തൃശൂരിൽ നിന്നുള്ള പുതിയ സന്ദേശം കേരളത്തിന് മുഴുവൻ മാതൃകയാകട്ടെ എന്ന് ആശംസിച്ചു. വേലു നാച്ചിയാർ സാവിത്രി ഭായ് ഭുലെ എന്നിവരെ സ്മരിക്കുന്നു. കേരളം നിരവധി വീരാംഗനകൾക്ക് ജന്മം നൽകി. എ വി കുട്ടിമാളു അമ്മ, അക്കമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് എന്നിവർ അതിന് ഉദാഹരണങ്ങളാണ്.
കാർത്യാനി അമ്മയും ഭാഗീരഥി അമ്മയും വിദ്യാഭ്യാസത്തിന്റെ ഉത്തമ മാതൃകകൾ ആണ്. നഞ്ചിയമ്മയുടെ സംഗീതവും കായികരംഗത്ത് പി ടി ഉഷയും അഞ്ചു ബോബി ജോർജും ദേശത്തിന് ആകെ ആവേശം എന്ന് മോദി പറഞ്ഞു.
advertisement
രാജ്യം ഇപ്പോൾ സംസാരിക്കുന്നത് മോദിയുടെ ഉറപ്പിനെക്കുറിച്ചാണ് എന്നാൽ സ്തീ ശക്തിയാണ് രാജ്യത്തെ വികസിപ്പിക്കുന്നതിൽ ഉറപ്പ്. സ്ത്രീകൾക്ക് നിയമസഭയിലും ലോക്സഭയിലും സംവരണം നൽകുന്ന ബിൽ കൊണ്ടുവരുന്നതിൽ കോൺഗ്രസും ഇടതുപക്ഷവും എതിര് നിന്നു. എന്നാൽ മോദി 'നാരി ശക്തി അഭിവന്ദനി'ലൂടെ അത് പ്രാബല്യത്തിലാക്കി. മുസ്ലിം സ്ത്രീകൾക്ക് മുത്തലാക്ക് മൂലം ഉണ്ടാകുന്ന വിഷമം മാറ്റാൻ മോദി സർക്കാർ നിയമം കൊണ്ട് വന്നു.
'മോദിയുടെ ഗ്യാരന്റി' സ്ത്രീകൾക്ക് നൽകിയ പദ്ധതികൾ എണ്ണിയെണ്ണി പറഞ്ഞ് പ്രധാനമന്ത്രി
മോദി സർക്കാർ നാലു ജാതികൾക്ക് പ്രാധാന്യം നൽകുന്നു. ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ ഈ ജാതികൾ സുപ്രധാനം. 10 കോടി ഉജ്വല പദ്ധതി, 11 കോടി കുടുംബങ്ങൾക്ക് പൈപ്പ് വെള്ളം, 12 കോടി ശൗചാലയങ്ങൾ, ഒരു രൂപയുടെ സുവിധ സാനിറ്ററി പാഡ്, കേരളത്തിൽ 60 ലക്ഷം, 30 ലക്ഷം മുദ്രാ ലോൺ, 26 ആഴ്ച പ്രസവാവധി, സൈനിക സ്‌കൂളിൽ പെൺകുട്ടികൾക്ക് പ്രവേശനം, നിയമ നിർമാണ സഭകളിൽ സ്ത്രീ സംവരണം എല്ലാം നടത്തിയത് മോദിയുടെ ഗ്യാരന്റി. 2 കോടി സ്ത്രീകൾ ലക്ഷാധിപതികൾ ആകും പിഎം വിശ്വകർമ യോജന തെരുവ് കച്ചവടക്കാരായ സ്ത്രീകൾക്ക് സഹായം എല്ലാവർക്കും വീട് എല്ലാത്തിനും മോദിയുടെ ഉറപ്പ്.
ലോകത്ത് എല്ലായിടത്തും കേരളത്തിൽ നിന്നുള്ള അമ്മമാരുടെ മക്കൾ ഉണ്ട്. ജോലിക്കും വിദ്യാഭ്യാസത്തിനും സുഡാൻ, ഉക്രൈൻ, ഇറാക്ക് എവിടെയും പ്രശ്നം ഉണ്ടായാലും അവിടെ നമ്മുടെ ആളുകൾ ഉണ്ട്. എത്ര വലുതായാലും ഭാരതീയ ജനതാ പാർട്ടിയുടെ സർക്കാർ അത് നേരിടും. എവിടെ കുടുങ്ങിയാലും അവിടെ നിന്ന് നമ്മുടെ മക്കളെ സുരക്ഷിതമായി എത്തിക്കും.
എത്രയോനാളായി കേരളത്തിൽ ഇടത് വലത് മുന്നണികൾ നാടകം കളിക്കുന്നു. ഇപ്പൊ അവർ ഇന്ത്യയിൽ മുന്നണി ഉണ്ടാക്കി. കേരളത്തിൽ ഉള്ളവർക്ക് അറിയാം വികസനത്തിന് ബിജെപി വേണം എന്ന്.
വിശ്വാസത്തെയും ആചാരത്തെയും ഇവിടത്തെ സർക്കാർ അവഹേളിക്കുന്നു. അതിനെ കൊള്ളയടിക്കാനുള്ള മാർഗമായി മാത്രമാണ് ഇന്ത്യ മുന്നണി കാണുന്നത്. അത് ശബരിമലയിൽ നമ്മൾ കണ്ടു. അവിടെത്തെ കുത്തഴിഞ്ഞ സ്ഥിതി വിശ്വാസികൾക്ക് വിഷമം ആയി. തൃശ്ശൂർ പൂരത്തിന്റെ പേരിൽ നടക്കുന്ന വിവാദം അത്തരത്തിൽ ഒന്നാണ്. എല്ലാ വിശ്വാസത്തെയും ബിജെപി അംഗീകരിക്കുന്നു. അതിനാലാണ് ക്രൈസ്തവർക്ക് മുൻ തൂക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപി ഭരിക്കുന്നത്. ഇക്കഴിഞ്ഞ ക്രിസ്മസിന് ക്രൈസ്തവ സമൂഹത്തിലെ ആചാര്യന്മാരെയും നേതാക്കന്മാരെയും കണ്ടു. അവർ അന്ന് അഭിനന്ദിച്ചു. അവർക്ക് നേരെ അതിന്റെ പേരിൽ വിമർശനം ഉണ്ടായി.
ഹാരവും ഉപഹാരങ്ങളും ഏറ്റുവാങ്ങി അമ്മമാരേ സഹോദരിമാരെ എന്ന് അഭിസംബോധന ചെയ്ത് മോദി സ്വരാജ് റൗണ്ടിലൂടെ നായ്‌ക്കനാല്‍ കവാടം വഴി വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ വന്നാണ് മഹിളാ സംഗമത്തെ അഭിസംബോധന ചെയ്തത്.
പൂക്കൾ വിതറിയാണ് പൂരനഗരിയിലെ ജനങ്ങൾ പ്രധാനമന്ത്രിയെ വരവേറ്റത്. കൊച്ചിയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി ഹെലികോപ്ടറില്‍ കുട്ടനെല്ലൂര്‍ ഹെലിപാഡിലിറങ്ങി. എട്ട് കിലോമീറ്ററോളം റോഡ് മാര്‍ഗം സഞ്ചരിച്ചാണ് നഗരത്തിലെത്തുന്നത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സ്വരാജ് റൗണ്ടില്‍ പ്രവേശിക്കുന്ന ജനറല്‍ ആശുപത്രി ജംഗ്ഷന്‍ മുതല്‍ റോഡ് ഷോയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നിവേദതാ എസ്, സുരേഷ് ഗോപി എന്നിവർ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു.
ലക്ഷദ്വീപിലെ അഗത്തിയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിൽ എത്തിയത്. തുടർന്ന് ഹെലികോപ്റ്ററിൽ കുട്ടനെല്ലൂർ ഹെലിപാഡിൽ എത്തി. അവിടെ നിന്നും റോഡ് മാർഗം ജില്ലാ ആശുപത്രി ജംഗ്ഷനിൽ എത്തിയ അദ്ദേഹം, സ്വരാജ് റൗണ്ട് മുതൽ നായ്‌ക്കനാൽ വരെയുള്ള ഒന്നരക്കിലോമീറ്റർ റോഡ് ഷോയിലും പങ്കെടുത്തു.
സ്ത്രീകൾക്ക് മാത്രം പ്രവേശനം അനുവദിച്ച സദസിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾ പങ്കെടുത്തു. ഗായിക വൈക്കം വിജയലക്ഷ്മി, പ്രമുഖ വ്യാപാരി ബീനാ കണ്ണൻ, സാമൂഹ്യപ്രവർത്തകരായ ഡോ. എം.എസ് സുനിൽ, ഉമാ പ്രേമൻ, സർക്കാരിന് എതിരെ സമരം നയിച്ച അടിമാലി മറിയക്കുട്ടി, ഇന്ത്യൻ ക്രിക്കറ്റർ മിന്നു മണി, ചലചിത്രതാരം ശോഭന എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടു. ഏഴു ജില്ലകളിൽ നിന്നുള്ള രണ്ടു ലക്ഷത്തോളം വനിതകൾ സമ്മേളനത്തിന്റെ ഭാഗമായി.
കെ സുരേന്ദ്രൻ ശ്രീരാമ വിഗ്രഹ മാതൃകയും കെ കെ അനീഷ്‌കുമാർ ഹനുമൽ വിഗ്രഹ മാതൃകയും പ്രധാനമന്ത്രിക്ക് സമർപ്പിച്ചു. ബീനാ കണ്ണൻ ശീമാട്ടിയിൽ വെള്ളി നൂല് കൊണ്ട് നിർമിച്ച ഷാൾ അണിയിച്ചു.