ഈ വര്‍ഷത്തെ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന ഒരു വെര്‍ച്വല്‍ ഇവന്റില്‍ - യുഎന്‍ വിമണ്‍ (UN Woman) മേധാവി സിമ ബഹൂസ്, ലിംഗാധിഷ്ഠിത അതിക്രമത്തെ (GBV - Gender-Based Violence) 'ഒരു ആഗോള പ്രതിസന്ധി' എന്നാണ് വിശേഷിപ്പിച്ചത്. ''നമ്മുടെ അയല്‍പക്കങ്ങളിൽ ഭീഷണി നേരിടുന്ന സ്ത്രീകളും പെണ്‍കുട്ടികളുമുണ്ട്. ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍, കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രകൃതി ദുരന്തങ്ങള്‍, ഭക്ഷ്യ അരക്ഷിതാവസ്ഥ, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു,'' സിമ ബഹൂസ് പറഞ്ഞു.
advertisement
70 ശതമാനത്തിലധികം ആളുകള്‍ക്ക് ചില പ്രതിസന്ധി ഘട്ടങ്ങളില്‍ ലിംഗാധിഷ്ഠിത അക്രമങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് യുഎന്‍ വിമണിന്റെഅഭിപ്രായം.
മറഞ്ഞിരിക്കുന്ന അതിക്രമങ്ങൾ
ലിംഗ വിവേചനം സമ്പന്ന രാജ്യങ്ങളിലും ദരിദ്ര രാജ്യങ്ങളിലും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള ആക്രമണങ്ങൾക്ക് ആക്കം കൂട്ടി. ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു. അപമാനം, ലജ്ജ, കുറ്റവാളികളെക്കുറിച്ചുള്ള ഭയം, സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാത്ത നീതിന്യായ വ്യവസ്ഥ ഇവയൊക്കെയാണ് സ്ത്രീകളെ നിശബ്ദമാക്കുന്നതെന്ന് യുഎന്‍ വനിതാ മേധാവി വ്യക്തമാക്കി.
കൂടാതെ, കോവിഡ് 19 പകര്‍ച്ചവ്യാധിയും നിലവില്‍ സ്ത്രീകള്‍ക്കെതിരായ അക്രമണത്തിന് കാരണമായിട്ടുണ്ട്. ലോകത്തിന്റെ എല്ലാ കോണുകളിലും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള (VAWG - violence against women and girls) ഹെല്‍പ്പ് ലൈനുകളിലേക്ക് എത്തുന്ന റിപ്പോര്‍ട്ടുകളുടെ വര്‍ദ്ധനവിനെ സംബന്ധിച്ചും സിമ ബഹൂസ് വിശദീകരിച്ചു.
പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല
ഇതൊക്കെയാണെങ്കിലും ഇക്കാര്യങ്ങളിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെന്നും പുതിയ അവസരങ്ങള്‍ തുറക്കുകയാണെന്നും സിമ ബഹൂസ് പറഞ്ഞു. കഴിഞ്ഞ വേനല്‍ക്കാലത്ത്, ലിംഗാധിഷ്ഠിത അക്രമത്തിനെതിരായി പ്രവര്‍ത്തിക്കാനും ലോകത്തിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 40 ബില്യണ്‍ ഡോളറിന്റെ പദ്ധതികള്‍ ആരംഭിച്ചിരുന്നു. ''നിര്‍ണ്ണായകമായ മേഖലകളില്‍ കൃത്യമായ സാമ്പത്തിക, നയപരമായ പ്രതിബദ്ധതകളും, പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനുള്ള സംരംഭങ്ങളും ഉണ്ടായിരിക്കും: അതിജീവിച്ചവര്‍ക്കായി പിന്തുണാ സേവനങ്ങളും, നിയമ ചട്ടക്കൂടുകളും, താഴെതട്ടിലുള്ള ഓര്‍ഗനൈസേഷനുകള്‍ക്കായുള്ള കൂടുതല്‍ വിഭവങ്ങളും'', യുഎന്‍ വനിതാ മേധാവി ഉറപ്പു നല്‍കി.
'മാറ്റം സാധ്യമാണ്'
'സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഒഴിവാക്കാൻ പറ്റാത്ത ഒന്നല്ലെന്ന്' യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. 'ശരിയായ നയങ്ങളും പദ്ധതികളും ഫലങ്ങള്‍ നല്‍കുന്നു' - അക്രമത്തിന്റെ മൂലകാരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ദീര്‍ഘകാല നടപടികൾ, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കല്‍, ശക്തവും സ്വയംഭരണാധികാരമുള്ളതുമായ സ്ത്രീകളുടെ അവകാശ പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ അക്രമണങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കും. സ്‌പോട്ട്‌ലൈറ്റ് ഇനിഷ്യേറ്റീവില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള പങ്കാളിത്തത്തിലൂടെയാണ് യുഎന്‍ ഈ മാതൃക നിര്‍മ്മിച്ചത്.
പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടു കൂടി - പങ്കാളിത്ത രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം കുറ്റവാളികള്‍ക്കെതിരെയുള്ള നിയമ നടപടികൾ 22 ശതമാനം വര്‍ധിച്ചു. 84 നിയമങ്ങളും നയങ്ങളും പാസാക്കുകയോ ശക്തിപ്പെടുത്തുകയോ ചെയ്തു; കൂടാതെ 650,000ലധികം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ലിംഗാധിഷ്ഠിത അക്രമത്തില്‍ നിന്ന് രക്ഷനേടാനുള്ള സേവനങ്ങള്‍ ലഭ്യമാക്കാനും കഴിഞ്ഞു.
''മാറ്റം സാധ്യമാണ്, നമ്മുടെ ശ്രമങ്ങള്‍ ഇരട്ടിയാക്കാനുള്ള സമയമാണിത്, അതിലൂടെ, 2030-ഓടെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ നമുക്ക് കഴിയും'', അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്ക് അതിരുകളില്ല
ലിംഗാധിഷ്ഠിത അതിക്രമത്തിന്റെ ഒരു സ്വഭാവം അതിന് സാമൂഹികമോ സാമ്പത്തികമോ ആയ അതിരുകളൊന്നും ഇല്ലെന്നും എല്ലാ സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തിലുള്ള സ്ത്രീകളെയും പെണ്‍കുട്ടികളെയും അത് ബാധിക്കുന്നുവെന്നും ജനറല്‍ അസംബ്ലി പ്രസിഡന്റ് അബ്ദുല്ല ഷാഹിദ് പറഞ്ഞു. ''വികസ്വര രാജ്യങ്ങളിലും വികസിത രാജ്യങ്ങളിലും ഈ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്,'' അദ്ദേഹം അഭിപ്രായപ്പെട്ടു.
ലിംഗാധിഷ്ഠിത അക്രമങ്ങള്‍ പെരുകുന്നു
ഏറ്റവും പുതിയ ആഗോള കണക്കുകള്‍ പ്രകാരം, 15 വയസും അതില്‍ കൂടുതലുമുള്ള മൂന്നിലൊന്ന് സ്ത്രീകളും അവരുടെ ജീവിതകാലത്ത് ഒരിക്കലെങ്കിലും അടുപ്പമുള്ളതോ ലൈംഗികേതര പങ്കാളിയുടെയോ ശാരീരികമോ/അല്ലെങ്കില്‍ ലൈംഗികമോ ആയ അക്രമത്തിന് വിധേയരായിട്ടുണ്ട്. ഈ സംഖ്യകള്‍ കഴിഞ്ഞ ദശകത്തില്‍ വലിയ മാറ്റമില്ലാതെ തുടരുന്നു. കൂടാതെ കോവിഡിന്റെ ആഘാതം ഇതില്‍ പ്രതിഫലിപ്പിക്കുന്നില്ല.
എങ്കിലും കോവിഡ് പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ഉയര്‍ന്നുവരുന്ന കണക്കുകള്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ എല്ലാത്തരം അതിക്രമങ്ങളും പ്രത്യേകിച്ച് ഗാര്‍ഹിക പീഡനം, തീവ്രമായതായി വെളിപ്പെടുത്തുന്നു.
കോവിഡ് പകര്‍ച്ചവ്യാധി
കോവിഡ് പകര്‍ച്ചവ്യാധിയുടെ തുടക്കം മുതല്‍, സ്ത്രീകൾക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇത് അവരുടെ മാനസികവും വൈകാരികവുമായ ക്ഷേമത്തെ സാരമായി ബാധിക്കുന്നുവെന്നും യുഎന്‍ വിമന്‍ പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെയുള്ള 16 ദിവസത്തെ ആക്ടിവിസത്തിന് തുടക്കമിട്ടുക്കൊണ്ട്, 'സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തിന്' ഒരു ദിവസം മുമ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് - 13 രാജ്യങ്ങളിലായി പകുതിയോളം സ്ത്രീകളും തങ്ങളോ തങ്ങൾക്ക്അറിയാവുന്ന സ്ത്രീകളോ കോവിഡ് 19 പകര്‍ച്ചവ്യാധി സാഹചര്യത്തില്‍ ലിംഗാധിഷ്ഠിത അതിക്രമം അനുഭവിച്ചതായി പറയുന്നു. ഏകദേശം നാലിലൊന്ന് പേരും ഇപ്പോഴും ഗാര്‍ഹിക പീഡനങ്ങൾ അനുഭവിക്കുന്നുവെന്നും അവര്‍ക്ക് വീടുകളിൽ സുരക്ഷിതത്വം കുറവാണെന്നും പറയുന്നു.
