ലോക എയ്ഡ്സ് വാക്സിൻ ദിനം: ചരിത്രം
1997 മെയ് 18 ന് മേരിലാൻഡിലെ മോർഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് ബിൽ ക്ലിന്റൺ നടത്തിയ പ്രസംഗത്തെ തുടർന്നാണ് ലോക എയ്ഡ്സ് വാക്സിൻ ദിനം ആചരിച്ചു തുടങ്ങുന്നത്. “യഥാർത്ഥത്തിൽ ഫലപ്രദവും പ്രതിരോധാത്മകവുമായ എച്ച്‌ഐവി വാക്സിന് മാത്രമേ എയ്ഡ്‌സിന്റെ ഭീഷണിയെ പരിമിതപ്പെടുത്താനും ക്രമേണ ഇല്ലാതാക്കാനും കഴിയൂ” എന്നായിരുന്നു അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞത്. അടുത്ത വർഷം മെയ് 18ന്, ക്ലിന്റന്റെ പ്രസംഗത്തിന്റെ ഒന്നാം വാർഷികം ആളുകൾ ആഘോഷിച്ചു, അത് ആദ്യത്തെ ലോക എയ്ഡ്സ് വാക്സിൻ ദിനം അല്ലെങ്കിൽ എച്ച്ഐവി വാക്സിൻ ബോധവത്കരണ ദിനമായി മാറി. അന്നുമുതൽ ആണ് ലോകമെമ്പാടും മെയ് 18 ന് എയ്ഡ്സ് വാക്സിൻ ദിനം ആയി ആചരിക്കാൻ തുടങ്ങിയത്.
advertisement
ലോക എയ്ഡ്സ് വാക്സിൻ ദിനം: പ്രാധാന്യം
എച്ച്‌ഐവി മനുഷ്യരിലെ പ്രതിരോധ സംവിധാനത്തെ ക്രമേണ ദുർബലപ്പെടുത്തും. പ്രതിരോധ ശേഷി കുറയുന്നതോടെ ജീവന് ഭീഷണിയാകുന്ന പല തരത്തിലുള്ള രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാൻ തുടങ്ങും. അതിനാൽ ഈ അവസ്ഥ ഒഴിവാക്കാൻ സഹായിക്കുന്ന ഒരു എച്ച്ഐവി വാക്‌സിൻ, അത് പ്രതിരോധമോ ചികിത്സയോ ആകാം, കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
യുഎസിലെ മേരിലാൻഡിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ (എൻഐഎച്ച്) 1987-ൽ ആണ് എച്ച്ഐവി വാക്സിൻ സംബന്ധിച്ച ഗവേഷണം ആരംഭിക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ കോവിഡ്-19 വാക്സിന് വേണ്ടി നടത്തിയ ഗവേഷണങ്ങൾ ഈ പ്രക്രിയ വേഗത്തിലാക്കാൻ സഹായിച്ചിട്ടുണ്ട്. സ്ക്രിപ്പ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇമ്മ്യൂണോളജിസ്റ്റായ വില്യം ഷീഫ്, കോവിഡ് വാക്സിനുകളിൽ ഉപയോഗിക്കുന്ന അതേ എംആർഎൻഎ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു എച്ച്ഐവി വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിലാണിപ്പോൾ. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന നാഷണൽ പബ്ലിക് റേഡിയോ (എൻപിആർ) വെബ്സൈറ്റിലെ ഒരു ലേഖനത്തിൽ ഇതേപറ്റി സൂചിപ്പിച്ചിട്ടുണ്ട്.
“പരീക്ഷണത്തിലൂടെ ഈ വാക്‌സിൻ വികസിപ്പിച്ചെടുക്കുന്നത് സയൻസ് ഫിക്ഷൻ പോലെയാണെന്ന് എനിക്കറിയാം, പക്ഷേ അടുത്ത 5, 6 വർഷത്തിനുള്ളിൽ ഒരു വാക്സിൻ യാഥാർത്ഥ്യമായേക്കും. ഇതിന് എച്ച്ഐവിക്കെതിരെ ഒരു പരിധിവരെ സംരക്ഷണം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്“ സൗത്ത് ആഫ്രിക്കയിലെ സെന്റർ ഫോർ എയ്ഡ്‌സ് പ്രോഗ്രാം ഓഫ് റിസർച്ചിലെ (കാപ്രിസ) സീനിയർ സയന്റിസ്റ്റായ ഡോ ഡെർസെറി ആർക്കറി പറയുന്നു.
ഈ വർഷത്തെ ലോക എയ്ഡ്സ് വാക്‌സിൻ ദിനത്തിന്റെ പ്രമേയം
ഓരോ വർഷവും ഒരു പ്രത്യേക വിഷയത്തിന് ഊന്നൽ നൽകിയാണ് എച്ച്‌ഐവി വാക്സിൻ ബോധവത്കരണ ദിനം ആചരിക്കുന്നത്. എന്നാൽ, ലോക എയ്ഡ്സ് വാക്‌സിൻ ദിനത്തിന്റെ ഈ വർഷത്തെ ആഘോഷത്തിന്റെ പ്രമേയം മുൻകൂട്ടി പ്രഖ്യാപിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് HIV.gov വെബ്സൈറ്റ് സന്ദർശിക്കുക.