ഞായറാഴ്ചയാണ് ഐഎസ്ആർഒ തങ്ങളുടെ എൽവിഎം3 റോക്കറ്റ് ഉപയോഗിച്ച് വൺ വെബ്ബിൻ്റെ 36 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. കമ്പനിയുടെ മറ്റ് 36 ഉപഗ്രങ്ങൾ കൂടി ഐഎസ്ആർഒ വരുന്ന ജനുവരിയിൽ വിക്ഷേപിക്കും. എൽവിഎം3 റോക്കറ്റ് തന്നെ ഉപയോഗിച്ചായിരിക്കും വിക്ഷേപണം. ഇവ രണ്ടിനും കൂടിയുള്ള പ്രതിഫലമായാണ് 1000 കോടി രൂപ നൽകുക എന്ന വൺ വെബ്ബിൻ്റെ ചെയർമാൻ സുനിൽ മിത്തൽ ഭാരതി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഫ്രഞ്ച് സാറ്റലൈറ്റ് കമ്പനിയായ യൂട്ടെൽസാറ്റ് കമ്മ്യൂണിക്കേഷൻസുമായുള്ള വൺവെബ്ബിൻ്റെ ലയനം 2023 ഏപ്രിൽ, മെയ് മാസത്തിൽ പൂർത്തിയാകാനാണ് സാധ്യതയെന്നും സുനിൽ മിത്തൽ പറഞ്ഞു.
advertisement
വൺവെബ് ഇന്ത്യ-1 മിഷൻ എന്ന് പേരിട്ട ദൗത്യത്തിലൂടെയാണ് ഐഎസ്ആർഒ ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചത്. ഇതോടെ എൽവിഎം3, ആഗോള ലോഞ്ച് സേവന വിപണിയിലേക്കുള്ള കാൽവെപ്പും നടത്തിയിരിക്കുകയാണ്.
ലോകമെമ്പാടും തങ്ങളുടെ ബ്രോഡ്ബാൻഡ് സേവനം നൽകുന്നതിനായി 648 ഉപഗ്രഹങ്ങളുടെ സഞ്ചയം സൃഷ്ടിക്കാനാണ് വൺവെബ് ലക്ഷ്യമിടുന്നത്. ഇതിൽ ഏതാണ്ട് 10 ശതമാനം ഉപഗ്രഹങ്ങളും ലോഞ്ച് ചെയ്യുന്നത് ഐഎസ്ആർഒ ആയിരിക്കുമെന്ന് ഭാരതി ഗ്ലോബലിൻ്റെ മാനേജിങ് ഡയറക്ടറായ ശ്രവിൻ മിത്തൽ പറഞ്ഞു.
ഐഎസ്ആർഒയുമായി കൂടുതൽ പങ്കാളിത്തത്തിനുള്ള അവസരങ്ങളെ കുറിച്ചും വൺവെബ് ആലോചിക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായി വൺവെബിൻ്റെ രണ്ടാം തലമുറ സാറ്റലൈറ്റുകൾ ഐഎസ്ആർഒയിൽ നിന്ന് വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണ്. ബഹിരാകാശത്തുള്ള വൺവെബ്ബിൻ്റെ ചില ഉപഗ്രഹങ്ങളെ ഭ്രമണം ചെയ്യാനായി ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) ഉപയോഗിക്കുന്നതിനെ കുറിച്ചും കമ്പനി ആലോചിക്കുന്നുണ്ട്.
Also read : ചരിത്ര നേട്ടവുമായി ISRO ; എല്‍.വി.എം-3 വിക്ഷേപണം വിജയം, 36 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍
ഫ്രഞ്ച് കമ്പനിയുമായുള്ള ലയനം നടന്നു കഴിഞ്ഞാലും ഒന്നാം തലമുറ ഉപഗ്രങ്ങളുടെ ഘടനയിൽ മാറ്റം ഉണ്ടാകില്ലെന്ന് യൂട്ടെൽസാറ്റ് കമ്മ്യൂണിക്കേഷൻസിൻ്റെ ചീഫ് ടെക്നോളജി ഓഫീസർ മാസിമിലാനോ ലാദോവാസ് പറഞ്ഞു. രണ്ടാം തലമുറ ഉപഗ്രഹങ്ങളുടെ കാര്യത്തിൽ, യൂട്ടെൽസാറ്റിൻ്റെ ജിയോസ്റ്റേഷനറി സാറ്റലൈറ്റുകൾ വൺവെബ്ബിൻ്റെ എൽഇഒയിലെ സാറ്റലൈറ്റുകളുമായി ചേർത്ത് ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കുന്നതിനുള്ള വഴികളെ കുറിച്ച് പഠിച്ചു വരികയാണ്.
ഈ വർഷം അവസാനത്തോടെ രണ്ടാം തലമുറ ഉപഗ്രങ്ങൾ നിർമ്മിക്കുന്നതിനുള്ള താൽപ്പര്യപത്രം ക്ഷണിക്കും. ഐഎസ്ആർഒയുടെ പങ്കാളിത്തം ചർച്ച ചെയ്യുന്നതിനായി ഇരു സ്ഥാപനങ്ങളുടെയും പ്രധാന ഉദ്യോഗസ്ഥർ ശനിയാഴ്ച ചർച്ച നടത്തിയിരുന്നു.
അടുത്ത വർഷം പകുതിയോടെ, ബിസിനസ് ടു ബിസിനസ് വിഭാഗത്തെ കേന്ദ്രീകരിച്ചുകൊണ്ട്, വൺവെബ് ബ്രോഡ്ബാൻഡ് സേവനം നൽകി തുടങ്ങുമെന്ന് സുനിൽ മിത്തൽ പറഞ്ഞു. മൂന്നോ നാലോ വലിയ ഉപഗ്രസ സഞ്ചയങ്ങൾക്ക് യോജിക്കും വിധം വലുതാണ് വിപണിയെന്നും അതിനാൽ മത്സരത്തെ കുറിച്ചുള്ള ആശങ്കയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ബഹിരാകാശത്ത് പ്രവർത്തിക്കുമ്പോൾ മാലിന്യം ഉണ്ടാകാത്ത രീതിയിലാണ് ഈ ഉപഗ്രഹങ്ങളുടെ നിർമ്മാണം എന്നും അദ്ദേഹം പറഞ്ഞു.