അറിവിനെ കൈ കുമ്പിളിലാക്കാന്‍ സെറിബ്രല്‍ പാള്‍സിയെന്ന (Cerebral Palsy) പ്രതിസന്ധിയെ തകര്‍ത്തെറിഞ് ദേശിയ തലത്തില്‍ ഐസര്‍( ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, IISER ) പ്രവേശന പരീക്ഷയില്‍ (Entrance examination) ഉന്നതവിജയം നേടി തിരുവനന്തപുരം ഐസറില്‍ (Trivandrum IISER) പ്രവേശനം ഉറപ്പിച്ചിരിക്കുകയാണ് ആര്യ.
കോഴിക്കോട് അത്താണിക്കല്‍ സ്വദേശിയായ രാജീവിന്റേയും പുഷ്പജയുടേയും മകളാണ് ആര്യ. ജനിച്ച് രണ്ടാം നാള്‍ വന്ന മഞ്ഞപ്പിത്തം, തക്ക സമയത്ത് ചികിത്സ ലഭിക്കാതെ, ബ്രെയ്ന്‍ സെല്ലുകളെ ബാധിച്ചതാണ് ആര്യയുടെ ജീവിതം മാറ്റി മറിച്ചത്.
advertisement
90% സെറിബ്രല്‍ പാള്‍സി ബാധിച്ചെങ്കിലും പഠിത്തത്തില്‍ ആര്യ ഒട്ടും പിറകിലല്ല. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക അനുകൂല്യങ്ങളൊന്നും ഇല്ലാതെ എല്ലാം തികഞ്ഞവരോട് ഏറ്റുമുട്ടി ആര്യ സ്വന്തമാക്കിയത് യൂണിസെഫിന്റെ ചൈല്‍ഡ് അച്ചിവമെന്റ് അവാര്‍ഡ് അടക്കം നിരവധി നേട്ടങ്ങളാണ്.
രണ്ടാം ക്ലാസ്സ് മുതല്‍ ക്വിസിലും മറ്റു മത്സരങ്ങളിലും സ്ഥിരം സാനിധ്യമാണ് ആര്യ രാജ്. അക്കാദമിക് രംഗത്തും, പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളിലും നിരവധി നേട്ടങ്ങള്‍ കൈവരിച്ച ആര്യ പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുന്നതും ഏറ്റവും ചെലവ് കുറഞ്ഞതുമായ ജലസംരക്ഷണ മാര്‍ഗ്ഗത്തെ കുറിച്ചുള്ള പ്രോജക്ട് ശാസ്ത്രമേളകളിലും, നേഷണല്‍ ചില്‍ഡ്രന്‍ സയന്‍സ് കോണ്‍ഗ്രസ്സിലും അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്.
വെസ്റ്റ് ഹില്‍ ചുങ്കം യു. പി സ്‌കൂളിന് ആദ്യമായി ക്വിസ്സിലെ നെഹ്റു ചാമ്പ്യന്‍സ് ട്രോഫി നേടി കൊടുത്തതും ഈ കൊച്ചു മിടുക്കിയാണ്. എല്‍. എസ്. എസ്, യു. എസ്. എസ്. തുടങ്ങിയ സ്‌കോളര്‍ഷിപ്പുകളും പുരസ്‌കാരങ്ങളും സ്വന്തമാക്കിയ ആര്യ കോടീശ്വരന്‍ പരിപാടിയിലൂടെ അവതാരകന്‍ സുരേഷ് ഗോപിയുടെ മനം കവര്‍ന്ന തരവുമാണ്.
2018-19ല്‍ മിക്കവിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്ക് സഹിതം SSLCക്ക് ഫുള്‍ A+ നേടിയാണ് വിജയിച്ചത്. പ്ലസ് ടു പരീക്ഷയില്‍ 1200ള്‍ 1200 മാര്‍ക്കും സ്വന്തമാക്കിയ, അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ പ്രിയപ്പെട്ട ആര്യ കോഴിക്കോട് വെസ്റ്റ് ഹില്‍ സൈന്റ്‌റ് മൈക്കിള്‍സ് സ്‌കൂളിന്റെ ചരിത്രത്തില്‍ ആദ്യമായി വലിയ നേട്ടം കൈ വരിച്ച താരവും കൂടിയാണ്.
ശാസ്ത്രമാണ് ആര്യയുടെ ജീവിതം, ശാസ്ത്രജ്ഞയാവുക എന്നതാണ് ആര്യയുടെ സ്വപ്നം. നാസ, സ്‌പേസ് എക്‌സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നടക്കുന്ന, ആസ്‌ട്രോബയോളജിയിലെ ഗവേഷണ പഠനങ്ങള്‍ ഇന്ത്യയിലേക്കും എത്തിക്കണമെന്നാണ് ആര്യയുടെ ആഗ്രഹം. ഇക്കാര്യത്തില്‍ ആര്യയുടെ പ്രചോദനം സ്റ്റീഫന്‍ ഹോക്കിന്‍സ്, എ. പി. ജെ. അബ്ദുല്‍ കലാം എന്നീ മഹാന്മാരാണ്.
ആസ്ട്രോണമി പഠിക്കാനിഷ്ടപ്പെടുന്ന ആര്യയുടെ ഏറ്റവും വലിയ ലക്ഷ്യമായിരുന്നു ഐസര്‍. എല്ലാ പരിമിതികളെയും കരുത്തോടെ തോല്‍പ്പിച്ച് പരീക്ഷയില്‍ PWD വിങാഗത്തില്‍ നാലാം റാങ്ക് നേടി അവള്‍ തിരുവനന്തപുരം ഐസറിലിപ്പോള്‍ പ്രവേശനം ഉറപ്പിച്ചു കഴിഞ്ഞു.
പരീക്ഷ എഴുതുന്ന വിഷയങ്ങളില്‍ എല്ലാം തന്നെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നന്നായി സഹകരിച്ചിട്ടുണ്ടെന്നു ആര്യയുടെ അച്ഛന്‍ രാജീവ് പറഞ്ഞു. തുടര്‍ പഠനത്തിനും ചികിത്സക്കും സര്‍ക്കാര്‍ ഒപ്പമുണ്ടാവുമെന്ന് കരുതുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സര്‍ക്കാരിന്റെ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ ഗ്രൂപ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ട കുട്ടിയാണ് ആര്യ.
ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആര്യ അവിടുത്തെ അനുഭവങ്ങള്‍ എല്ലാം ഒരു യാത്ര വിവരണമാക്കി എഴുതിയതിയിട്ടുണ്ട്. യാത്രാവിവരണം, ചെറുകഥ, തുടങ്ങിയവ എഴുതിയിട്ടുണ്ടെങ്കിലും ശാസ്ത്ര പ്രബന്ധങ്ങളിലാണ് കൂടുതല്‍ താല്പ്പര്യം.
തന്റെ പ്രയാസങ്ങളെ ആര്‍ജവം കൊണ്ട് അതിജീവിക്കുകയാണ് ആര്യയിപ്പോള്‍. ശാരീരിക പരിമിതികള്‍ ഒരുപാട് ഉണ്ടെങ്കിലും തന്റെ പരിധികളെ വെല്ലുവിളിച്ചു സ്വപ്നത്തിലേക്ക് കുതിക്കുന്ന ഈ കൊച്ചു മിടുക്കിയുടെ യാത്രയില്‍ ഒപ്പം കൈ പിടിച്ചു അച്ഛനായ രാജീവും അമ്മയുമുണ്ട്.