മകളെയും പ്രായമായ മാതാപിതാക്കളും സംരക്ഷിക്കാൻ ഒരു ജോലി എന്നതായിരുന്നു നീനയുടെ ആദ്യ ലക്ഷ്യം. വീടിനടുത്തുള്ള മരക്കടയിൽ ദിവസവേതനത്തിൽ ജോലിക്ക് കയറി. പത്താം ക്ലാസ് പോലും പാസാകാത്ത ഒരാൾക്ക് ജോലി ലഭിക്കുക അത്ര എളുപ്പമല്ലെന്ന് നീന പറയുന്നു. അങ്ങനെയാണ് വീണ്ടും പഠനം തുടരാൻ തീരുമാനിച്ചത്. തുല്യതാ പരീക്ഷയെഴുതി പത്താംക്ലാസിൽ ജില്ലയിലെ ഏറ്റവും ഉയർന്ന മാർക്കോടെ പാസായി.
ഓപ്പൺ സ്കൂളിൽ ചേർന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കി. ജോലിക്കിടയിലും വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കുന്നതിനിടയിലുമൊക്കെ പഠനത്തിനായി സമയം കണ്ടെത്തി. വക്കീൽ ഓഫീസിൽ ജോലിക്ക് എത്തിയത് മുതലാണ് അഭിഭാഷക എന്ന ആഗ്രഹം മനസ്സിൽ എത്തുന്നത്. പിന്നീടുള്ള പരിശ്രമം അതിനായി. പ്ലസ് ടു കഴിഞ്ഞ് എൽഎൽബി എൻട്രൻസ് പരീക്ഷ എഴുതാൻ ആയി എത്തിയപ്പോൾ പ്രായം കൂടുതലാണെന്ന നിയമതടസ്സം ഉയർന്നു. തുടർന്ന് ഹൈക്കോടതിയിലെത്തി ഹർജി നൽകി നിയമ പോരാട്ടത്തിനൊടുവിൽ എൻട്രൻസ് എഴുതി നിയമ പഠനത്തിനായി എറണാകുളം ലോ കോളജിൽ ചേർന്നു.
advertisement
പ്രതിസന്ധികൾക്കിടയിൽ നീനക്ക് പഠനം എളുപ്പമായിരുന്നില്ല. ജീവിതം തോൽക്കാൻ ഉള്ളതല്ലെന്ന് പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറിയ നീന പറയുന്നു. ജീവിതത്തിലെ കയ്പേറിയ അനുഭവൾക്കിടയിലും മകൾ ലക്ഷ്യസ്ഥാനത്ത് എത്തിയതിൽ സന്തോഷം ഉണ്ടെന്ന് നീനയുടെ അമ്മ ഫ്ളോറി പറയുന്നു. ഹൈക്കോടതിയിൽ നടന്ന നീനയുടെ എൻറോൾമെൻറ് ചടങ്ങ്കാണാൻ കുടുംബമൊന്നാകെ എത്തിയിരുന്നു.
