ഇതുപോലുള്ള പ്രണയ കഥകളുടെ വാർത്തകൾ യഥാർത്ഥ ജീവിതത്തിലും നമ്മൾ കേട്ടിട്ടുണ്ടാകും. ഇത്തരത്തിൽ ഒരു വാർത്തയാണ് അഫ്‌സാന ബീബി എന്ന ബംഗ്ലാദേശ് യുവതിയുടേത്. 'വീർ-സാറ'യിലെ വീറിനെ പോലെ തന്റെ കാമുകനെ കണ്ടെത്താൻ അതിർത്തി കടക്കുകയും എന്നാൽ ജയിലിൽ അകപ്പെടുകയും ചെയ്തിരിക്കുകയാണ് അഫ്‌സാന ബീബി. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് അഫ്‌സാന ബീബിയെ പിടികൂടുകയായിരുന്നു.
ബംഗ്ലാദേശിലെ ബഗുരയിലെ സിബ്ഗഞ്ചിൽ നിന്നുള്ള അഫ്‌സാന ബീബി 6 മാസം മുൻപാണ് സോഷ്യൽ മീഡിയ വഴി തുഫംഗഞ്ചിലെ കൂച് ബെഹാറിലുള്ള ഹസൻ അലിയെ പരിചയപ്പെടുന്നത്. തുടർന്നുള്ള നാളുകളിൽ താമസിയാതെ ഇരുവരും പ്രണയത്തിലാകുകയായിരുന്നു.
advertisement
വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചതോടെ പ്രണയം വീട്ടിൽ അവതരിപ്പിച്ചു. അഫ്‌സാന ബീബിയുടെ കുടുംബം ഈ ബന്ധം അംഗീകരിക്കാം തയ്യാറായില്ല. പ്രത്യേകിച്ച് അഫ്‌സാനയുടെ 'അമ്മ. അവർക്ക് അഫ്‌സാനയെ ഒരു ബംഗ്ലാദേശി യുവാവുമായി വിവാഹം കഴിപ്പിക്കണം എന്നായിരുന്നു ആഗ്രഹം. ഒരുപാടു തവണ അമ്മയെ അനുനയിപ്പിക്കാൻ അഫ്‌സാന ശ്രമിച്ചെങ്കിലും അവർ അതിനു വഴങ്ങിയില്ല. ബംഗ്ലാദേശി പൗരനുമായി മാത്രമേ വിവാഹം അനുവദിക്കുകയുള്ളൂ എന്ന് അവർ അവസാന തീരുമാനം അറിയിച്ചു.
വീട്ടുകാരുടെ തീരുമാനം അംഗീകരിക്കാൻ കഴിയില്ല എന്ന് വന്നതോടെ അഫ്‌സാന വീട്ടിൽ നിന്നും ഒളിച്ചോടാൻ തീരുമാനിച്ചു. തുടർന്ന് ഹസനെ വിവരങ്ങൾ അറിയിക്കുകയും വീട്ടിൽ നിന്നും ഒളിച്ചോടുകയും ചെയ്തു.
പക്ഷെ വിധി മറ്റൊന്നായിരുന്നു. ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് കടന്ന ഇരുപത്തിയൊന്നുകാരിയായ അഫ്‌സാനയെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് പിടികൂടി. ദിൻഹതയിലെ നസിർഹട്ട് ഏരിയയിലെ ബിഘൽതാരി അതിർത്തിയിലൂടെയാണ് അഫ്‌സാന ഇന്ത്യയിലേക്ക് കടന്നത്. ഈ അതിർത്തിയുടെ പ്രത്യേകത എന്താണെന്നുവെച്ചാൽ അവടെ വേലികൾ സ്ഥാപിച്ചിട്ടില്ല എന്നതാണ്. ഇത് മനസിലാക്കിയാണ് അഫ്‌സാന അത് വഴി ഇന്ത്യൻ മണ്ണിലേക്ക് തന്റെ പ്രണയത്തിനായി ഒളിച്ചു കടന്നത്.
എന്നാൽ ബിഎസ്എഫ് ഉദ്യോഗസ്ഥർ അഫ്‌സാനയെ അതിർത്തിയിൽ വെച്ചുതന്നെ പിടികൂടി. തുടർന്ന് ഞായറാഴ്ച അഫ്സാനയെ ദിൻഹത കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് അഫ്സാനയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
“എനിക്ക് ഹസനെ വിവാഹം കഴിക്കണം. അതിനു വേണ്ടിയാണു അപകടമാണെന്ന് അറിഞ്ഞിട്ടും ഞാൻ എന്റെ വീട്ടിൽ നിന്ന് ഒളിച്ചോടി ഇന്ത്യയിലേക്ക് എത്തിയത്” അഫ്സാന പറഞ്ഞു. അഫ്സാനയ്ക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികൾ കണ്ട് തകർന്നു പോയ ഹസൻ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
