ഗീതാ ഗോപിനാഥ് (Gita Gopinath) മുതൽ ലീന നായർ (Leena Nair) വരെ ഈ വർഷം മികച്ച നേട്ടങ്ങൾ കൈവരിച്ച സ്ത്രീകൾ നിരവധിയാണ്. ഇവർ ഇന്ത്യക്കാരായ നിരവധി സ്ത്രീകൾക്ക് പ്രചോദനമാകുകയും ചെയ്തു. ലക്ഷക്കണക്കിന് യുവാക്കളെയും വനിതകളെയും വലിയ സ്വപ്‌നങ്ങൾ കാണാൻ പ്രേരിപ്പിച്ച വ്യക്തിത്വമാണ് ഇവരുടേത്. 50-ാമത്തെ വയസ്സിൽ ബിസിനസ്സ് ആരംഭിച്ച് കോടീശ്വരനായി മാറിയ നൈക സിഇഒ (Nykaa CEO) ഫാൽഗുനി നയ്യാർ (Falguni Nayar) സംരംഭകർക്കിടയിലെ ഒരു വഴികാട്ടിയാണ്. കഴിഞ്ഞ ഒരു വർഷം സ്വന്തം മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച് തിളങ്ങിയ അഞ്ച് വനിതകളെ പരിചയപ്പെടാം.
advertisement
ഗീതാ ഗോപിനാഥ്
മൈസൂരിൽ ജനിച്ച ഗീതാ ഗോപിനാഥ് ഈ മാസം ആദ്യം ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ ആദ്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി നിയമിതയായത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിനുമുമ്പ് ഐഎംഎഫിലെ മുഖ്യ സാമ്പത്തിക വിദഗ്ധയായി ഇവർ സേവനം അനുഷ്ഠിച്ചിരുന്നു. 2022 ജനുവരിയിൽ ഗീതാ ഗോപിനാഥ് തന്റെ പുതിയ പദവി ഏറ്റെടുക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി പറഞ്ഞു. 'ശരിയായ സമയത്ത് ശരിയായ വ്യക്തി' നേതൃപദവി ഏറ്റെടുക്കുന്നു എന്നാണ് ഗീത ഗോപിനാഥിന്റെ പുതിയ നിയമനത്തെക്കുറിച്ച് ഐഎംഎഫിന്റെ മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോര്‍ജീവ പ്രതികരിച്ചത്. "ലോകത്തിലെ പ്രമുഖ മാക്രോ ഇക്കണോമിസ്റ്റുകളിൽ ഒരാളായി അംഗീകരിക്കപ്പെട്ട ഗീതയ്ക്ക് ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുടെ (FDMD) പദവിയ്ക്ക് ആവശ്യമായ വൈദഗ്ധ്യം ഉണ്ടെന്ന് താൻ വിശ്വസിക്കുന്നതായും ”ക്രിസ്റ്റലീന ജോർജീവ പറഞ്ഞു. 2016-18ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്‌ടാവായിരുന്നു. കണ്ണൂർ സ്വദേശി ടി വി ഗോപിനാഥിന്റെയും വിജയലക്ഷ്‌മിയുടെയും മകളാണ് അമേരിക്കൻ പൗരത്വമുള്ള ഗീത.
ഫാൽഗുനി നയ്യാർ
ഫാൽഗുനി നയ്യാർ തന്റെ 50-ാം വയസ്സിലാണ് നൈക എന്ന ഇ-കൊമേഴ്‌സ് ബ്യൂട്ടി പ്ലാറ്റ്‌ഫോം ബിസിനസ്സിന് തുടക്കം കുറിച്ചത്. ഈ വർഷം നവംബറിൽ, 58-ാം വയസ്സിൽ അവർ ഇന്ത്യയിലെ ഏറ്റവും ധനികയായ സെൽഫ് മെയ്ഡ് കോടീശ്വരിയായി മാറി. എഎഫ്‌പി റിപ്പോർട്ട് അനുസരിച്ച്, നയ്യാർ ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്. അടുത്തിടെ ലിസ്‌റ്റ് ചെയ്‌ത നൈകയുടെ ഐപിഒ ആണ് നയ്യാറെ പിന്തുണച്ചത്. ഈ നേട്ടത്തോടെ, നൈക സ്ഥാപകയും സിഇഒയുമായ ഫാൽഗുനി ഇന്ത്യയിലെ ബ്ലൂംബെർഗ് ബില്യണയർ സൂചികയിലെ മറ്റ് ആറ് വനിതാ ശതകോടീശ്വരിമാരോടൊപ്പം ചേർന്നു. “50-ാം വയസ്സിൽ ബിസിനസിൽ യാതൊരു മുൻ പരിചയവുമില്ലാതെയാണ് ഞാൻ നൈക ആരംഭിച്ചത്. നൈകയുടെ യാത്ര നിങ്ങളെ ഓരോരുത്തരെയും നിങ്ങളുടെ ജീവിതത്തിലെ നൈക ('ശ്രദ്ധിക്കപ്പെടുന്നത്' എന്നര്‍ത്ഥത്തില്‍) ആകാൻ പ്രചോദിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (NSE) തന്റെ കമ്പനിയുടെ ലിസ്റ്റിംഗിന് മുന്നോടിയായി അവർ പറഞ്ഞു. നൈക രാജ്യത്തെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഓണ്‍ലൈനില്‍ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു സംരംഭമാണ്. ബിസിനസ് ആരംഭിക്കുന്ന കാലഘട്ടത്തിൽ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങാന്‍ ഇന്ത്യക്കാര്‍ കൂടുതലും ആശ്രയിച്ചിരുന്നത് സമീപത്തെ ചെറുകിട ഷോപ്പുകളെയായിരുന്നു. നൈകയുടെ കടന്നു വരവോടെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങളും വീടുകളിൽ ഇരുന്ന് തന്നെ വാങ്ങാമെന്നായി. കൂടാതെ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ശ്രേണി വിപുലമാക്കിയത്തോടെ നൈക ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ തുടങ്ങി.
ലീന നായർ
ഫ്രഞ്ച് ലക്ഷ്വറി ഗ്രൂപ്പായ ഷാനലിന്റെ പുതിയ ഗ്ലോബൽ ചീഫ് എക്‌സിക്യൂട്ടീവായി ലീന നായരെ (Leena Nair) നിയമിച്ചിരിക്കുകയാണ്. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് ലീന നായർ. ആഗോള തലത്തിൽ ചാനലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായാണ് (സിഇഒ) ലീന നായർ സേവനമനുഷ്ഠിക്കുന്നത്. ചാനലിന്റെ പ്രസ്താവന അനുസരിച്ച് ലീന ജനുവരിയിൽ ഗ്രൂപ്പിൽ ചേരും. ആഗോള കമ്പനികളിൽ ഉന്നത പദവിയിലെത്തുന്ന ഇന്ത്യൻ വംശജരായ സിഇഒമാരുടെ പട്ടികയിൽ ഇതോടെ ലീന നായറും ഇടം നേടി. 52 കാരിയായ ലീന നായർ യൂണിലിവറിന്റെ (Unilever) ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസറായി പ്രവർത്തിക്കുന്ന "ആദ്യത്തെ വനിത, ആദ്യത്തെ ഏഷ്യൻ, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി" എന്നീ ബഹുമതികൾ സ്വന്തമാക്കിയ വ്യക്തിയാണ്. യൂണിലിവർ ലീഡർഷിപ്പ് എക്സിക്യൂട്ടീവിലും ലീന നായർ അംഗമാണ്. ഇന്ത്യയിലെ മികച്ച സ്‌കൂളുകളിലൊന്നായ സേവ്യർ സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽ നിന്ന് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയതിന് ശേഷമാണ് 1992 ൽ ഒരു മാനേജ്‌മെന്റ് ട്രെയിനിയായി ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിൽ ലീന ചേരുന്നത്.
ദിവ്യ ഗോകുൽനാഥ്
എഡ്‌ടെക് പ്ലാറ്റ്‌ഫോമായ ബൈജൂസ് തിങ്ക് & ലേണിന്റെ സഹസ്ഥാപകയായ ദിവ്യ ഗോകുൽനാഥ്, തന്റെ കമ്പനിയെ ഒരു യൂണികോൺ ആക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച സംരംഭകയാണ്. 4.05 ബില്യൺ ഡോളറിന്റെ ആസ്തിയുമായി 35 കാരിയായ ദിവ്യ ഗോകുൽനാഥ് ഫോർബ്സിന്റെ സമ്പന്ന പട്ടികയിലും ഇടം നേടി. ഭർത്താവ് ബൈജു രവീന്ദ്രനെപ്പോലെ, ദിവ്യയും തന്റെ അറിവ് ലോകത്തിന് പകർന്നു നൽകാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്.
രുചി കർള
സോഫ്റ്റ് ബാങ്കിൽ നിന്ന് 160 മില്യൺ ഡോളർ ധനസഹായം ലഭിച്ചതോടെ കഴിഞ്ഞ ജൂലൈയിൽ ഓഫ് ബിസിനസ് (OfBusiness) സഹസ്ഥാപകയായ രുചി കൽറ തന്റെ സ്റ്റാർട്ടപ്പിനെ ഒരു യൂണികോൺ ആക്കി മാറ്റിയിരുന്നു. നിർമ്മാണ, അടിസ്ഥാന സൗകര്യ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് എസ്എംഇകൾക്ക് അസംസ്‌കൃത വസ്തുക്കളുടെ സംഭരണവും ക്രെഡിറ്റും സുഗമമാക്കുന്ന ഒരു സാങ്കേതിക പ്ലാറ്റ്‌ഫോമാണ് OFB (OfBusiness) ടെക്.