ഡിസംബറില്‍ സൊമാറ്റോയ്ക്ക് ആദായനികുതി വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതില്‍ കമ്പനിയുടെ പ്രതികരണം വിലയിരുത്തിയശേഷം ജിഎസ്ടി അധികൃതര്‍ ആവശ്യവുമായി മുന്നോട്ട് പോകുകയായിരുന്നു. ജിഎസ്ടി അധികൃതര്‍ ആവശ്യപ്പെട്ട 803.7 കോടി രൂപ സൊമാറ്റോയുടെ മൊത്തം ലാഭത്തേക്കാള്‍ കൂടുതലാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 351 കോടി രൂപയുടെ അറ്റാദായം ആണ് നേടിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 429 കോടി രൂപ ലാഭം നേടുകയും ചെയ്തു.
സൊമാറ്റോയ്ക്ക് ജിഎസ്ടി നോട്ടീസ് ലഭിച്ചത് എന്തുകൊണ്ട്?
advertisement
കേന്ദ്ര ജിഎസ്ടി നിയമത്തിലെ ഒന്‍പതാം വകുപ്പ്(5) പ്രകാരം ഫുഡ് ഡെലിവറി, റൈഡ് ഹെയ്‌ലിംഗ്, ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ എന്നിവ മൊത്തത്തിലുള്ള ബിസിനസുകളെ പ്രതിനിധീകരിച്ച് പരോക്ഷ നികുതി അടയ്ക്കാന്‍ നിര്‍ദേശിക്കുന്നു. ചരക്കുകളുടെയോ സേവനങ്ങളുടെയോ വിതരണക്കാരിലാണ് ഇത്തരം പ്ലാറ്റ്ഫോമുകൾ ഉള്‍പ്പെടുന്നത്.
ജിഎസ്ടി നിയമപ്രകാരം 18 ശതമാനം നികുതിയാണ് ഫുഡ് ഡെലിവറി സര്‍വീസുകള്‍ ഈടാക്കുന്നത്. ഈ നിരക്കുകള്‍ ഈടാക്കുന്നതിനാല്‍ പ്ലാറ്റ്‌ഫോമുകള്‍ അവരുടെ സേവന ഫീസിന് നികുതി നല്‍കണമെന്ന് സര്‍ക്കാര്‍ വാദിക്കുന്നു.
2019 മുതല്‍ 2022 വരെയുള്ള കാലയളവിലെ തുക ആവശ്യപ്പെട്ടാണ് ഇപ്പോള്‍ ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിതരണം സേവനമായാണ് ജിഎസ്ടി അധികൃതര്‍ കാണുന്നത്. തുടർന്ന് ഈ കാലയളവില്‍ സൊമാറ്റോ ശേഖരിക്കുന്ന ഫീസിന് നികുതി ചുമത്തുകയാണ് ചെയ്തിരിക്കുന്നത്.
ഇത്തരത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് ഡെലിവറി നിരക്കുകള്‍ ശേഖരിക്കുമ്പോള്‍ ഇവ ഡെലിവറി പങ്കാളികള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നതെന്ന് സൊമാറ്റോ ഉൾപ്പെടെയുള്ള ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ വിശദീകരിക്കുന്നു.
2022 ജനുവരി ഒന്ന് മുതല്‍ റെസ്‌റ്റൊറന്റുകളെ കൂട്ടിയിണക്കുന്ന ഡിജിറ്റല്‍ ഫുഡ് ഓര്‍ഡറിംഗ് സേവനങ്ങള്‍ അവരുടെ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള വില്‍പ്പനയ്ക്ക് ജിഎസ്ടി നല്‍കണം. എങ്കിലും ഡെലിവറി ഫീസ് എത്രയീടാക്കാമെന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ഡെലിവറി ചാര്‍ജുകള്‍ നികുതി നല്‍കേണ്ട ഘടകങ്ങളുടെ പരിധിയില്‍ വരുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താല്‍ വ്യവസായ സംഘടനകള്‍ ജിഎസ്ടി കൗണ്‍സിലിനോട് അഭ്യര്‍ത്ഥിച്ചെങ്കിലും തീരുമാനമെടുത്തിട്ടില്ല.
സൊമാറ്റോയുടെ തീരുമാനം എന്ത്?
ജിഎസ്ടി അധികൃതരുടെ തീരുമാനത്തിനെതിരേ അപ്പീല്‍ പോകാനാണ് സൊമാറ്റോയുടെ തീരുമാനം. ജിഎസ്ടി അപ്പലേറ്റ് ട്രബ്യൂണില്‍ ആദ്യം പരാതി നല്‍കും. ഇതിന് ശേഷം കോടതിയെ സമീപിക്കും. ഡെലിവറി ചാര്‍ജിന് നികുതി ഈടാക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്. ഇത് ഡെലിവറിയുമായി ബന്ധപ്പെട്ട സേവനങ്ങളെയും മേഖലകളെയുമെല്ലാം ബാധിക്കും. ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്‌ഫോമുകള്‍, ഇ-ഫാര്‍മസീസ്, ലോക്കല്‍ ലോജിസ്റ്റിക്‌സ് സര്‍വീസുകള്‍ എന്നിവയെല്ലാം ഇത് ബാധിക്കും.
നിലവിലെ നടപടി സൊമാറ്റോയില്‍ മാത്രം ഒതുങ്ങുമോ
സൊമാറ്റോയ്ക്ക് നല്‍കിയതിന് സമാനമായി അവരുടെ പ്രധാന എതിരാളിയായ സ്വിഗ്ഗിക്കും ആദായനികുതി വകുപ്പ് ഡിസംബറില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. 326.8 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വിഗ്ഗിക്ക് ജിഎസ്ടി അധികൃതര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം, പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള ഔദ്യോഗിക നോട്ടീസ് ഇതുവരെയും അവര്‍ക്ക് ലഭിച്ചിട്ടില്ല.