എന്താണ് ഗതി ശക്തി മാസ്റ്റർ പ്ലാൻ?
100 ലക്ഷം കോടി രൂപയുടെ പദ്ധതിയാണിത്. റോഡ്, റെയിൽ ഗതാഗതാ മന്ത്രാലയങ്ങൾ ഉൾപ്പെടെ 16 മന്ത്രാലയങ്ങളെ ഒരുമിച്ചു കൊണ്ടുവന്ന് ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം ഗതി ശക്തിക്കു കീഴിൽ ആരംഭിച്ചിട്ടുണ്ട്. ബഹുതല കണക്ടിവിറ്റിയിലൂടെ ചരക്കുനീക്കവും ആളുകളുടെ സഞ്ചാരവും എളുപ്പമാക്കുക, സമയനഷ്ടം ഒഴിവാക്കുക, ജീവിതം സുഗമമാക്കുക, വ്യവസായാന്തരീക്ഷം സുഗമാക്കുക എന്നിവയും ഗതി ശക്തി ലക്ഷ്യമിടുന്നു. നിരവധി തൊഴിലവസരങ്ങളുടെ ഉറവിടമായും ഈ പദ്ധതിയെ കണക്കാക്കുന്നു.
പ്രധാനമന്ത്രി ഗതി ശക്തി മാസ്റ്റർ പ്ലാൻ പ്രധാനമായും ആറു കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.
advertisement
സമഗ്രത: വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും കീഴിൽ നിലവിലുള്ളതും ആസൂത്രണം ചെയ്തതുമായ എല്ലാ സംരംഭങ്ങളും ഇതിൽ ഉൾപ്പെടും. ഓരോ പ്രോജക്റ്റുകൾ ആസൂത്രണം ചെയ്യുമ്പോഴും നിർവഹണം നടത്തുമ്പോഴും ഈ സമഗ്രത സഹായകമാകും.
മുൻഗണന: വിവിധ മേഖലകളുടെ ഇടപെടലുകളിലൂടെ കേന്ദ്രീകൃത പദ്ധതികൾക്ക് മുൻഗണന നല്കാൻ സാധിക്കും.
ഒപ്റ്റിമൈസേഷൻ: നിർണ്ണായക വിടവുകൾ തിരിച്ചറിഞ്ഞുകൊണ്ട് പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഈ ദേശീയ മാസ്റ്റർ പ്ലാൻ വ്യത്യസ്ത മന്ത്രാലയങ്ങളെ സഹായിക്കും.
സമന്വയിപ്പിക്കൽ: ഓരോ വകുപ്പിന്റെയും പ്രവർത്തനങ്ങളെ സമന്വയിപ്പിക്കുന്നതിനും അവ തമ്മിലുള്ള പ്രവർത്തന ഏകോപനം ഉറപ്പാക്കുന്നതിനും പ്രധാനമന്ത്രി ഗതി ശക്തി സഹായിക്കും.
അപഗ്രഥനം: 200ലധികം പാളികളുള്ള ജിഐഎസ് അധിഷ്ഠിത സ്പേഷ്യൽ പ്ലാനിംഗും അനലിറ്റിക്കൽ ടൂളുകളും ഉപയോഗിച്ച് ഈ പദ്ധതികളുടെ മുഴുവൻ ഡാറ്റയും ഒരിടത്ത് തന്നെ ലഭ്യമാക്കും.
ചലനാത്മകത: ജിഐഎസ് പ്ലാറ്റ്ഫോമിലൂടെ എല്ലാ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും ക്രോസ് സെക്ടറൽ പദ്ധതികളുടെ പുരോഗതി വിലയിരുത്താനും നിരീക്ഷിക്കാനും കഴിയും.
മാസ്റ്റർ പ്ലാനിന്റെ പ്രധാന ലക്ഷ്യങ്ങൾ
2024-25 ഓടെ ഇന്ത്യ, അടിസ്ഥാന സൗകര്യങ്ങളും കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കും. 2 ലക്ഷം കിലോമീറ്റർ ദേശീയ പാത, 1,600 ദശലക്ഷം ടൺ (മെട്രിക് ടൺ) ചരക്ക് കൈകാര്യം ചെയ്യുന്ന ട്രെയിനുകൾ, 35000 കിലോമീറ്റർ ഗ്യാസ് പൈപ്പ് ലൈൻ, മൊത്തം 220 വിമാനത്താവളങ്ങൾ, എയർസ്ട്രിപ്പുകൾ, എയ്റോഡ്രോമുകൾ, 11 വ്യാവസായിക ഇടനാഴികൾ ഉൾപ്പെടെ വ്യവസായങ്ങൾക്കായി 25000 ഏക്കർ ഭൂമി, പ്രതിരോധ ഉൽപാദനത്തിൽ 1.7 ലക്ഷം കോടി രൂപയുടെ വിറ്റുവരവ്, 38 ഇലക്ട്രോണിക്സ് നിർമ്മാണ ക്ലസ്റ്ററുകളും 109 ഫാർമ ക്ലസ്റ്ററുകളും ഉണ്ടായിരിക്കുക എന്നീ ലക്ഷ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.