ഇന്റര്‍നാഷണല്‍ വിമന്‍സ് ഡേ വെബ്‌സൈറ്റ് പ്രകാരം പര്‍പ്പിള്‍, പച്ച, വെള്ള എന്നിവയാണ് അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ നിറങ്ങള്‍. ഈ നിറങ്ങളുടെ ഉത്ഭവം 1908ൽ യുകെയിലെ വിമന്‍സ് സോഷ്യല്‍ ആന്‍ഡ് പൊളിറ്റിക്കല്‍ യൂണിയനില്‍ (ഡബ്ല്യുഎസ്പിയു) നിന്നാണ്. പര്‍പ്പിള്‍ നീതിയും അന്തസ്സും സൂചിപ്പിക്കുന്നു; പച്ച പ്രതീക്ഷയുടെ പ്രതീകമാണ്; വെള്ള വിശുദ്ധിയെ പ്രതിനിധീകരിക്കുന്നു.
ബ്രിട്ടീഷ് വോട്ടവകാശ പ്രസ്ഥാനത്തിന്റെ ഒരു തീവ്ര വിഭാഗമായിരുന്നു ഡബ്ല്യുഎസ്പിയു. 1903ല്‍ മാഞ്ചസ്റ്ററില്‍ എമ്മെലിന്‍ പാന്‍ഖര്‍സ്റ്റ് എന്ന വനിതയാണ് ഈ പ്രസ്ഥാനം സ്ഥാപിച്ചത്. ഡബ്ല്യുഎസ്പിയും, കൂടുതല്‍ യാഥാസ്ഥിതികമായ നാഷണല്‍ യൂണിയന്‍ ഓഫ് വിമന്‍സ് സഫ്റേജ് സൊസൈറ്റീസ് എന്ന സംഘടനയും ചേര്‍ന്നാണ് സ്ത്രീകള്‍ക്ക് വോട്ടവകാശം വ്യക്തമായി നിഷേധിച്ച ഒരു രാജ്യത്ത് (യുകെ) സ്ത്രീകള്‍ക്ക് വോട്ടുചെയ്യാനുള്ള അവകാശത്തിനായി രംഗത്തിറങ്ങിയത്.
advertisement
Also read: Women's Day | വനിതാ ദിനം; റായ്പൂർ വിമാനത്താവളത്തിൽ എയർ ട്രാഫിക് കൺട്രോൾ ചുമതല ഏറ്റെടുത്ത് വനിതാസംഘം
അമേരിക്കന്‍ ഐക്യനാടുകളില്‍ പര്‍പ്പിള്‍, വെള്ള, സ്വര്‍ണ്ണം എന്നീ നിറങ്ങളുടെ ഒരു സംയോജനമായിരുന്നു നാഷണല്‍ വുമണ്‍സ് പാര്‍ട്ടി ഉപയോഗിച്ചിരുന്നത്. 1913 ഡിസംബര്‍ 6-ന് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്താക്കുറിപ്പില്‍ സംഘടന ഈ നിറങ്ങളുടെ അര്‍ത്ഥം വിശദീകരിച്ചിരുന്നു: ''പര്‍പ്പിള്‍ എന്നത് വിശ്വസ്തതയുടെയും ഉറച്ച ലക്ഷ്യത്തിന്റെയും അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്റെയും നിറമാണ്. വെള്ള എന്നത് വിശുദ്ധിയുടെ ചിഹ്നമാണ്, നമ്മുടെ ലക്ഷ്യത്തിന്റെ ഗുണത്തെ അത് പ്രതീകപ്പെടുത്തുന്നു; പ്രകാശത്തിന്റെയും ജീവന്റെയും നിറമായ സ്വര്‍ണ്ണം, വിശുദ്ധവും അചഞ്ചലവുമായ നമ്മുടെ ലക്ഷ്യത്തെ നയിക്കുന്ന അഗ്നിനാളം പോലെയാണ്.''
സ്ത്രീകള്‍ ഉള്‍പ്പടെ കൂടുതല്‍ ആളുകള്‍ക്ക് വോട്ടവകാശം നല്‍കണമെന്ന് വാദിക്കുന്ന സഫ്രജിസ്റ്റ് പ്രസ്ഥാനത്തിന്റെ പതാകകളില്‍ വെള്ള നിറം പലപ്പോഴും സ്ഥാനം കണ്ടെത്തിയിരുന്നു. സ്ത്രീവിരുദ്ധര്‍ പലപ്പോഴും സഫ്രജിസ്റ്റുകളെ പൗരുഷം അനുകരിക്കുന്നവരായും വൃത്തികെട്ടവരായും ചിത്രീകരിച്ചു. ആ വോട്ടവകാശ വിരുദ്ധ മാധ്യമ പ്രതിച്ഛായകളെ പ്രതിരോധിക്കുന്നതിനായി സഫ്രജിസ്റ്റുകള്‍ പരേഡുകളില്‍ പലപ്പോഴും വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നു.
ഈ ദിവസം പര്‍പ്പിള്‍ നിറം ധരിക്കുന്നത്, ലിംഗസമത്വത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നിങ്ങളും മറ്റ് സ്ത്രീകളോടൊപ്പം അണിചേരുന്നുവെന്ന പ്രഖ്യാപനം കൂടിയാണ്.
