ഫ്ലൂറസന്റ് മഷിയിൽ പുറത്തിറക്കിയ ആദ്യ ലോട്ടറി ടിക്കറ്റ് കൂടിയാണ് ഇത്തവണത്തെ ഓണം ബമ്പർ എന്ന പ്രത്യേകതയുമുണ്ട്. 10 സീരീസുകളിലാണ് ടിക്കറ്റുകൾ. 5 കോടി രൂപയാണ് രണ്ടാം സമ്മാനം. 10 പേർക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനം. സെപ്റ്റംബർ 18നാണ് നറുക്കെടുപ്പ്. 500 രൂപയാണ് ടിക്കറ്റ് വില. ഓണം ബമ്പർ നറുക്കെടുപ്പിലൂടെ 40 കോടി രൂപയാണ് വരുമാനമായി സർക്കാർ ലക്ഷ്യമിടുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ റെക്കോർഡ് സമ്മാനത്തുകയാണ് ഇത്തവണ.
advertisement
തിരുവോണം ബമ്പർ 2022 ന്റെ സമ്മാനതുകയും ടിക്കറ്റിന്റെ വിലയും വർധിപ്പിക്കാൻ സംസ്ഥാന ലോട്ടറി വകുപ്പിന്റെ ശുപാർശയെ തുടർന്നാണ് സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ നൂറ് ശതമാനത്തിൽ അധികം സമ്മാനതുകയും 70 ശതമാനത്തോളം ടിക്കറ്റിന്റെ വില വർധിപ്പിക്കാനുമായിരുന്നു ലോട്ടറി വകുപ്പ് സർക്കാരിന് ശുപാർശ നൽകിയത്.
നിലവിൽ കേരളത്തിൽ ഏഴ് പ്രതിദിന ലോട്ടറികളുണ്ട്, അവയുടെ നറുക്കെടുപ്പുകൾ തിങ്കൾ മുതൽ ഞായർ വരെ നടക്കുന്നു. വിൻ-വിൻ, സ്ത്രീ ശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമ്മൽ, കാരുണ്യ, ഫിഫ്റ്റി ഫിഫ്റ്റി എന്ന ക്രമത്തിലാണ് നടക്കുന്നത്. കൂടാതെ, എല്ലാ വർഷവും ഉത്സവങ്ങളോടും പുതുവർഷത്തോടും ചേർന്ന് ആറ് ബമ്പർ ലോട്ടറികളുണ്ട്. പ്രതിദിന ടിക്കറ്റ് നിരക്ക് നിലവിലെ 40 രൂപയിൽ നിന്ന് 50 രൂപയാക്കുന്നത് സംബന്ധിച്ച് തീരുമാനത്തിനായി കാത്തിരിക്കുകയാണ്. വില വർധിപ്പിക്കണമെന്നാണ് ഒരു വിഭാഗം ഏജന്റുമാരുടെ ആവശ്യം. നിലവിൽ ലോട്ടറി ടിക്കറ്റുകൾ അച്ചടിക്കുന്നത് എറണാകുളത്ത് കാക്കനാട്ടുള്ള കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയിലും തിരുവനന്തപുരത്തെ സി-എപിടിയിലുമാണ്. കൂടുതൽ ഏജൻസിയെ കൊണ്ടുവരണമെന്ന ആവശ്യവും ഉയരുന്നുണ്ട്.