കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് അൽകസർ എസ്‌യുവിയുടെ ഇന്ത്യയിലെ ലോഞ്ചിംഗ് കമ്പനി വൈകിപ്പിച്ചത്. മിക്ക സംസ്ഥാനങ്ങളിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെയാണ് തങ്ങളുടെ പുതിയ കാർ പുറത്തിറക്കാൻ ഹ്യൂണ്ടായി തീരുമാനിച്ചത്.
ആറു സീറ്റ്, ഏഴ് സീറ്റ് ക്യാബിനുകൾ ഉള്ള രണ്ടു തരം വേരിയന്റുമായാണ് അൽകസറിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. കൂടാതെ 1.5 ലിറ്റർ ഡീസൽ എൻജിൻ, 2.0 ലിറ്റർ പെട്രോൾ എൻജിൻ എന്നിങ്ങനെ രണ്ടുതരം എഞ്ചിൻ വേരിയന്റുകളും ഉണ്ടാവും. ഇന്ത്യൻ എസ്‌യുവി വിപണിയിലെ ജനപ്രിയ മോഡലുകളായ മഹീന്ദ്ര എക്സ്യുവി 500, ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ് എന്നിവയ്ക്ക് കടുത്ത വെല്ലുവിളിയായാകും ഹ്യൂണ്ടായ് അൽകസർ ഉയർത്തുന്നത്.
advertisement
അടിസ്ഥാനപരമായി ഹ്യുണ്ടായിയുടെ ജനപ്രിയ മോഡലായ ക്രെറ്റയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് അൽകസറും നിർമ്മിച്ചിരിക്കുന്നത്. രണ്ടു എസ്‌യുവികളുടെയും നിർമ്മാണത്തിന് ഒരേ പ്ലാറ്റ്ഫോം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ, അൽകസറിന് 2,760 എംഎം അളവിലുള്ള വലിയ വീൽബേസ് ആണ് ഹ്യുണ്ടായ് നൽകിയിരിക്കുന്നത്.
ക്രെറ്റയിൽ നിന്നും പുതുമ കൊണ്ടുവരാനായി ഹ്യുണ്ടായി സ്റ്റൈലിൽ ചെറിയ ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. മോഡിഫൈഡ് ഗ്രിൽ, പുതിയ ലുക്കിലുള്ള ഫ്രണ്ട് ബമ്പർ, നീളത്തിലുള്ള റിയർ ക്വാർട്ടർ ഗ്ലാസ്, പുതുമയുള്ള ഡിസൈനിലെ ടെയിൽ ലൈറ്റ്, ഫോക്സ് എക്സോസ്റ്റ് ടിപ്സ്, വലിയ 18 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് അൽകസറിൽ വരുത്തിയ മാറ്റങ്ങൾ.
അൽകസറിന്റെ 2.0 ലിറ്റർ പെട്രോൾ വേരിയന്റിന് നാല് സിലിണ്ടറോട് എൻജിനാണുള്ളത്. 159 എച്ച്പി കരുത്തും 192 ന്യൂട്ടൻ മീറ്റർ ടോർക്കും ഇത് നൽകും. 1.5 ലിറ്റർ ഡീസൽ വേരിയന്റിൽ ക്രെറ്റയ്ക്ക് സമാനമായ നാല് സിലിണ്ടർ ടർബോ ചാർജ് മോട്ടോർ ആണ് ഘടിപ്പിച്ചിട്ടുള്ളത്. ഇത് 115 എച്ച്പി കരുത്തും 250 ന്യൂട്ടൺ മീറ്റർ ടോർക്കും പുറത്തെടുക്കും. രണ്ട് വേരിയന്റുകൾക്കും 6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ എന്നിവ ഉണ്ടാവും.
ക്രെറ്റയിൽ ഉണ്ടായിരുന്ന എല്ലാ ഫീച്ചറുകളും അൽകസറിനും നൽകാൻ ഹ്യൂണ്ടായ് ശ്രദ്ധിച്ചിട്ടുണ്ട്. പനോരമിക് സൺ റൂഫ്, ആപ്പിൾ കാർപ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലസ് ഫോൺ ചാർജ്ജിംഗ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ക്രെറ്റയിലെ എല്ലാ ഫീച്ചറുകളും പുതിയ കാറിനും നൽകിയിട്ടുണ്ട്. അൽകസറിന്റെ ഇന്റീരിയറിൽ ഡ്യൂവൽ ടോൺ കളർ തീം ആണ് ഉപയോഗിച്ചിരിക്കുന്നത്.
Keywords: Hyundai, Alcazar, Creta, SUV, Launch, ഹ്യൂണ്ടായ്, അൽകസർ, ക്രെറ്റ, എസ്യുവി, ലോഞ്ച്
Summary: Hyundai recently opened bookings for the 6 and 7-seater Alcazar SUV