ഫ്രാൻസിലെ മൂന്ന് ദശലക്ഷത്തോളം വരുന്ന സ്ത്രീകൾക്ക് പ്രയോജനം ലഭിക്കുന്ന ഈ പദ്ധതിയിൽ ഗർഭനിരോധന ഗുളികകൾ, സ്റ്റിറോയിഡ് ഹോർമോൺ ഗുളികകൾ, ഐയുഡികൾ എന്നിവ അടങ്ങിയ ചികിത്സ മാർഗമാണ് സൗജന്യമായി ലഭ്യമാക്കുക. 25 വയസിനു താഴെയുള്ള സ്ത്രീകൾക്ക് സാമ്പത്തിക പ്രതിസന്ധി കാരണം പലപ്പോഴും ഗർഭ നിരോധന സംവിധാനങ്ങൾ സ്വീകരിക്കാൻ സാധിക്കാറില്ല. ഇതിനൊരു പരിഹാരമെന്ന രീതിയിലാണ് ഇപ്പോൾ സൗജന്യമായി ഗർഭ നിരോധന മാർഗ്ഗങ്ങൾ ഫ്രാൻസിൽ നിലവിൽ വന്നിരിക്കുന്നത്.
18 നും 25 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ സാമ്പത്തികമായും ശാരീരികമായും ദുർബലരാണ്. അവർക്ക് സ്വയം പര്യാപ്തത നേടേണ്ട ആവശ്യകതയുണ്ട്. ഈ സമയങ്ങളിലെ ഗർഭധാരണം പലപ്പോഴും സ്ത്രീകളുടെ പല അവകാശങ്ങളും തടയാൻ കാരണമാകുന്നു. മാത്രമല്ല ഈ പ്രായത്തിലുള്ള ഗർഭ ധാരണവും പ്രസവവുമെല്ലാം എല്ലാ സ്ത്രീകൾക്കും ഉൾകൊള്ളാൻ കഴിഞ്ഞുകൊള്ളണം എന്നില്ല. ഇത് ജനിക്കുന്ന പുതിയ തലമുറയെ ബാധിക്കുമെന്നും ശരിയായ പേരന്റിംഗ് ലഭിച്ചില്ലെങ്കിൽ വരും തലമുറയെ പോലും അത് ദോഷം ചെയ്യുന്ന അവസ്ഥയുമുണ്ടാകുമെന്നും വിദ്യാഭ്യാസവും സ്വയം പര്യാപ്തതയും സ്ത്രീകൾ ആർജിക്കേണ്ടിയിരിക്കുന്നു എന്നും സർക്കാർ വക്താവ് ലൂയിസ് ഡെലാവിയർ വ്യക്തമാക്കി.
advertisement
വികസിത രാജ്യങ്ങളിൽ പോലും പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് സ്ത്രീകൾ സൗജന്യ ഗർഭനിരോധനാം എന്ന നേട്ടം കൈവരിച്ചത് എന്നാൽ ഈ തീരുമാനം മതപരമായും രാഷ്ട്രീയപരമായുമുള്ള നിരവധി ആക്രമണങ്ങൾക്ക് ഇരയായി. യുണൈറ്റഡ് സ്റ്റേറ്റ്സിൽ മുൻ പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ നേതൃത്വത്തിൽ ഒബാമകെയർ എന്നറിയപ്പെടുന്ന ആരോഗ്യ പരിഷ്കരണം നിലവിൽ വന്നിരുന്നു. ഇത് പ്രകാരം ഈ ആരോഗ്യ ഇൻഷുറൻസ് അമേരിക്കൻ പൗരന്മാർക്ക് സൗജന്യ ജനന നിയന്ത്രണം ഉറപ്പാക്കിയിരുന്നു. എന്നാൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ ഈ നടപടി റദ്ദാക്കി.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന യുവതികളുടെ കുറവ് പരിഹരിക്കുന്നതിനാണ് ഈ നടപടിയെന്ന് ഫ്രഞ്ച് ഭരണകൂടം വ്യക്തമാക്കുന്നു. സർക്കാരിന് ഇതിനായി ഏകദേശം 25 മില്യൺ ഡോളർ അധിക ചിലവ് ഉണ്ടാകും. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി ഈ തുക നീക്കി വെക്കുന്നതായി കണക്കാക്കും എന്നും സർക്കാർ അറിയിച്ചു.