മൂണ്‍ലൈറ്റിംഗ് യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് അറിയിച്ചുകൊണ്ട് ഇന്‍ഫോസിസ് ജീവനക്കാര്‍ക്ക് അയച്ച സന്ദേശമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മൂണ്‍ലൈറ്റിംഗ് നിയമങ്ങള്‍ ലംഘിച്ചാല്‍ കരാര്‍ വ്യവസ്ഥകള്‍ അനുസരിച്ച് അച്ചടക്ക നടപടി എടുക്കുമെന്നും ജീവനക്കാരെ പിരിച്ചുവിട്ട് കരാര്‍ അവസാനിപ്പിക്കുമെന്നുമാണ് കമ്പനി ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് (employees) നല്‍കിയിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും കമ്പനി ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read-Amazon | ആമസോണിൽ ചില ജീവനക്കാർക്ക് വർക് ഫ്രം ഹോം തുടരാം: സിഇഒ ആൻഡി ജാസ്സി
advertisement
നേരത്തെ, വിപ്രോ ചെയര്‍മാര്‍ റിഷാദ് പ്രേജിയും ജീവനക്കാര്‍ക്ക് സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. കമ്പനിയോടുള്ള '' വഞ്ചന'' ആയാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ഇതോടെ തൊഴില്‍ കരാറുകളിലെ വ്യവസ്ഥകളില്‍ തൊഴിലുടമകള്‍ കടുത്ത നിലപാട് സ്വീകരിച്ചേക്കും.
അതേസമയം, എല്ലാ ഐടി വ്യവസായ പ്രമുഖരും മൂണ്‍ലൈറ്റിംഗ് എന്ന ആശയത്തിന് എതിരല്ല. മൂണ്‍ലൈറ്റിംഗിനെ ഒരു വഞ്ചനയായി കണക്കാക്കാനാകില്ലെന്നാണ് ഇന്‍ഫോസിസ് മുന്‍ ഡറക്ടര്‍ മോഹന്‍ദാസ് പൈ പറഞ്ഞത്. ഒരു നിശ്ചിത മണിക്കൂര്‍ ജോലി ചെയ്യണമെന്നാണ് കമ്പനിയും ജീവനക്കാരും തമ്മിലുള്ള കരാര്‍. ആ സമയത്തിനു ശേഷം എന്ത് ചെയ്യണമെന്ന് അവര്‍ക്ക് തീരുമാനിക്കാം. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ജീവനക്കാര്‍ക്ക് അവരുടെ ജോലി സമയത്തിനു ശേഷം എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ടെന്ന നിലപാട് തന്നെയാണ് പൂനെ ആസ്ഥാനമായുള്ള യൂണിയന്‍ നാസന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എംപ്ലോയീസ് സെനറ്റിന്റെ(NITES) അഭിപ്രായം.
ഇന്ത്യയില്‍, ഫാക്ടറി തൊഴിലാളികള്‍, ചില കടകളിലെ ജീവനക്കാര്‍, ചില വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് എന്നിവർക്ക് ഇരട്ട തൊഴില്‍ നിയന്ത്രിച്ചിട്ടുണ്ട്. എന്നാല്‍, പ്രാഥമിക ജോലിയ്ക്കൊപ്പം മറ്റ് ജോലികള്‍ ചെയ്യാനുള്ള മിക്ക നിയമങ്ങളും തൊഴിലാളികള്‍ക്ക് ബാധകമാണ്. ഇന്ത്യയില്‍ ഐടി പ്രൊഫഷണലുകള്‍ക്കോ അഡ്മിനിസ്ട്രേറ്റീവ് അല്ലെങ്കില്‍ സൂപ്പര്‍വൈസറി പദവികളില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കോ രണ്ട് ജോലി ചെയ്യുന്നത് സംബന്ധിച്ച് പ്രത്യേക നിയമങ്ങളൊന്നുമില്ല.
ഐടി മേഖലയിലെ ജീവനക്കാര്‍ ഇരട്ട തൊഴില്‍ ചെയ്യുന്നതിന് എതിരായ നിയമങ്ങള്‍ക്ക് വിധേയരല്ല എന്നാണ് നിയമ വിശകലന വിദഗ്ധരും അഭിഭാഷകരും പറയുന്നത്. ചെയ്യുന്ന ജോലിയിലെ വ്യവസ്ഥകള്‍ ലംഘിക്കുകയോ മറ്റോ ചെയ്യുകയാണെങ്കില്‍ മാത്രമേ മൂണ്‍ലൈറ്റിംഗ് ഒരു വഞ്ചനയായി കണക്കാക്കാവൂ എന്നാണ് വിലയിരുത്തല്‍.