വിവിധതരം മ്യൂച്വൽ ഫണ്ടുകൾ
ഇക്വിറ്റി ഫണ്ട്: ഇക്വിറ്റികളായി അഥവാ കമ്പനികളുടെ ഓഹരികളായി പണം നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഇക്വിറ്റി ഫണ്ട്. ദീർഘകാല നിക്ഷേപങ്ങൾക്ക് അനുയോജ്യമായ സ്കീമാണ് ഇത്. ഇക്വിറ്റി ഫണ്ടുകളിൽ ഉയർന്ന വരുമാനം ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. വിവിധതരം ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ ഇവയാണ്:
ലാർജ് ക്യാപ് ഫണ്ട്: വൻകിട ബിസിനസുകൾ നടത്തുന്ന സ്ഥാപനങ്ങളിൽ മാത്രം നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടാണ് ലാർജ് ക്യാപ് ഫണ്ട്. ദീർഘ കാലയളവിൽ സുസ്ഥിരമായ വരുമാനം വാഗ്ദാനം ചെയ്യുന്നവയാണ് ലാർജ് ക്യാപ് ഫണ്ടുകൾ.
advertisement
മിഡ് ക്യാപ് ഫണ്ട്: ഇടത്തരം കമ്പനികളിൽ നിക്ഷേപിക്കുന്ന ഫണ്ടാണ് മിഡ് ക്യാപ് മ്യൂച്വൽ ഫണ്ട്. വിപണിയിലുണ്ടാകുന്ന വ്യതിയാനങ്ങൾ വൻകിട കമ്പനികളെ അപേക്ഷിച്ച് കൂടുതലായി ബാധിക്കുക ഇടത്തരം കമ്പനികളെയായിരിക്കും. അതിനാൽ, ഉയർന്ന വരുമാനം നേടാൻ സാധ്യതയുണ്ടെങ്കിലും നഷ്ടം സംഭവിക്കാനുള്ള സാധ്യതയും മിഡ് ക്യാപ് ഫണ്ടുകളിൽ കൂടുതലാണ്.
സ്മോൾ ക്യാപ് ഫണ്ട്: ചെറുകിട കമ്പനികളിൽ നിക്ഷേപിക്കുന്ന ഫണ്ടാണ് സ്‌മോൾ ക്യാപ് ഫണ്ട്. മറ്റു ഫണ്ടുകളെ അപേക്ഷിച്ച് വരുമാന സാധ്യതയും നഷ്ടസാധ്യതയും സ്‌മോൾ ക്യാപ് ഫണ്ടുകളിൽ കൂടുതലാണ്.
മൾട്ടി ക്യാപ് ഫണ്ട്: വൻകിട, ഇടത്തരം, ചെറുകിട കമ്പനികളിൽ ഒരേസമയം നിക്ഷേപിക്കുന്ന ഫണ്ടാണ് മൾട്ടി ക്യാപ് ഫണ്ട്.
സെക്ടർ ഫണ്ട്: ഏതെങ്കിലും പ്രത്യേക ബിസിനസ് മേഖലയുമായി ബന്ധപ്പെട്ട കമ്പനികളിൽ മാത്രം നിക്ഷേപിക്കുന്ന ഫണ്ടാണ് സെക്ടർ ഫണ്ട്. ഉദാഹരണത്തിന്, ടെക്‌നോളജി ഫണ്ടുകൾ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികളിൽ മാത്രം നിക്ഷേപം നടത്തുന്നു.
തീമാറ്റിക് ഫണ്ട്: പൊതുവായ ഒരു പ്രമേയത്തെ മുൻനിർത്തി നിക്ഷേപം നടത്തുന്ന ഫണ്ടുകളാണ് തീമാറ്റിക് ഫണ്ടുകൾ. ഉദാഹരണത്തിന്, ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടുകൾ ആ മേഖലയുടെ വളർച്ച പ്രയോജനപ്പെടുത്തുന്ന കമ്പനികളിൽ പണം നിക്ഷേപിക്കുന്നു.
നികുതി ലാഭിക്കാവുന്ന മ്യൂച്വൽ ഫണ്ടുകൾ: 1961ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 80 സി പ്രകാരം നികുതിയിളവ് ലഭിക്കുന്ന മ്യൂച്വൽ ഫണ്ട് പദ്ധതിയാണ് ഇ എൽ എസ് എസ് അഥവാ ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്‌കീം. മൂന്ന് വർഷത്തെ ലോക്ക് ഇൻ കാലാവധിയുള്ള ഈ പദ്ധതിയിലൂടെ 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കും. അതായത്, ഇ എൽ എസ് എസിനു കീഴിൽ നിങ്ങൾ 50,000 രൂപ നിക്ഷേപിച്ചാൽ നികുതി ബാധകമായ ആകെ വരുമാനത്തിൽ നിന്ന് ഈ തുക കുറയ്ക്കും. അതോടെ നിങ്ങളുടെ മേലുള്ള നികുതി ബാധ്യത കുറയും.
വരുമാന ഫണ്ട്/ ബോണ്ട് ഫണ്ട്/ സ്ഥിരവരുമാന ഫണ്ട്
സർക്കാർ സെക്യൂരിറ്റികൾ, സർക്കാർ ബോണ്ടുകൾ, വാണിജ്യ പേപ്പറുകൾ, കടപ്പത്രങ്ങൾ, നിക്ഷേപങ്ങളുടെ ബാങ്ക് സർട്ടിഫിക്കറ്റുകൾ, ട്രഷറി ബില്ലുകളും വാണിജ്യ പേപ്പറുകളും പോലുള്ള മണി മാർക്കറ്റ് ഉപകരണങ്ങൾ തുടങ്ങിയ സ്ഥിരവരുമാന സെക്യൂരിറ്റികളിൽ ഇവ നിക്ഷേപം നടത്തുന്നു. താരതമ്യേന സുരക്ഷിതമായ നിക്ഷേപ പദ്ധതികളാണ് ഇവ. കൂടാതെ വരുമാനം സൃഷ്ടിക്കാനും ഇത് അനുയോജ്യമാണ്. ലിക്വിഡ് ഫണ്ടുകൾ, ഹ്രസ്വകാല ഫണ്ടുകൾ, ഫ്ലോട്ടിങ് റേറ്റ് ഫണ്ട്, കോർപ്പറേറ്റ് കടം, ഡൈനാമിക് ബോണ്ട്, ഗിൽറ്റ് ഫണ്ടുകൾ എന്നിവ ഉദാഹരണങ്ങളാണ്.
ഹൈബ്രിഡ് ഫണ്ട്
ഓഹരികളിലും സ്ഥിരവരുമാനത്തിലും ഒരുപോലെ നിക്ഷേപം നടത്തുന്ന ഫണ്ടുകളാണ് ഹൈബ്രിഡ് ഫണ്ടുകൾ. അതിനാൽ ഉയർന്ന വളർച്ചാ സാധ്യതയും വരുമാനവും ഇവ വാഗ്ദാനം ചെയ്യുന്നു. അഗ്രസീവ് ബാലൻസ്‌ഡ് ഫണ്ടുകൾ, കൺസർവേറ്റീവ് ബാലൻസ്‌ഡ് ഫണ്ടുകൾ, പെൻഷൻ പദ്ധതികൾ, ചൈൽഡ് പ്ലാനുകൾ, മാസവരുമാന പദ്ധതികൾ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
ഏത് പദ്ധതിയാണ് നമുക്ക് അനുയോജ്യമെന്ന് എങ്ങനെ കണ്ടെത്താം?
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ തീരുമാനിച്ചാൽ അടുത്ത പടി നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ പദ്ധതി കണ്ടെത്തുക എന്നതാണ്. നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾ എന്തൊക്കെ, എത്ര കാലാവധിയുടെ പദ്ധതിയാണ് നിങ്ങൾക്ക് ആവശ്യം, നിക്ഷേപത്തിൽ നിങ്ങൾക്ക് എത്രത്തോളം റിസ്ക് എടുക്കാൻ കഴിയും മുതലായ കാര്യങ്ങൾ വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമേ നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കാവൂ.
ഒരു ദീർഘകാല പദ്ധതിയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിലും അതിനായി അൽപ്പം റിസ്ക് എടുക്കാൻ തയ്യാറാണെങ്കിലും ഇക്വിറ്റി ഫണ്ടോ ബാലൻസ്‌ഡ് ഫണ്ടോ ആയിരിക്കും നിങ്ങൾക്ക് അനുയോജ്യമായത്. എന്നാൽ, ഏതാനും മാസങ്ങൾ പണം സൂക്ഷിച്ചു വെക്കാനോ മറ്റോ ഉള്ള ഹ്രസ്വകാല പദ്ധതിയാണ് നിങ്ങൾ തേടുന്നതെങ്കിൽ ലിക്വിഡ് ഫണ്ട് തിരഞ്ഞെടുക്കുന്നതാവും ഉചിതം. അതേസമയം, പതിവായി വരുമാനം നേടുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഒരു മാസവരുമാന പദ്ധതിയോ വരുമാന ഫണ്ടോ ആയിരിക്കും മികച്ച ഓപ്‌ഷൻ.
ഏത് തരത്തിലുള്ള ഫണ്ടിലാണ് നിക്ഷേപിക്കേണ്ടത് എന്ന് തീരുമാനിച്ചതിന് ശേഷം വിവിധ അസറ്റ് മാനേജ് കമ്പനികൾ (എ എം സി) വാഗ്ദാനം ചെയ്യുന്ന വ്യത്യസ്ത സ്കീമുകളിൽ ഏതിലാണ് നിക്ഷേപം നടത്തേണ്ടത് എന്ന കാര്യം തീരുമാനിക്കുക. അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ ട്രാക്ക് റെക്കോർഡ്, പ്രസ്തുത സ്‌കീമിന്റെ അനുയോജ്യത, പോർട്ട്ഫോളിയോ വിശദാംശങ്ങൾ എന്നിവ വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊള്ളാവൂ. നിക്ഷേപം നടത്തുന്നതിന് മുമ്പ് സ്‌കീം ഫാക്റ്റ് ഷീറ്റ്സ്, കീ ഇൻഫർമേഷൻ മെമ്മോറാണ്ടം എന്നീ രേഖകൾ ഓരോ നിക്ഷേപകനും കൃത്യമായി പരിശോധിച്ചിരിക്കണം. വിശദമായ വിവരങ്ങൾക്ക് സ്‌കീം ഇൻഫർമേഷൻ രേഖയും പരിശോധിക്കാം. ഈ രേഖകളെല്ലാം ഓരോ മ്യൂച്വൽ ഫണ്ടിന്റെയും വെബ്‌സൈറ്റിൽ ലഭ്യമാണ്.
മ്യൂച്വൽ ഫണ്ടുകളുടെ നേട്ടങ്ങൾ എന്തൊക്കെ?
നിക്ഷേപത്തിലെ വൈവിധ്യമാണ് മ്യൂച്വൽ ഫണ്ടുകളുടെ പ്രധാന നേട്ടം. വിവിധങ്ങളായ ആസ്തികളിൽ പണം നിക്ഷേപിക്കുന്നതിലൂടെ ഒരു പ്രത്യേക ആസ്തിയുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന നഷ്ടം മറ്റ് ആസ്തികളിലൂടെ മറികടക്കാൻ കഴിയും.
ധാരാളം നിക്ഷേപകർക്ക് വ്യക്തിഗത സ്റ്റോക്കുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിശദമായ ഗവേഷണം നടത്താനൊന്നും സമയം ലഭിക്കാറില്ല. അത്തരക്കാർക്ക് മ്യൂച്വൽ ഫണ്ടിലൂടെ ലഭിക്കുന്ന പ്രൊഫഷണൽ മാനേജ്‌മെന്റ് സേവനം വളരെയധികം പ്രയോജനപ്രദമായിരിക്കും.
ചില പ്രത്യേക മ്യൂച്വൽ ഫണ്ടുകൾക്ക് നികുതിയിളവ് ലഭിക്കുന്നു എന്നത് നിക്ഷേപകരെ ആകർഷിക്കുന്ന ഒരു പ്രധാന ഘടകമാണ്.
വളരെ എളുപ്പത്തിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്താൻ കഴിയും. ഓൺലൈൻ ആയോ ഓഫ്‌ലൈൻ ആയോ നിക്ഷേപം നടത്താവുന്നതാണ്. അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ വെബ്‌സൈറ്റിൽ കയറി ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിലൂടെ നിങ്ങൾക്ക് നിക്ഷേപം ആരംഭിക്കാം. അതല്ലെങ്കിൽ നേരിട്ട് അസറ്റ് മാനേജ് കമ്പനിയുടെ ഓഫീസിലെത്തിയും രേഖകൾ സമർപ്പിക്കാം.
