“നോക്കിയ” എന്ന വാക്ക് രൂപപ്പെടുത്തുന്ന അഞ്ച് വ്യത്യസ്ത രൂപങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ ലോഗോ. പഴയ ലോഗോയുടെ നീല നിറം പൂർണ്ണമായി ഉപേക്ഷിച്ചു, പകരം നിരവധി നിറങ്ങളുടെ ഒരു സംയോജനമാണ് പുതിയ ലോഗോയിലുള്ളത്.
“സ്‌മാർട്ട്‌ഫോൺ വിപണിയുമായി ഞങ്ങൾക്ക് ബന്ധമുണ്ടായിരുന്നു, പക്ഷെ ഇപ്പോൾ ഞങ്ങൾ ഒരു ടെക്‌നോളജി ബിസിനസ്സ് കമ്പനിയാണ്,” നോക്കിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് പെക്ക ലൻഡ്‌മാർക്ക് റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
advertisement
ബാഴ്‌സലോണയിൽ വച്ച് നടക്കുന്ന വാർഷിക മൊബൈൽ വേൾഡ് കോൺഗ്രസിന് (എംഡബ്ല്യുസി) മുന്നോടിയായി നടത്തിയ ബിസിനസ്സ് അപ്‌ഡേറ്റിൽ സംസാരിക്കുകയായിരുന്നു പെക്ക ലൻഡ്‌മാർക്ക്. മാർച്ച് 2 വരെയാണ് മൊബൈൽ വേൾഡ് കോൺഗ്രസിന് ബാഴ്‌സലോണ വേദിയാകുന്നത്.
പ്രതിസന്ധിയിലായിരുന്ന കമ്പനിയിൽ 2020ൽ ചുമതലയേറ്റ ലൻഡ്മാർക്ക് പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ലക്‌ഷ്യം വച്ചത്. കമ്പനി റീസെറ്റ് ചെയ്യുക, വളർച്ചയുടെ വേഗത കൂട്ടുക, ലാഭം വർധിപ്പിക്കുക എന്നതായിരുന്നു അത്. കമ്പനിയുടെ റീസെറ്റിങ് ഘട്ടം പൂർത്തിയായി എന്നും, രണ്ടാം ഘട്ടത്തിന്റെ ആരംഭമാണ് ഇതെന്നും ലൻഡ്മാർക്ക് വ്യക്തമാക്കി.
“കഴിഞ്ഞ വർഷം കമ്പനിയ്ക്ക് എന്റർപ്രൈസസിൽ 21% വളർച്ചയുണ്ടായി, ഇത് നിലവിൽ ഞങ്ങളുടെ വിൽപ്പനയുടെ 8% ആണ്, അതായത് ഏകദേശം 2 ബില്യൺ യൂറോ (2.11 ബില്യൺ ഡോളർ), അത് കഴിയുന്നത്ര വേഗത്തിൽ ഇരട്ട അക്കത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്. അതാണ് കമ്പനിയുടെ ലക്ഷ്യം.” ലൻഡ്‌മാർക്ക് പറഞ്ഞു.
പ്രമുഖ ടെക്‌നോളജി സ്ഥാപനങ്ങൾ നോക്കിയ പോലുള്ള ടെലികോം ഗിയർ നിർമ്മാതാക്കളുമായി സഹകരിച്ച് സ്വകാര്യ 5G നെറ്റ്‌വർക്കുകളും ഓട്ടോമേറ്റഡ് ഫാക്ടറികൾക്കുള്ള ഗിയറുകളും ഉപഭോക്താക്കൾക്ക് വിൽക്കുന്നുണ്ട്, ഇത് കൂടുതലും നിർമ്മാണ മേഖലയിലാണ്. നോക്കിയ അതിന്റെ വ്യത്യസ്ത ബിസിനസുകളുടെ വളർച്ചാ നിരക്ക് അവലോകനം ചെയ്യാനും ഓഹരി വിറ്റഴിക്കൽ ഉൾപ്പെടെയുള്ള ബദലുകൾ പരിഗണിക്കാനും പദ്ധതിയിടുന്നുണ്ട്.
ഫാക്ടറി ഓട്ടോമേഷനിലേക്കും ഡാറ്റാ സെന്ററുകളിലേക്കുമുള്ള നോക്കിയയുടെ ചുവട് മാറ്റം ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയവരുമായുള്ള മത്സരമായി കണക്കാക്കപ്പെടുന്നു.
ഇതിനുള്ള ലൻഡ്മാർക്കിന്റെ മറുപടി ഇങ്ങനെയായിരുന്നു, “ഒന്നിലധികം വ്യത്യസ്‌ത തരത്തിലുള്ള ഇടപാടുകൾ ഉണ്ടാകും, ചിലപ്പോൾ അവർ ഞങ്ങളുടെ പങ്കാളികളായിരിക്കും, ചിലപ്പോൾ അവർ ഞങ്ങളുടെ ഉപഭോക്താക്കൾ ആകാം, അവർ എതിരാളികളാകുന്ന സാഹചര്യങ്ങളും ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.”
ടെലികോം ഗിയർ വിപണി വൻ സമ്മർദ്ദത്തിലാണ്. ഇന്ത്യയിലെ വളർച്ച ഇല്ലായ്‌മയെ തുടർന്ന് 8,500ഓളം ജീവനക്കാരെ എതിരാളികളായ എറിക്സൺ പിരിച്ചുവിട്ടു. എന്നാൽ ലൻഡ്മാർക്കിന്റെ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യത്യസ്തമാണ് , അദ്ദേഹം പറയുന്നത് “ഇന്ത്യ തങ്ങളുടെ അതിവേഗം വളരുന്ന വിപണിയാണ്” എന്നാണ്.
വിപണിയിലെ നോക്കിയയുടെ പുതിയ മാറ്റങ്ങളോടെയുള്ള വരവ് എന്ത് മാറ്റമാണ് പൊതുവിൽ ഉണ്ടാക്കുക എന്നാണ് ടെക് ലോകം കാത്തിരിക്കുന്നത്.
