രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ കോച്ചിന് 127 കിലോ വാൾട്ടിന്റെ മൊത്തം സിസ്റ്റം പവറും മൊത്തം 105 കിലോ വാൾട്ട് പവറും ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. എങ്കിലും ഈ ഹൈഡ്രജൻ ഫ്യൂവൽ സെൽ ലക്ഷ്വറി ഇന്റർസിറ്റി കോച്ച് ഒരു കൺസപ്റ്റ് മോഡൽ മാത്രമാണ്. പദ്ധതിക്ക് ഇതുവരെ പച്ചക്കൊടി ലഭിച്ചിട്ടില്ല. അടുത്ത 12 മാസത്തിനുള്ളിൽ ബസ് വിപുലമായ പരീക്ഷണങ്ങൾക്കും മൂല്യനിർണയത്തിനും സുരക്ഷാ പരിശോധനകൾക്കും വിധേയമാക്കും. എല്ലാ സുരക്ഷാ പരിശോധനകളും മറ്റ് അനുബന്ധ പരിശോധനകളും ക്ലിയർ ചെയ്തു കഴിഞ്ഞാൽ, ഈ സാങ്കേതികവിദ്യ രാജ്യത്ത് ഭാവിയിൽ ഉപയോഗപ്പെടുത്താനാകും എന്നാണ് കരുതുന്നത്.
advertisement
ഭാരത് ബെൻസിനെയും റിലയൻസിനെയും കൂടാതെ ടാറ്റ മോട്ടോഴ്‌സും അശോക് ലെയ്‌ലാൻഡും ഈ രംഗത്ത് പരീക്ഷണം നടത്താൻ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന വാണിജ്യ വാഹനങ്ങൾ നിർമിക്കാനാണ് ഇവരുടെ പദ്ധതി. അശോക് മോട്ടോഴ്‌സ് പദ്ധതിയുടെ പരീക്ഷണ ഘട്ടം തുടങ്ങിക്കഴിഞ്ഞു. ടാറ്റ ഇതിനകം ഒരു പരീക്ഷണ ഘട്ടം പൂർത്തിയാക്കിയിട്ടുമുണ്ട്.
ഫോസിൽ ഇന്ധനങ്ങളെ ആശ്രയിച്ചുള്ള ഗതാഗതം കുറയ്ക്കുന്നതിനും വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം തടയുന്നതിനുമുള്ള പ്രധാന പരിഹാരമായാണ് ഹൈഡ്രജൻ ഫ്യുവൽ സെല്ലിനെ കണക്കാക്കുന്നത്. വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനായി ഹൈഡ്രജന്‍റെ രാസ ഊർജമാണ് ഉപയോഗിക്കുന്നത്. ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച വൈദ്യുതിയാണ് ഇത്തരത്തിൽ ഉൽപാദിപ്പിക്കുന്നത്. ജലവും താപവുമാണ് ഈ പ്രക്രിയയിലെ ഉപോൽപന്നങ്ങൾ. രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റി മറ്റ് ഇലക്ട്രിക് വാഹനങ്ങളെ പോലെ ബാറ്ററിയിൽ ശേഖരിച്ചാണ് വാഹനത്തിന്‍റെ എഞ്ചിൻ പ്രവർത്തിക്കുന്നത്.
കപ്പാസിറ്ററിന്‍റെ സഹായത്തോടെയാണ് ഈ പ്രവർത്തനം നടക്കുന്നത്. ഹൈഡ്രജൻ ഇന്ധന സെൽ വാഹനങ്ങൾ പ്രവർത്തിക്കാൻ ആവശ്യമായ ചെലവ് ഡീസൽ വാഹനങ്ങളെക്കാൾ കുറവാണെന്നും ഡീസൽ വാഹനങ്ങൾ വലിയ തോതിൽ വായു മലിനീകരണത്തിന് കാരണമാകുമെന്നും ഇതിനോടകം തെളിഞ്ഞിട്ടുള്ള കാര്യങ്ങളാണ്. 12 മുതൽ14 ശതമാനം വരെയുള്ള കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളാൻ കാരണം ഡീസൽ എഞ്ചിൻ ഉള്ള വാഹനങ്ങളാണ്.
പരിസ്ഥിതി മലിനീകരണം ഉണ്ടാക്കാത്തതിനാൽ വിദേശ രാജ്യങ്ങൾ ഇത്തരം ബസുകൾ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഒരു ബസിന് രണ്ട് കോടിയോളം രൂപ ചെലവ് വരും. നിലവിൽ ലഭ്യമാകുന്ന ഹൈഡ്രജൻ ഫ്യൂവൽ സെല്ലും ചെലവേറിയതാണ്. എന്നാൽ വെള്ളത്തിൽ നിന്നോ എൽഎൻജി ഇന്ധനത്തിൽ നിന്നോ വ്യാവസായിക അടിസ്ഥാനത്തിൽ ഹൈഡ്രജൻ ഉൽപാദിപ്പിക്കാനായാൽ ചെലവ് കുറയ്ക്കാനാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.