ഭൂമിയുടെ ന്യായവിലയിൽ 10 ശതമാനം ഒറ്റത്തവണ വർധന വരുത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിലൂടെ 200 കോടി വരുമാനം പ്രതീക്ഷിക്കുന്നു. ഭൂമിയുടെ ന്യായവില പരിശോധിക്കുന്നതിൽ സമിതിയെ നിയോഗിക്കും. അടിസ്ഥാന ഭൂനികുതി നിരക്കുകൾ വർധിപ്പിക്കും. 80 കോടി രൂപയുടെ അധികവരുമാനം ലക്ഷ്യം. പഴയവാഹനങ്ങൾക്ക് ഹരിതനികുതി ഏർപ്പെടുത്തും. ഇതിലൂടെ 10 കോടി രൂപ വരുമാനം ലക്ഷ്യം. 2 ലക്ഷം രൂപ വരെയുള്ള മോട്ടർ സൈക്കിളുകളുടെ നികുതി 1 ശതമാനം വർധിപ്പിക്കും.
advertisement
വിലക്കയറ്റം നേരിടാൻ 2000 കോടി രൂപയും ആഗോള സമാധാന സമ്മേളനത്തിന് 2 കോടി രൂപയും അനുവദിച്ചു. സിൽവർലൈൻ ഭൂമി ഏറ്റെടുക്കുന്നതിനായി 2000 കോടി രൂപയും കെഎസ്ആർടിസിയുടെ നവീകരണത്തിന് 1000 കോടി രൂപയും നീക്കിവച്ചു. സർവകലാശാലകൾക്ക് മൊത്തത്തില്‍ 200 കോടിരൂപയും തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്കിന് 100 കോടി രൂപയും നീക്കിവച്ചു. ജില്ലാ സ്കിൽ പാർക്കുകൾക്കായി 300 കോടി രൂപ നീക്കിവച്ചതായും മന്ത്രി അറിയിച്ചു. ഒരു ലക്ഷം പുതിയ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുമെന്നും സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 25 കോടി രൂപ നീക്കിവയ്ക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെല്ലിന്റെ താങ്ങുവില 28.50 രൂപയാക്കി. നെൽകൃഷി വികസനത്തിലായി 76 കോടി രൂപ നീക്കിവച്ചു.
ബജറ്റ് അവതരണത്തിന് മുൻപ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കാത്തതില്‍ പ്രതിഷേധം പ്രകടിപ്പിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ രംഗത്തെത്തി. ബജറ്റ് പൂര്‍വ ചര്‍ച്ചയ്ക്കുള്ള അവസരം ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സാമ്പത്തിക അവലോകനറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൃത്യമായ സമയപരിധി ഇല്ലെന്ന് സ്പീക്കര്‍ പ്രതിരോധിച്ചു.