ഇന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന സോഷ്യൽമീഡിയ ഇൻഫ്ളുവൻസറാണ് നിഹാരിക. ഇൻസ്റ്റഗ്രാമിൽ 3.4 മില്യൺ ഫോളോവേഴ്സ്. ബോളിവുഡ് താരങ്ങൾ മുതൽ പ്രമുഖ ബ്രാൻഡുകൾ വരെ നിഹാരികയ്ക്കൊപ്പം വീഡിയോ ചെയ്യുന്നു. താരങ്ങൾ അവരുടെ സിനിമകൾ പ്രമോട്ട് ചെയ്യാൻ നിഹാരികയ്ക്കൊപ്പം റീൽസിൽ പ്രത്യക്ഷപ്പെടുന്നു.
ഒടുവിൽ കാൻ ചലച്ചിത്രോത്സവ വേദിയിൽ വരെ എത്തിയ ഇരുപത്തിയഞ്ചുകാരി. കാൻ വേൾഡ് ഇൻഫ്ലുവൻസേഴ്‌സ് ആൻഡ് ബ്ലോഗേഴ്‌സിന്റെ യൂത്ത് ഐക്കൺ-എന്റർടെയ്‌നർ ഓഫ് ദ ഇയർ അവാർഡ്, 2020-ൽ കോസ്‌മോപൊളിറ്റൻ എന്റർടെയ്‌നർ ഓഫ് ദി ഇയർ അവാർഡ് തുടങ്ങി ഇരുപത്തിയഞ്ച് വയസ്സിനുള്ളിൽ നിഹാരിക നേടിയ ചില്ലറ നേട്ടങ്ങളല്ല.
advertisement
ബാംഗ്ലൂർ ബിഎംഎസ് കോളേജിൽ നിന്നും കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്ങിൽ ബിരുദത്തിനു ശേഷം കാലിഫോർണിയ ചാപ്മാൻ യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎയും കഴിഞ്ഞാണ് നിഹാരിക ഡിജിറ്റൽ ലോകത്തിലേക്ക് എത്തുന്നത്.
ഇതിനിടയിൽ ഗൂഗിളിൽ നിന്നുള്ള ജോലി പോലും വേണ്ടെന്നു വെച്ചു. ന്യൂസ് 18 റൈസിങ് ഇന്ത്യ ഇവന്റിൽ ഗൂഗിളിൽ നിന്നുള്ള ജോലി ഓഫർ വേണ്ടെന്നു വെച്ചതിനെ കുറിച്ച് നിഹാരിക പറയുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് മൂന്ന് ബിരുദങ്ങൾ നേടിയിട്ടുണ്ട് നിഹാരിക. ഗൂഗിളിൽ നിന്നുള്ള ഓഫർ വേണ്ടെന്നു വെക്കാൻ തീരുമാനിച്ചപ്പോൾ ആദ്യം മാതാപിതാക്കൾ എതിർത്തുവെന്നും നിഹാരിക പറയുന്നു.
മാതാപിതാക്കൾ അവരുടെ പണം മുഴുവൻ മുടക്കിയതു കൊണ്ടാണ് താൻ മൂന്ന് ബിരുദങ്ങൾ നേടിയത്. ഇപ്പോൾ ആ ബിരുദങ്ങൾ എന്തിനാണെന്നു പോലും തനിക്കറിയില്ല. കോവിഡ് പ്രതിസന്ധിക്കു ശേഷമായിരുന്നു ഇത്. വീട്ടുകാരെ പോലെ തന്നെ തന്റേയും സ്വപ്നമായിരുന്നു ഗൂഗിൾ പോലൊരു കമ്പനിയിലെ ജോലി. അത് വേണ്ടെന്നു വെച്ചപ്പോൾ അവർ സ്വാഭാവികമായും ചോദ്യം ഉന്നയിച്ചു.
പിന്നീട്, താൻ അവർക്ക്, ഗൂഗിളിൽ നിന്ന് തനിക്ക് ലഭിക്കുന്ന ശമ്പളവും ഇൻഫ്ലുവൻസറായി തനിക്ക് എത്ര തുക സമ്പാദിക്കാനാകുമെന്നും കാണിച്ചു കൊടുത്തു. മാതാപിതാക്കളെ മനസ്സിലാക്കാൻ കഴിഞ്ഞെങ്കിലും പഠനം പൂർത്തിയാക്കിയതിനു ശേഷം മാത്രം മുഴുവൻ സമയ കണ്ടന്റ് ക്രിയേറ്ററായാൽ മതിയെന്ന ഉടമ്പടി മാതാപിതാക്കൾ വെച്ചുവെന്നും നിഹാരിക.
എന്തായാലും കണ്ടന്റ് ക്രിയേറ്ററായി കോടികൾ വരുമാനമുണ്ടാക്കാമെന്ന് നിഹാരിക തെളിയിച്ചു കഴിഞ്ഞു. സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള റീൽസിൽ ആളുകളെ രസിപ്പിക്കുന്ന മികച്ച കണ്ടന്റുകൾ എങ്ങനെ സൃഷ്ടിക്കാമെന്നതിന് നിഹാരികയെ മാതൃകയാക്കാം. ഒപ്പം മികച്ച വരുമാനവും നേടാം.