ചന്ദ്രയാൻ ചന്ദ്രോപരിതലത്തിൽ എത്തിയതിനു ശേഷം ആയിരിക്കും ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ജോലി ആരംഭിക്കുന്നത്. ലാൻഡറിലെയും റോവറിലെയും അഞ്ച് സാങ്കേതിക ഉപകരണങ്ങളിൽ നിന്ന് ലഭിക്കുന്ന ടൺ കണക്കിന് ഡാറ്റ ശാസ്ത്രജ്ഞൻമാർ വിശകലനം ചെയ്യും.
Also Read- Chandrayaan-3 | ചന്ദ്രനെ തൊടാൻ തയ്യാറായി ചന്ദ്രയാൻ; സോഫ്റ്റ് ലാൻഡിങ് നാളെ വൈകിട്ട് 6 മണിയോടെ
ചന്ദ്രയാൻ ചന്ദ്രോപരിതലത്തിൽ എത്തിയതിനു ശേഷം എന്തു സംഭവിക്കും?
വിജയകരമായി ലാൻഡിംഗിന് ശേഷം, ചന്ദ്രയാൻ -3 രണ്ടാഴ്ചത്തേക്ക് പ്രവർത്തനക്ഷമമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രോപരിതലത്തിലെ ധാതു ഘടനയുടെ സ്പെക്ട്രോമീറ്റർ വിശകലനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതിനു ശേഷമാകും നടക്കുക. ടച്ച്ഡൗണിന് ശേഷം, വിക്രം ലാൻഡറിന്റെ ഒരു വശത്തെ പാനൽ തുറക്കും, ഇത് പ്രഗ്യാൻ റോവറിനായി ഒരു പാത സൃഷ്ടിക്കും. ദേശീയ പതാകയും ഐഎസ്ആർഒ ലോഗോയും വഹിക്കുന്ന ആറ് ചക്രങ്ങളുള്ള പ്രഗ്യാൻ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിനു ശേഷം സെക്കൻഡിൽ ഒരു സെ.മീ വേഗതയിലായിരിക്കും സഞ്ചരിക്കുക.
advertisement
നാവിഗേഷൻ ക്യാമറകൾ ഉപയോഗിച്ച് റോവർ ചന്ദ്രോപരിതലം സ്കാൻ ചെയ്യും. റോവർ ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കുന്ന സമയത്ത്, ചന്ദ്രന്റെ മണ്ണിൽ ത്രിവർണ പതാകയുടെയും ഐഎസ്ആർഒ ലോഗോയുടെയും മുദ്ര പതിയുകയും ചെയ്യും. ചന്ദ്രോപരിതലവുമായി ബന്ധപ്പെട്ട ഡാറ്റകൾ ശേഖരിക്കുന്നതിന് പേലോഡുകൾ ഉപയോഗിച്ച് ക്രമീകരിച്ച ഉപകരണങ്ങൾ റോവറിൽ ഉണ്ട്. റോവർ ലാൻഡറുമായി ആദ്യം ആശയവിനിമയം നടത്തും. അതിനു ശേഷം ഭൂമിയുമായും ആശയവിനിമയം നടത്തും.
ലാൻഡറും റോവറും എന്തൊക്കെ കാര്യങ്ങളാണ് പഠിക്കുന്നത്?
ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി സോഫ്റ്റ് ലാൻഡിംഗ് ചെയ്തതിനു ശേഷം അവിടെ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുക എന്നതാണ് ചന്ദ്രയാൻ-3 യുടെ ലക്ഷ്യം. ലാൻഡറിലും റോവറിലും ഘടിപ്പിച്ചിരിക്കുന്ന പേലോഡുകൾ ചന്ദ്രോപരിതലത്തെക്കുറിച്ചും ചന്ദ്രനിൽ നടക്കുന്ന ശാസ്ത്രീയ പ്രക്രിയകളെക്കുറിച്ചും അതിന്റെ രൂപീകരണത്തെക്കുറിച്ചും നിരവധി പഠനങ്ങൾ നടത്തുകയും ഈ ഡാറ്റ ഭൂമിയിലേക്ക് അയക്കുകയും ചെയ്യും.
Also Read – റഷ്യയുടെ ചാന്ദ്രദൗത്യം ലൂണ-25 പരാജയപ്പെട്ടു; ചന്ദ്രയാൻ-3 ഓഗസ്റ്റ് 23ന് ചന്ദ്രനിൽ ഇറങ്ങും
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ നൽകിയത് ഉൾപ്പെടെ എട്ട് പേലോഡുകളുടെ ഒരു സെറ്റ് പേടകത്തിലുണ്ട്. ഈ പേലോഡുകൾ ചന്ദ്രന്റെ അന്തരീക്ഷത്തിന്റെ മൂലക ഘടനയെക്കുറിച്ചുള്ള (elemental composition) ഡാറ്റ ശേഖരിക്കുകയും ലാൻഡറിലേക്ക് ഈ ഡാറ്റ അയയ്ക്കുകയും ചെയ്യും. ലാൻഡർ ഭൂമിയിലേക്ക് ഈ വിവരങ്ങൾ കൈമാറും.
റേഡിയോ അനാട്ടമി ഓഫ് മൂൺ ബൗണ്ട് ഹൈപ്പർസെൻസിറ്റീവ് അയണോസ്ഫിയർ ആൻഡ് അറ്റ്മോസ്ഫിയർ (റാംഭ), ലാങ്മുയർ പ്രോബ് (എൽപി) എന്നീ പേലോഡുകൾ ചന്ദ്രനിലെ ഉപരിതല പ്ലാസ്മ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ വിവിധ പരീക്ഷണങ്ങൾ നടത്തും.