കുര്‍ണൂല്‍ കസ്തൂര്‍ബ ഗാന്ധി ബാലികാ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് ജി നിര്‍മ്മല. പാവപ്പെട്ടവര്‍ക്കായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബോഡിംഗ് സ്‌കൂളാണിത്.
പരീക്ഷയിൽ ഉന്നതവിജയം നേടിയ നിര്‍മ്മലയെ അഭിനന്ദിച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രാലയവും രംഗത്തെത്തിയിരുന്നു. എക്‌സിലൂടെയായിരുന്നു വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രതികരണം.
'' ആന്ധ്രാപ്രദേശ് ഇന്റര്‍മീഡിയറ്റ് ബോര്‍ഡ് നടത്തിയ ഒന്നാം വര്‍ഷ ഇന്റര്‍ മീഡിയറ്റ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി ജി നിര്‍മലയ്ക്ക് അഭിനന്ദനം,'' വിദ്യാഭ്യാസ മന്ത്രാലയം പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
advertisement
ഭാവിയില്‍ ഒരു ഐപിഎസ് ഓഫീസര്‍ ആകണമെന്നാണ് നിര്‍മ്മലയുടെ ആഗ്രഹം. നിര്‍മ്മലയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
'' ശൈശവ വിവാഹത്തില്‍ നിന്ന് രക്ഷപ്പെട്ട് വിദ്യാഭ്യാസത്തിന്റെ വഴിയിലേക്ക് എത്തിയയാളാണ് നിര്‍മ്മല. 440ല്‍ 421 മാര്‍ക്ക് നേടിയാണ് നിര്‍മ്മല പരീക്ഷയില്‍ വിജയം കരസ്ഥമാക്കിയിരിക്കുന്നത്. സാമൂഹിക നീതിയോടുള്ള നിര്‍മലയുടെ അര്‍പ്പണബോധമാണ് ഒരു ഐപിഎസ് ഓഫീസറാകണം എന്ന് നിര്‍മ്മലയെ തോന്നിപ്പിച്ചത്. നിര്‍മ്മലയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു,'' പോസ്റ്റില്‍ പറയുന്നു.
കുര്‍ണൂല്‍ ജില്ലയിലെ അഡോണി മണ്ഡലത്തിലെ പെഡ്ഡ ഹരിവനം ആണ് നിര്‍മ്മലയുടെ ജന്മദേശം. കഴിഞ്ഞ വര്‍ഷം നടന്ന എസ്എസ്‌സി പരീക്ഷയിലും നിര്‍മ്മല ഉന്നത വിജയം നേടിയിരുന്നു. 537 മാര്‍ക്കാണ് എസ്എസ്‌സി പരീക്ഷയില്‍ നിര്‍മ്മല നേടിയത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് നിര്‍മ്മലയുടേത്. നിര്‍മ്മലയുടെ മൂന്ന് സഹോദരിമാരേയും മാതാപിതാക്കള്‍ വളരെ ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ചയച്ചിരുന്നു. നിര്‍മ്മലയുടെ വിവാഹവും അവര്‍ ഉറപ്പിച്ചി രുന്നു. നിര്‍മ്മലയെ പഠിപ്പിക്കാനുള്ള കഴിവില്ലെന്നും പ്രദേശത്ത് വേറെ കോളേജുകളൊന്നുമില്ലാത്തതിനാല്‍ ദൂരേക്ക് വിട്ട് പഠിപ്പിക്കാന്‍ കഴിയില്ലെന്നും മാതാപിതാക്കള്‍ നിര്‍മ്മലയോട് പറഞ്ഞിരുന്നു.
എന്നാല്‍ നിര്‍മ്മല വിവാഹത്തിന് തയ്യാറായില്ല. ഒരു പൊതുപരിപാടിയ്ക്കിടെ വൈഎസ്ആര്‍സിപി നേതാവായ വൈ. സായ്പ്രസാദ് റെഡ്ഡിയെ കണ്ട നിര്‍മ്മല തന്റെ അവസ്ഥ അദ്ദേഹത്തോട് പറഞ്ഞു. ഇത് മനസിലാക്കിയ അദ്ദേഹം ജില്ലാ കളക്ടര്‍ ജി. ശ്രുജനയോട് നിര്‍മ്മലയുടെ വിഷയത്തില്‍ അടിയന്തിരമായി ഇടപെടാന്‍ ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്നാണ് ശൈശവ വിവാഹത്തില്‍ നിന്ന് നിര്‍മ്മലയുടെ കുടുംബം പിന്മാറിയത്. ശേഷം ജില്ലാ കളക്ടര്‍ നിര്‍മ്മലയ്ക്ക് കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തിൽ അഡ്മിഷന്‍ ശരിയാക്കി കൊടുക്കുകയും ചെയ്തു.