Smartphone | 2030 ആകുമ്പോഴേക്കും സ്മാർട്ട‍്‍ഫോണിനോട് ആളുകളുടെ പ്രിയം കുറയും; കാരണം വ്യക്തമാക്കി Nokia സിഇഒ
- Published by:Sarath Mohanan
- news18-malayalam
Last Updated:
പറയുന്നത് ലോകത്ത് മൊബൈൽ ഫോൺ വിപ്ലവത്തിന് തുടക്കമിട്ട കമ്പനികളിൽ ഒന്നായ നോക്കിയയുടെ സിഇഒ പെക്ക ലുണ്ട്മാർക്കാണ്.
സ്മാർട്ട‍്‍ഫോണുകൾ (Smartphone) ഇല്ലാത്ത ഒരു കാലത്തെക്കുറിച്ച് ഇന്ന് നമുക്ക് ചിന്തിക്കാൻ പോലുമാവില്ല. എല്ലാം നടക്കുന്നത് ഇന്ന് ഫോണുകൾ വഴിയാണ്. സംസാരിക്കുന്നതിന് വേണ്ടി ഫോണിൽ വിളിക്കുകയെന്നത് ഇപ്പോൾ വലിയ കാര്യമേയല്ല. ഒരു ഫോൺ ഉണ്ടെങ്കിൽ ഇപ്പോൾ നടക്കാത്തതായി ഒന്നുമില്ല. എന്നാൽ സ്മാർട്ട‍്‍ഫോണുകളുടെ സുവർണകാലം അടുത്ത എട്ട് വർഷത്തോടെ അവസാനിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുമോ? പറയുന്നത് ലോകത്ത് മൊബൈൽ ഫോൺ (Mobile Phone) വിപ്ലവത്തിന് തുടക്കമിട്ട കമ്പനികളിൽ ഒന്നായ നോക്കിയയുടെ (Nokia) സിഇഒ പെക്ക ലുണ്ട്മാർക്കാണ് (Pekka Lundmark).
ലോകത്ത് 2030ഓടെ സ്മാർട്ട‍്‍ഫോൺ ഉപയോഗം വല്ലാതെ കുറയുമെന്ന് പ്രവചിച്ചിരിക്കുകയാണ് ലുണ്ട്മാർക്ക്. ലോക എക്കണോമിക് ഫോറം 2022ൽ (WEF 2022) സംസാരിക്കുകയായിരുന്നു അദ്ദേഹം. 6G സാങ്കേതിക വിദ്യയുള്ള മൊബൈൽ നെറ്റ‍്‍വർക്കുകൾ 2030ഓടെ സജീവമാവുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. അതേ സമയം ആവുമ്പോഴേക്ക് മറ്റ് ഡിവൈസുകൾ സ്മാർട്ട‍്‍ഫോണുകൾക്ക് പകരക്കാരായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്മാർട്ട് വിയറബിൾസ് അടക്കമുള്ളവ ലോകത്തെ മാറ്റിമറിക്കുന്ന കാലമാണ് വരാൻ പോവുന്നത്. ഇത് കൂടാതെ ശരീരത്തിൽ ഇലക്ട്രോണിക് ചിപ്പുകൾ ഘടിപ്പിക്കുന്ന സാങ്കേതിക വിദ്യ വരെ വൈകാതെ വരും. 6Gയുടെ വരവോടെ ഇന്ന് കാണുന്ന സാങ്കേതികവിദ്യയുടെ സംവിധാനം അപ്പാടെ മാറിമറിയുകയും സ്മാർട്ട‍്‍ഫോണുകൾ വലിയ പ്രിയമില്ലാത്ത വസ്തുവായി മാറുകയും ചെയ്യുമെന്ന് ലുണ്ട്മാർക്ക് പറഞ്ഞു.
advertisement
2022ൽ നിന്ന് നോക്കുമ്പോൾ സ്മാർട്ട‍്‍ഫോൺ ഇല്ലാത്ത കാലം എങ്ങനെയെന്ന് ചിന്തിക്കുക പോലും പ്രയാസമാണ്. ഭക്ഷണവും സാധനങ്ങളും ഓർഡർ ചെയ്യുന്നതിനും കാർ ബുക്ക് ചെയ്യുന്നതിനും ബാങ്ക് ഇടപാടുകൾക്കുമെല്ലാം ഇന്ന് ആളുകൾ സ്മാർട്ട‍്‍ഫോണുകളെയാണ് ആശ്രയിക്കുന്നത്. 5G ഇത് വരെ ഉപയോഗിച്ച് തുടങ്ങാത്തത് കൊണ്ട് 6G ആവുമ്പോഴേക്ക് എന്ത് മാറ്റമാണ് വരികയെന്നത് ഇപ്പോൾ നമുക്ക് പ്രവചിക്കുക എളുപ്പമല്ല.
അടുത്ത വർഷം ആദ്യം മുതൽ തന്നെ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് 5G നെറ്റ‍്‍വർക്ക് സൌകര്യം ലഭിച്ച് തുടങ്ങും. ഇതിനുള്ള ലേലം ഈ വർഷം തന്നെ നടന്നേക്കും.
advertisement
ടെലികോം കമ്പനികൾ 5Gക്ക് വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും ഇപ്പോൾ തന്നെ നടത്തിയിട്ടുണ്ട്. നിലവിലുള്ള ഉപകരണങ്ങൾ വഴി റെയ്ഞ്ചും മറ്റും പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ട്. ഇനി പൊതുജനങ്ങൾക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള അനുമതി മാത്രമാണ് ലഭിക്കാനുള്ളത്. ജപ്പാൻ പോലുള്ള ചില രാജ്യങ്ങൾ ഇപ്പോൾ തന്നെ 6G നെറ്റ‍്‍വർക്ക് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ പ്രാവർത്തികമാകാൻ 2030 വരെയെങ്കിലും കാത്തിരിക്കേണ്ടി വരും.
നിലവിലുള്ള നെറ്റ‍്‍വർക്കുകളേക്കാൾ ആയിരം മടങ്ങ് ഡാറ്റ സ്പീഡ് വേഗത നൽകാൻ 6Gക്ക് സാധിക്കുമെന്ന് വിദഗ്ദർ വിലയിരുത്തുന്നു. ലോകത്തിൻെറ ആകെ മുഖഛായ തന്നെ 6Gയുടെ വരവോടെ മാറിയേക്കും. ന്യൂറൽ ലിങ്ക് അടിസ്ഥാനമാക്കിയുള്ള ഡിവൈസുകളായിരിക്കും ഇനി ഭാവിയിൽ വരാൻ പോവുന്നത്. അപ്പോഴേക്കും സ്മാർട്ട‍്‍ഫോണുകൾ അപ്രത്യക്ഷമായി തുടങ്ങുമെന്ന് വിദഗ്ദർ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 31, 2022 10:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Smartphone | 2030 ആകുമ്പോഴേക്കും സ്മാർട്ട‍്‍ഫോണിനോട് ആളുകളുടെ പ്രിയം കുറയും; കാരണം വ്യക്തമാക്കി Nokia സിഇഒ