ്ടായിരുന്നു. പയ്യന്‍റെ വീട്ടുകാർ അത് കണ്ടുപിടിക്കുകയും വലിയ പ്രശ്നമായി തീരുകയും ചെയ്തു. പക്ഷേ, അവന് ആ ബന്ധത്തിൽ നിന്നും മാറാനാകുന്നില്ല.
ഇത്തരം സമൂഹം ആരോപിക്കുന്ന കുത്തഴിഞ്ഞ ബന്ധങ്ങൾ എക്കാലത്തും ഉണ്ടായിട്ടുണ്ട്.
കൗമാരത്തിൽ ശാരീരികമായും മാനസികമായും അടുപ്പം തോന്നിയ സ്ത്രീയെ മറക്കാൻ എത്ര പ്രായമായാലും പുരുഷന് കഴിയാറില്ല.
പ്രായത്തിൽ മുതിർന്ന സ്ത്രീകളോട് അടുപ്പം തോന്നാത്ത കുമാരന്മാർ വിരളം. മുതിർന്ന പുരുഷനും അവനേക്കാൾ ഇളയ സ്ത്രീയും ആണ് സമൂഹം അംഗീകരിക്കുന്ന ബന്ധം. പുരുഷന് അവനേക്കാളും മുതിർന്ന സ്ത്രീയോട് ലൈംഗികമായോ അല്ലെങ്കിൽ അതിനുമുപരിയായി തോന്നുന്ന അല്ലെങ്കിൽ ഉണ്ടാകുന്ന അടുപ്പവും ബന്ധവും പുറംലോകത്തേക്ക് അധികം വരാറില്ല.
അതവന്‍റെ ഉള്ളിലെ വിചിത്ര ഭാവനയായി രഹസ്യമായി നിലനിൽക്കുക തന്നെ ചെയ്യും. അത്ഭുതപ്രതിഭാസമാണ് ചില ഏടുകൾ. ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ ആയിത്തീരുന്ന ഓർമ്മകൾ! വിട്ടു പോകാൻ പറ്റാത്ത ആഴമുള്ള മുറതെറ്റിയ ബന്ധങ്ങൾ!ഏത് മനഃശാസ്ത്രഞ്ജന്‍റെ ഡയറിയിലും ഇത്തരം എത്രയോ കേസുകൾ ഉണ്ടാകാം.
