എന്താണ് ആഫ്രോ? ആഫ്രിക്കൻ വംശജർക്കിടയിൽ പ്രചാരമുള്ള ഒരു പ്രത്യേക കേശാലങ്കാര രീതിയ്ക്കാണ് ആഫ്രോ എന്ന് പറയുന്നത്. ചുരുണ്ട മുടി വളരാൻ അനുവദിച്ച് തലയ്ക്കുചുറ്റും വലിയ ഒരു ഗോളത്തിന്റെ ആകൃതിയിൽ വെട്ടിനിർത്തുന്ന ഈ ഹെയർസ്റ്റൈൽ ആഫ്രിക്കൻ അമേരിക്കൻ വംശജരുടെ ചരിത്രത്തിലും പ്രധാനപ്പെട്ട സ്ഥാനമാണ് വഹിക്കുന്നത്. വെള്ളക്കാരുടെ സൗന്ദര്യസങ്കല്പങ്ങൾക്ക് നിരക്കാത്തതിനാൽ കറുത്തവർഗ്ഗക്കാരുടെ സ്വതേയുള്ള ചുരുണ്ട മുടി പലപ്പോഴും പരിഹാസവും വെറുപ്പും ഇടവരുത്തിയിരുന്നു. ഇതിനെതിരെ തങ്ങളുടെ മുടിയുടെ പ്രകൃതിദത്തമായ രൂപം അതുപോലെ നിലനിർത്തിക്കൊണ്ടു പ്രതിഷേധിച്ച അറുപതുകളിലെ യുവാക്കളാണ് തനത് ആഫ്രിക്കൻ ഹെയർസ്റ്റൈലായ ആഫ്രോ വീണ്ടും പ്രചാരത്തിൽ കൊണ്ടുവന്നത്.
advertisement
ഇരുപത്തിനാലു വർഷം കൊണ്ടാണ് 47 കാരിയായ എവിൻ ഡഗസ് തന്റെ ആഫ്രോ വളർത്തിയെടുത്തത്. ഏതാണ്ട് പത്ത് ഇഞ്ചു വീതം ഉയരവും വീതിയും ഉള്ള എവിൻറെ ആഫ്രോ മുടിയുടെ ചുറ്റളവ് കേട്ടാൽ ആരും ഒന്ന് ഞെട്ടും – ഏകദേശം അഞ്ചര അടി! അതുകൊണ്ടു തന്നെ എവിടെച്ചെന്നാലും എവിൻ ഡഗസിന്റെ തലമുടി ശ്രദ്ധാകേന്ദ്രമാണ് താനും. മുടിയ്ക്ക് പ്രത്യേകം സംരക്ഷണം ലഭിക്കുന്ന രീതിയിൽ എണ്ണ തേച്ചും മറ്റു ട്രീട്മെന്റുകൾ ചെയ്തും വളരെ സൂക്ഷ്മതയോടെ ആണ് അവർ മുടി കൈകാര്യം ചെയ്യുന്നത്.
മുടി സ്ട്രെയ്റ്റൻ ചെയ്യുകയോ നിറം കൊടുക്കുകയോ ചെയ്യാതെ ‘നാച്ചുറൽ’ ആയാണ് വളരാൻ അനുവദിക്കുന്നതത്രേ. എങ്കിലും ഇത്രയധികം മുടി ഉള്ളത് കാരണം വല്ലാത്ത ഉഷ്ണം ആയതുകൊണ്ടും, മുടി അധികം ചൂടും പൊടിയും തട്ടാൻ അനുവദിക്കുന്നത് അതിന്റെ ആരോഗ്യത്തിനു നന്നല്ലാത്തതു കൊണ്ടും മിക്കവാറും എവിൻ തന്റെ കേശഭാരം ഉയർത്തിക്കെട്ടുകയോ മെടഞ്ഞു സൂക്ഷിക്കുകയോ ആണ് പതിവ്. എങ്കിലും ആഫ്രോ രീതിയിൽ മുടി സ്റ്റൈൽ ചെയ്യുന്നതോടെ താൻ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം ആയി മാറുക പതിവാണെന്നും, ആളുകൾ കൗതുകത്തോടെ നോക്കുകയും യാതൊരു പരിചയവുമില്ലാത്തവർ പോലും തൊട്ടുനോക്കാൻ ശ്രമിക്കാറുണ്ടെന്നും അവർ പറയുന്നു. ലൂസിയാനയിലെ ചൂടിൽ ചിലപ്പോഴെങ്കിലും തന്റെ ഹെയർസ്റ്റൈൽ ബുദ്ധിമുട്ടിക്കാറുണ്ടെന്നും അവർ തുറന്നുപറഞ്ഞു. എന്നാൽ ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയായി അംഗീകരിക്കപ്പെടുന്നത് വലിയ ബഹുമതിയാണെന്നും എവിൻ കൂട്ടിച്ചേർത്തു.