രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ രജനി ജോലിയ്ക്കായി സ്ഥിരമായി മത്സരപരീക്ഷകള്‍ എഴുതുന്നുണ്ടായിരുന്നു. എന്നാല്‍, ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഭര്‍ത്താവ് കിടപ്പിലായതോടെ കുടുംബം പ്രതിസന്ധിയിലായി. അമ്മായിയമ്മ ഉള്‍പ്പെടെ അഞ്ചുപേരുടെ കുടുംബം പോറ്റാന്‍ യുവതി പച്ചക്കറി കച്ചവടം തുടങ്ങി. എന്നാല്‍ അതില്‍ നിന്ന് ആവശ്യത്തിന് പണം സമ്പാദിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു രജനി, 10,000 രൂപ ശമ്പളത്തിന് ജിഎച്ച്എംസിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്വീപ്പര്‍ ജോലി ഏറ്റെടുത്തത്.
ഒരു പ്രമുഖ തെലുങ്ക് ദിനപത്രത്തില്‍ അവളുടെ ഈ ദുരവസ്ഥ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇത് ജിഎച്ച്എംസിയില്‍ അധികാരികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും, തുടര്‍ന്ന് മന്ത്രി അവളുടെ യോഗ്യതയ്ക്ക് അനുസൃതമായ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. രജനിയെ മന്ത്രിയുടെ അടുത്തെത്തിച്ച നഗരവികസന സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറി അരവിന്ദ് കുമാര്‍ വാഗ്ദാനം ചെയ്ത ജോലി വെളിപ്പെടുത്തി ഒരു ട്വീറ്റ് പങ്കുവച്ചിരുന്നു. അവളുടെ യോഗ്യതകള്‍ എല്ലാം പരിശോധിച്ച ശേഷമാണ് ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്ന് അദ്ദേഹം ട്വീറ്റില്‍ പരാമര്‍ശിച്ചിരുന്നു.
advertisement
''രണ്ട് പെണ്‍മക്കളുണ്ട്, ദിവസക്കൂലിയില്‍ തൂപ്പുകാരിയായി ജോലി ചെയ്യുന്ന എംഎസ്സി (ഓര്‍ഗാനിക് കെമിസ്ട്രി) ആയ രജനിയുടെ ദുരവസ്ഥ കേട്ടപ്പോള്‍, മന്ത്രി കെ ടി രാമറാവു ഇന്ന് അവളുമായി കണ്ടുമുട്ടി, അവളെ ജിഎംസിയില്‍ (ഔട്ട്സോഴ്സിംഗ്) അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എന്റമോളജിസ്റ്റായി നിയമിക്കുമെന്ന് വാഗ്ദാനവും ചെയ്തു. അവളുടെ യോഗ്യതകള്‍ പരിശോധിച്ചതിന് ശേഷമാണ് ഉത്തരവുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്,'' അരവിന്ദ് കുമാര്‍ ട്വീറ്റ് ചെയ്തു.
രണ്ട് പെണ്‍മക്കളുള്ള രജനിയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് മന്ത്രി ഉറപ്പുനല്‍കുകയും എന്റമോളജി വകുപ്പില്‍ അസിസ്റ്റന്റ് എന്റോമോളജിസ്റ്റ് ആയി ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തപ്പോള്‍ രജനി വളരെയധികം വികാരഭരിതയായിയെന്നാണ് റിപ്പോര്‍ട്ട്. ജിഎച്ച്എംസിയുടെ ചീഫ് എന്റമോളജിസ്റ്റിന്റെ ഓഫീസിലേക്ക് നിയോഗിക്കപ്പെട്ട രജനിയെ തിങ്കളാഴ്ച മുതല്‍ ഡ്യൂട്ടിയില്‍ ചേര്‍ത്തിട്ടുണ്ട്. അവള്‍ക്കായി ഒരു എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടും (ഇപിഎഫ്) ഒരു എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇഎസ്ഐ) അക്കൗണ്ടും ഉടന്‍ ആരംഭിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
വാറങ്കല്‍ ജില്ലയില്‍ നിന്നുള്ള രജനി കര്‍ഷകത്തൊഴിലാളികളുടെ കുടുംബത്തിലാണ് ജനിച്ചത്. സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നിട്ടും മാതാപിതാക്കളുടെ പിന്തുണയോടെ പഠനം തുടര്‍ന്ന യുവതി, 2013 ല്‍ ഒന്നാം ക്ലാസ്സോടെ ജൈവ രസതന്ത്രത്തില്‍ എംഎസ്സി പാസായി. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പിഎച്ച്ഡിക്ക് യോഗ്യത നേടിയെങ്കിലും, അതിനിടയില്‍ രജനിക്ക് ഒരു അഭിഭാഷകനെ വിവാഹം കഴിച്ച് ഹൈദരാബാദിലേക്ക് മാറേണ്ടി വന്നു.
