''സർക്കാർ എല്ലായ്പ്പോഴും നമ്മുടെ പെൺമക്കളുടെയും സഹോദരിമാരുടെയും ആരോഗ്യകാര്യത്തിൽ ശ്രദ്ധാലുവാണ്. 6000 ജൻഔഷധി കേന്ദ്രങ്ങളിലൂടെ അഞ്ചുകോടി സ്ത്രീകൾക്ക് ഒരു രൂപാ നിരക്കിൽ സാനിറ്ററി പാഡ് ലഭിച്ചു. അവരുടെ വിവാഹപ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്''- പ്രസംഗത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സാനിറ്ററി നാപ്കിനെ പറ്റി പരാമർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഇതാണ് സോഷ്യൽ മീഡിയ ആഘോഷമാക്കിയത്. ആർത്തവം, സാനിറ്ററി നാപ്കിൻ തുടങ്ങിയ വാക്കുകൾ പുരുഷന്മാര്‍ സംസാരിക്കുമ്പോൾ പൊതുവെ ഉപയോഗിക്കാറില്ല. ഒരു പ്രധാനമന്ത്രി തന്നെ ഈ വാക്കുകൾ പറയുമ്പോൾ, അതും സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോൾ, അതൊരു വഴിമാറി നടത്തം ആണെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.
advertisement
''പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ സ്വാഗതം ചെയ്യുന്നു. സ്ത്രീശാക്തീകരണ, വനിതാ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇതു വലിയ വിജയമാണ്. '- പൊതുജനാരോഗ്യ വിദഗ്ധയും പോപ്പുലേഷൻ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ പൂനം മത്രെജ പറഞ്ഞു.
വനിതാ ശാക്തീകരണവുമായി ബന്ധപ്പെട്ട ആർത്തവ ശുചിത്വം, കൗമാരകാലത്തെ വിവാഹം തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങൾ തുറന്നുപറയാനുള്ള പ്രചോദനമാണ് പ്രധാനമന്ത്രി ഈ പ്രസംഗത്തിലൂടെ നൽകുന്നതെന്നും പൂനം പറയുന്നു. ആർത്തവകാല അവധി നൽകുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗം. ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ തങ്ങളുടെ വനിതാ ജീവനക്കാർക്ക് ആർത്തവ അവധി അനുവദിക്കുന്നത് ആലോചിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു.
സ്ത്രീകളുടെ പ്രത്യുൽപാദന ശേഷിയും ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 'മായ' 2017 ൽ നടത്തിയ ഒരു പഠനമനുസരിച്ച്, ഏകദേശം 68 ശതമാനം ഇന്ത്യൻ സ്ത്രീകളിലും ആർത്തവവുമായി ബന്ധപ്പെട്ട് മലബന്ധം, ക്ഷീണം, നീരുവയ്ക്കൽ തുടങ്ങിയ രോഗലക്ഷണങ്ങളുണ്ട്. അത്തരം സ്ത്രീകൾക്ക് ആർത്തവ അവധികൾ ഒരു അനുഗ്രഹമായിരിക്കും. വാസ്തവത്തിൽ, ആർത്തവ അവധി വൈറ്റ് കോളർ ജോലികളിലുള്ള സ്ത്രീകൾക്ക് മാത്രം ലഭ്യമാക്കാൻ കഴിയുന്ന ഒന്നായി മാറരുത്. ഗ്രാമീണ മേഖലകളിൽ നിന്നുള്ള സ്ത്രീകൾക്കും താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്കും ഈ ആനുകൂല്യം നൽകേണ്ടത് അത്യാവശ്യമാണെന്നും പഠനത്തിൽ പറയുന്നു.
