ഒരു യുഎസ് ഫെഡറൽ ഏജൻസി ആയതുകൊണ്ടു തന്നെ, യുഎസ് പൗരന്മാരെ മാത്രമേ നാസയിൽ ജീവനക്കാരായി നിയമിക്കുകയുള്ളൂ. എന്നാൽ അക്ഷതക്ക് ഇന്ത്യൻ പൗരത്വം മാത്രമേ ഉള്ളൂ എന്നതും ശ്രദ്ധേയമാണ്.
ചൊവ്വയുടെ സാമ്പിളുകൾ ഭൂമിയിലേക്ക് കൊണ്ടുവരാനായി അയച്ച പെർസെവറൻസ് (Perseverance) എന്ന റോവർ നിയന്ത്രിക്കുന്നത് ഡോക്ടർ അക്ഷത കൃഷ്ണമൂർത്തിയാണ്. ഒരു കാറിന്റെ വലിപ്പം ഉള്ളതാണ് ഈ പര്യവേഷണ വാഹനം. ട്രാൻസിറ്റിംഗ് എക്‌സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ്, ആർക്‌സെക്കൻഡ് സ്‌പേസ് ടെലിസ്‌കോപ്പ് എനേബിളിംഗ് റിസർച്ച് ഇൻ ആസ്‌ട്രോഫിസിക്‌സ്, നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ തുടങ്ങിയ നാസയുടെ മറ്റ് ദൗത്യങ്ങളിലും അക്ഷത നേതൃനിരയിൽ തന്നെ പ്രവർത്തിച്ചിട്ടുണ്ട്.
മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും എയ്റോനോട്ടിക്സിലും ആസ്ട്രോനോട്ടിക്സിലും പി.എച്ച്.ഡി നേടിയിട്ടുള്ള ആളാണ് അക്ഷത കൃഷ്ണമൂർത്തി. അടുത്തിടെയാണ് അക്ഷത നാസയിലെ തന്റെ ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
''13 വർഷങ്ങൾക്ക് മുൻപാണ് നാസയിൽ ജോലി ചെയ്യണം എന്ന സ്വപ്നവുമായി ഞാൻ അമേരിക്കയിൽ എത്തിയത്. ഭൂമിയുമായും ചൊവ്വയുമായും ബന്ധപ്പെട്ടുള്ള നാസയുടെ വിവിധ ദൗത്യങ്ങൾക്ക് നേതൃത്വം നൽകാനായതെല്ലാം ഒരു സ്വപ്നം പോലെയാണ് ഞാൻ കരുതുന്നത്. വിസയെടുത്താണ് ഇവിടെ വന്നത്. ഒരു വിദേശ പൗരയായിത്തന്നെ ഇവിടെ ജീവിക്കുന്ന ഞാൻ ഉടൻ തന്നെ ഒരു പ്ലാൻ ബി ഉണ്ടാക്കണം എന്ന് കണ്ടുമുട്ടുന്ന എല്ലാവരോടും ഞാൻ പറയുമായിരുന്നു. പിഎച്ച്‌ഡി നേടുന്നതും നാസയിൽ ഒരു മുഴുവൻ സമയ ജോലി ലഭിച്ചതും... അത്ര എളുപ്പമായിരുന്നില്ല. അതിനായി പല വാതിലുകളിലും മുട്ടി. ഇന്ന്, ചൊവ്വയിൽ നിന്നും ഭൂമിയിലേക്ക് കൊണ്ടുവരാൻ സാമ്പിളുകൾ ശേഖരിക്കുന്ന പെർസെവറൻസ് റോവറിന്റെ പ്രവർത്തനം ഉൾപ്പെടെയുള്ള, നാസയുടെ നിരവധി ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായി ഞാൻ പ്രവർത്തിക്കുന്നുണ്ട്. നിങ്ങളിൽ തന്നെ സ്വയം വിശ്വസിക്കുക, സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി കഠിനാധ്വാനം ചെയ്യുക. നിങ്ങൾ ആഗ്രഹിച്ച സ്ഥാനത്ത് ഒരിക്കൽ എത്തിച്ചേരുമെന്ന് ഞാൻ ഉറപ്പു നൽകുന്നു", അക്ഷത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
57,000 പേരാണ് ഇതിനകം ഡോ.അക്ഷത കൃഷ്ണമൂർത്തിയുടെ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. അക്ഷതക്കുള്ള അഭിനന്ദനങ്ങളാണ് കമന്റ് ബോക്സിൽ നിറയെ. നിരവധി പേർ ഈ പോസ്റ്റ് ഷെയർ ചെയ്യുന്നുമുണ്ട്.