പുതിയ നയവുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തന്നെ സത്യവും അസത്യവുമായി പല വിധ വിവരങ്ങളും പ്രചരിച്ച് തുടങ്ങിയിരുന്നു. വ്യാപകമായി പ്രചരിച്ച ഒരു കാര്യം വാട്സ് ആപ്പ് സന്ദേശങ്ങൾ ഫേസ്ബുക്കുമായി പങ്കിടുമെന്നുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചില കാര്യങ്ങളുടെ സത്യാവസ്ഥ നോക്കാം.
Also Read- Signal App | വാട്സാപ്പിന്റെ പകരക്കാരൻ, കൂടുതൽ സുരക്ഷിതം; സിഗ്നലിനെ കുറിച്ച് അറിയേണ്ടതെല്ലാം
advertisement
വ്യക്തിഗത അക്കൗണ്ട്/ചാറ്റ്:
വ്യക്തിഗത അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന രീതി പുതിയ നയത്തിലും മാറ്റമില്ലാതെ തുടരും എന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ ഉള്ളത് പോലെ തന്നെ സന്ദേശങ്ങൾ എൻഡ് ടു എൻഡ് എൻക്രിപ്ഷനോടെ രഹസ്യമായി തന്നെ അയക്കാവുന്നതാണ്. പുറത്തു നിന്നൊരാൾക്കും ഈ സന്ദേശങ്ങൾ വായിക്കാൻ കഴിയില്ല.
സാധാരണഗതിയിൽ അയക്കപ്പെടുന്ന സന്ദേശങ്ങൾ തങ്ങളുടെ സെർവറുകളിൽ സംഭരിക്കപ്പെടാറില്ല എന്നാണ് വാട്സ് ആപ്പ് നയത്തിൽ പറയുന്നത്. സന്ദേശങ്ങൾ അയച്ച് അത് റിസീവ് ചെയ്തു കഴിഞ്ഞാൽ സെര്‍വറുകളില്‍ നിന്നും ഇല്ലാതാക്കപ്പെടും. നമ്മുടെ മൊബൈലുകളിൽ തന്നെയാകും ഇത് സംഭരിക്കപ്പെടുക എന്നാണ് പറയുന്നത്.
അതുപോലെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിക്കുന്നതിനാൽ, സ്വകാര്യ ചാറ്റുകളോ കോളുകളോ കാണാൻ കഴിയില്ല. ഫേസ്ബുക്കിനും ഈ വിവരങ്ങൾ കാണാൻ സാധിക്കില്ല. ഈ സാങ്കേതികവിദ്യയിൽ ആഗോളതലത്തിൽ അതിനായി നിലകൊള്ളാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നാണ് വാട്‌സ്ആപ്പ് മേധാവി വിൽ കാത്‌കാർട്ട് ട്വിറ്ററിൽ കുറിച്ചത്.
വാട്സ്ആപ്പ് സന്ദേശങ്ങള്‍:
സന്ദേശങ്ങൾ വാട്സ്ആപ്പിൽ സംഭരിക്കുന്നില്ല. വാട്സ്ആപ്പ് വഴി അയക്കുന്ന എല്ലാതരം സന്ദേശങ്ങളും നമ്മളുടെ ഉപകരണങ്ങളിലാണ് സംഭരിക്കപ്പെടുന്നത്. ഗൂഗിൾ ഡ്രൈവ് അല്ലെങ്കിൽ ആപ്പിൾ ഐക്ലൗഡ് പോലുള്ള തേർഡ് പാർട്ടി സേവനത്തെ സന്ദേശങ്ങൾ ബാക്കപ്പ് ചെയ്യാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം എന്നാണ് പറയുന്നത്. എൻക്രിപ്റ്റ് ചെയ്ത ഡാറ്റയായാണ് ഇവിടെയും സംഭരിക്കപ്പെടുക. ഇതിന്‍റെ സുരക്ഷ സംബന്ധിച്ച് സംശയം ഉണ്ടെങ്കില്‍ ഡാറ്റ ബാക്കപ്പ് ചെയ്യാതിരിക്കുകയാവും ഏറ്റവും മികച്ച മാർഗം.
മീഡിയ ഫയലുകൾ:
നമ്മൾ അയക്കുന്ന ഫോട്ടോ, വീഡിയോ, ശബ്ദ സന്ദേശങ്ങൾ എന്നിവ ചാറ്റ് ഹിസ്റ്ററിയുടെ ഭാഗമായതിനാൽ നിലവിലെ പോലെ തന്നെ എൻഡ് ടു എൻഡ് എൻക്രിപ്റ്റായി തുടരുമെന്നാണ് പറയുന്നത്. ഇവ വാട്സ്ആപ്പിന് സ്വന്തമായിരിക്കില്ല. ചാറ്റുകള്‍ പോലെ തന്നെ താത്ക്കാലികമായി സെര്‍വറുകളിൽ സംഭരിക്കപ്പെടും. എത്തേണ്ട ആളുകൾക്ക് ലഭിച്ചു കഴിഞ്ഞാൽ അത് നീക്കം ചെയ്യപ്പെടുകയും ചെയ്യും. അയച്ചയാളുടെയും സ്വീകരിച്ചയാളുടെയും ഉപകരണങ്ങളിൽ മാത്രമേ മീഡിയ ഫയലുകൾ നിലനിൽക്കൂ.
'സന്ദേശത്തിനൊപ്പം ഒരു മീഡിയ ഫോർവേഡ് ചെയ്യുമ്പോൾ അത് കാര്യക്ഷമമായി എത്തിക്കുന്നതിന് താത്ക്കാലികമായി എൻക്രിപ്റ്റ് ചെയ്ത രൂപത്തിൽ വാട്സ്ആപ്പ് സെർവറുകളിൽ സൂക്ഷിക്കും' എന്നാണ് പുതിയ നയത്തിൽ പറയുന്നത്.
ഓഡിയോ-വീഡിയോ കോളുകൾ;
ചാറ്റ്, ഓഡിയോ, വീഡിയോ സന്ദേശങ്ങൾ പോലെ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആണ് ഓഡിയോ വീഡിയോ കോളുകളും. ഇത്തരം കോളുകൾ വാട്സ്ആപ്പ് റെക്കോഡ് ചെയ്യുകയോ കേൾക്കുകയോ ചെയ്യുന്നില്ല. വാട്സ്ആപ്പിനോ മൂന്നാം കക്ഷികൾക്കോ ആ വിവരങ്ങൾ അറിയാനും സാധിക്കില്ല.
ലൊക്കേഷൻ:
വാട്സ് ആപ്പ് ഉപയോക്താക്കളുടെ ലൊക്കേഷൻ വിവരങ്ങൾ അയച്ചയാൾക്കും സ്വീകർത്താവിനും ഇടയിൽ മാത്രമായി സംരക്ഷിച്ചിരിക്കുന്നതിനാൽ തത്സമസ ലൊക്കേഷൻ പങ്കിട്ടാലും ആ വിവരങ്ങൾ ഫേസ്ബുക്കിലേക്ക് കൈമാറില്ല. പക്ഷെ നിങ്ങളുടെ ഫോൺ നമ്പറിൽനിന്നും ഐപി വിലാസത്തിൽ നിന്നും ലഭിക്കുന്ന ഏകദേശ ലൊക്കേഷൻ ഡാറ്റ വാട്ട്‌സ്ആപ്പ് ശേഖരിക്കുന്നുണ്ട്. അത് ഫെയ്സ്ബുക്കുമായി പങ്കിടാൻ കഴിയുന്ന ഒരു ഡാറ്റയാണ് എന്ന് പ്രത്യേകം പറയുന്നുണ്ട്.
തെറ്റിദ്ധാരണകൾ അകറ്റിയാലും മാത്യ കമ്പനിയായ ഫേസ്ബുക്കിന്‍റെ സ്വകാര്യതാ നയം സംബന്ധിച്ചുള്ള വിശ്വാസക്കുറവ് വീണ്ടും ഉപഭോക്താക്കൾക്കിടയിൽ പ്രശ്നമായി നിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വാട്സ്ആപ്പിന്‍റെ പുതിയ സ്വകാര്യനിബന്ധനകൾ ഉപഭോക്താക്കളെ ഇതിൽ നിന്നും അകറ്റിയേക്കുമെന്നാണ് വിലയിരുത്തൽ.
