ISRO | 36 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ചു; ചരിത്രം കുറിച്ച് ഐഎസ്ആർഒ; ദൗത്യത്തിന്റെ പ്രത്യേകതകൾ
- Published by:Amal Surendran
- news18-malayalam
Last Updated:
ചരിത്രപരമായ ദൗത്യം എന്നാണ് ഐഎസ്ആർഒ ചെയർമാൻ ഡോ എസ് സോമനാഥ് ഈ ദൗത്യത്തെ വിശേഷിപ്പിച്ചത്.
ബ്രിട്ടനിലെ വണ്‍വെബ് (OneWeb) കമ്പനിയുടെ 36 ഉപഗ്രങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച് ചരിത്രം കുറിച്ച് ഐഎസ്ആർഒ (Indian Space Research Organisation). ഞായറാഴ്ച (ഒക്ടോബർ 23) പുലർച്ചെ 12.07നായിരുന്നു ദൗത്യം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം നടത്തിയത്. വൺവെബും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡും (New Space India Limited (NSIL)) തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ദൗത്യം പൂർത്തിയാക്കിയത്. എല്‍.വി.എം–എം 3 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. എൽവിഎം-3 (LVM-3) യുടെ ആദ്യ വാണിജ്യ വിക്ഷേപണമാണിത്.
ജിഎസ്എൽവി മാർക് 3 ആണ് എൽവിഎം 3 എന്ന പേരിൽ പുനർനാമകരണം ചെയ്തത്. ലോ എർത്ത് ഓർബിറ്റിൽ (LEO) നിന്ന് 1,200 കിലോമീറ്റർ ഉയരത്തിലാണ് വൺവെബ് ഉപഗ്രഹങ്ങൾ ഉള്ളത്. മൊത്തം 5,796 കിലോ പേലോഡ് വഹിച്ച ആദ്യ ഇന്ത്യൻ റോക്കറ്റ് ദൗത്യം എന്ന പ്രത്യേകതയും ഈ വിക്ഷേപണത്തിനുണ്ട്.
"വൺവെബിന് ആറ് വിക്ഷേപണങ്ങൾ ആവശ്യമായിരുന്നു. യുക്രെയ്‌നും റഷ്യയും തമ്മിലുള്ള യുദ്ധം ഈ ലക്ഷ്യത്തിന് തടസമായി എന്നാൽ ഇന്ത്യ ഞങ്ങൾക്ക് പിന്തുണ നൽകി. മുൻഗണനാടിസ്ഥാനത്തിൽ ഞങ്ങൾ രണ്ട് ലോഞ്ചുകൾ കൊണ്ടുവന്നു", വൺവെബ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ ഇന്ത്യാ ടുഡേയോട് പറഞ്ഞു.
advertisement
ചരിത്രപരമായ ദൗത്യം എന്നാണ് ഐഎസ്ആർഒ ചെയർമാൻ ഡോ എസ് സോമനാഥ് ഈ ദൗത്യത്തെ വിശേഷിപ്പിച്ചത്. "ഐഎസ്ആർഒയുടെ എൽവിഎം3 റോക്കറ്റ്, സ്വകാര്യ കമ്മ്യൂണിക്കേഷൻസ് സ്ഥാപനമായ വൺവെബിന്റെ 36 ഉപഗ്രഹങ്ങളാണ് വഹിക്കുന്നത്. 36 വൺവെബ് ഉപഗ്രഹങ്ങളുടെ മറ്റൊരു സെറ്റ് അടുത്ത വർഷം ആദ്യം വിക്ഷേപിക്കും'', എസ് സോമനാഥ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ പിന്തുണയോടെയാണ് ഈ ദൗത്യം സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ ദീപാവലി ആഘോഷങ്ങൾക്ക് ശ്രീഹരിക്കോട്ടയിൽ തുടക്കം കുറിച്ചുവെന്നായിരുന്നു വിക്ഷേപണം വിജയകരമാണെന്ന് അറിയിച്ചുകൊണ്ടുള്ള വാർത്താ സമ്മേളനത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാ ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍ എത്തിച്ചതായും ഐഎസ്ആർഒ അറിയിച്ചു.
advertisement
ഇന്റർനെറ്റ് സേവനം എത്തിക്കുക അസാധ്യമാണെന്ന് കരുതിയിരുന്ന മേഖലകളിലേക്കു കൂടി കണക്റ്റിവിറ്റി നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിക്ഷേപണം. വിക്ഷേപണത്തിനായി 1000 കോടിയിലധികം രൂപ കരാറിലാണ് വൺവെബ് ഒപ്പുവെച്ചത്. സമാനമായ മറ്റൊരു ജിഎസ്എൽവി വിക്ഷേപണം 2023 ജനുവരിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
യുകെ ആസ്ഥാനമായുള്ള ഇന്റർനെറ്റ് സേവനദാതാക്കളാണ് വൺവെബ്. ഇവർ ഉപഗ്രഹങ്ങളിൽ നിന്നു നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് ചെയ്യുന്നത്. സർക്കാരുകൾക്കും ബിസിനസുകൾക്കും വൺവെബ് കമ്പനി ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നുണ്ട്. ഭാരതി എയർടെലിനും വൺവെബിൽ ഓഹരി പങ്കാളിത്തമുണ്ട്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 25, 2022 11:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ISRO | 36 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ചു; ചരിത്രം കുറിച്ച് ഐഎസ്ആർഒ; ദൗത്യത്തിന്റെ പ്രത്യേകതകൾ