തല്ലൂരിലെ ജനങ്ങൾക്കിടയിൽ ഭീമവ്വ ജനപ്രിയയായി കഴിഞ്ഞിരുന്നു. ഒരിക്കൽ ഇത് കുന്താപൂർ താലൂക്ക് പഞ്ചായത്ത് മുൻ അംഗം കരുണ് പൂജാരിയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് അദ്ദേഹം ഭീമവ്വയോട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥനത്തേക്ക് മത്സരിക്കാൻ നിർദേശിക്കുകയും വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു. അങ്ങനെ 2020 ഡിസംബറിൽ പട്ടികവർഗ വിഭാഗത്തിൽ ഭീമവ്വ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി. 162 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഭീമവ്വ വിജയിക്കുകയും ചെയ്തു. ഇപ്പോൾ 48-ാം വയസ്സിൽ ഭീമവ്വ ഉഡുപ്പിയിലെ തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ്,
advertisement
ഇങ്ങനെയൊക്കെ ആണെങ്കിലും ഭീമവ്വയുടെ ജീവിതത്തിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അധികാരത്തിന്റേതായ യാതൊരു അലങ്കാരങ്ങളും അഹങ്കാരങ്ങളും ഭീമവ്വയ്ക്കില്ല. പതിവ് പോലെ തനിക്ക് സാധ്യമാകുന്ന രീതിയിൽ ഗ്രാമീണരെ സഹായിക്കാൻ അവർ ശ്രമിക്കുന്നു. "സ്വന്തം വോട്ടേഴ്‌സ് ഐഡിയും ആധാർ കാർഡും മറ്റ് രേഖകളും സർക്കാർ ഓഫീസുകളിൽ നിന്നും ലഭിക്കാൻ ഞാൻ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. അതിനാൽ, ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ മറ്റുള്ളവർക്ക് ഉണ്ടാകാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്", ഭീമവ്വ പറയുന്നു. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ തന്റെ പ്രദേശത്തെ ജനങ്ങളിലേക്ക് എത്തിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് രണ്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള, കൂലിപ്പണിക്കാരിയായ ഈ സ്ത്രീ നിശ്ചയദാർഢ്യത്തോടെ പറയുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പാവപ്പെട്ടവരെ സേവിക്കുമ്പോഴും താൻ കൂലിപ്പണി ചെയ്താണ് ജീവിക്കുന്നതെന്ന് ഭീമവ്വ പറയുന്നു. ദിവസത്തിന്റെ ആദ്യപകുതിയിൽ പഞ്ചായത്ത് പ്രസിഡന്റായി ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഭീമവ്വ ഉണ്ടാകും. ഉച്ചകഴിഞ്ഞ് തന്റെ തൊഴിൽ ചെയ്യാനായി ഇറങ്ങും. ഒരു ദിവസം മുഴുവൻ ജോലി ചെയ്താൽ 500 രൂപ പ്രതിഫലം ലഭിക്കും. എന്നാൽ പ്രസിഡന്റ് ആയതിനു ശേഷം പകുതി ദിവസം മാത്രമേ ജോലി ചെയ്യാൻ കഴിയൂ. ഈ സമയങ്ങളിൽ പകുതി കൂലിയാണ് ലഭിക്കുക. ഭീമവ്വയ്ക്കും ഭർത്താവ് മാരിയപ്പയ്ക്കും നാല് കുട്ടികളാണുള്ളത്. ഒരു മകൻ ഇന്ത്യ-ചൈന അതിർത്തിയിൽ സൈനിക സേവനം ചെയ്യുന്നു. മറ്റ് കുട്ടികൾ പഠിക്കുന്നു. അവരെ നന്നായി പഠിപ്പിച്ച് നല്ല ജോലി ഉറപ്പാക്കണമെന്നതാണ് ഭീമവ്വയുടെ ആഗ്രഹം.