ഈ ദിവസം, സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനായി വിവിധ പരിപാടികളും ബോധവത്കരണ പ്രവർത്തനങ്ങളും നടത്താറുണ്ട്. പാനൽ ചർച്ചകൾ, സെമിനാറുകൾ, ശിൽപശാലകൾ, റാലികൾ, പൊതു പ്രസംഗങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
എന്തുകൊണ്ട് ഓഗസ്റ്റ് 26?
നീണ്ട പോരാട്ടത്തിനൊടുവിൽ 1920 ഓഗസ്റ്റ് 26നാണ് അമേരിക്കയിൽ പത്തൊൻപതാം ഭരണഘടനാ ഭേദഗതിയിലൂടെ സ്ത്രീകൾക്ക് ആദ്യമായി വോട്ടവകാശം ലഭിച്ചത്. 1971-ൽ, ഇതിന്റെ 50-ാം വാർഷികത്തിൽ അമേരികൻ കോൺഗ്രസ് പ്രതിനിധി ബെല്ല അബ്സുഗ് ഓഗസ്റ്റ് 26 സ്ത്രീ സമത്വ ദിനമായി അനുസ്മരിക്കാൻ ബിൽ അവതരിപ്പിച്ചു.
advertisement
അമേരിക്കയിൽ സ്ത്രീകൾക്ക് ആദ്യമായി വോട്ടവകാശം ലഭിച്ചതിന്റെ 50-ാം വാർഷികത്തിൽ, നാഷണൽ ഓർഗനൈസേഷൻ ഫോർ വിമൻ സമത്വത്തിനായുള്ള സമരത്തിൽ പങ്കെടുക്കാൻ സ്ത്രീകളോട് ആഹ്വാനം ചെയ്തു. രാജ്യത്തെ 90-ലധികം പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള ഒരു ലക്ഷത്തിലധികം സ്ത്രീകൾ ഇതിൽ പങ്കാളികളായി. അത് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ലിംഗ സമത്വ സമരം കൂടിയായി മാറി. 1971-ൽ അമേരിക്കൻ കോൺഗ്രസ് സ്ത്രീ സമത്വ ദിനം ഔപചാരികമായി അംഗീകരിക്കുകയും ഓഗസ്റ്റ് 26 സ്ത്രീ സമത്വ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.
സ്ത്രീ സമത്വ ദിനത്തിന്റെ പ്രാധാന്യം
ലിംഗ സമത്വം കൈവരിക്കുന്നതിനായി സ്വന്തം ജീവിതം പോലും സമർപ്പിച്ച സ്ത്രീകളുടെ ധീരതയെയും സ്ഥിരോത്സാഹത്തെയും അനുസ്മരിക്കുന്നതു കൂടിയാണ് സ്ത്രീ സമത്വ ദിനം. ഇത് സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്നവരെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുക മാത്രമല്ല, സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗസമത്വം കൈവരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്യുന്നു.
സ്‌കൂൾ, ജോലിസ്ഥലങ്ങൾ, രാഷ്ട്രീയം, മറ്റ് മേഖലകൾ എന്നിവയിൽ സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ ലഭിക്കാൻ പരിശ്രമിക്കാനും ലിംഗാധിഷ്ഠിത വിവേചനം ചെറുക്കുന്നതിനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാനും ആളുകളെ പ്രേരിപ്പിക്കുന്നു. കൂടാതെ ലിംഗ അസമത്വങ്ങളെക്കുറിച്ച് ചിന്തിക്കാനും അവയെ ചെറുക്കാനും ജനങ്ങളോട് ആഹ്വാനം നടത്തുകയും ചെയ്യുന്നു. ലിംഗസമത്വത്തെ പിന്തുണയ്ക്കുന്നതിനും എല്ലാവരെയും ഉൾക്കൊള്ളുന്നതിനും വ്യക്തികളെയും പ്രസ്ഥാനങ്ങളെയും പ്രേരിപ്പിക്കുക എന്നതു കൂടിയാണ് ഈ ദിവസം ലക്ഷ്യമിടുന്നത്.
ഈ വർഷത്തെ സ്ത്രീ സമത്വ ദിനത്തിന്റെ തീം
സമത്വത്തെ പുണരുക (Embrace Equity) എന്നതാണ് ഈ വർഷത്തെ സ്ത്രീ സമത്വ ദിനത്തിന്റെ തീം. 2021 മുതൽ 2026 വരെയുള്ള പ്രവർത്തനങ്ങളിൽ ഈ തീം ഉൾപ്പെടുത്തും. ലിംഗസമത്വം കൈവരിക്കേണ്ടതിന്റെ പ്രാധാന്യം ഇത് ഊന്നിപ്പറയുന്നു.
