Amazon | ആമസോണിൽ ചില ജീവനക്കാർക്ക് വർക് ഫ്രം ഹോം തുടരാം: സിഇഒ ആൻഡി ജാസ്സി
- Published by:user_57
- news18-malayalam
Last Updated:
കമ്പനി സിഇഒ ആൻഡി ജാസ്സി ഒരു കോൺഫറൻസിലാണ് ഇക്കാര്യം അറിയിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
കോവിഡ് 19 പ്രതിസന്ധിയിൽ നിന്ന് ലോകം കരകയറി തുടങ്ങിയതോടെ ലോകത്തെ ഒട്ടുമിക്ക കമ്പനികളും ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിക്കുകയാണ്. ചില കമ്പനികൾ ആവശ്യത്തിന് മാത്രം ജീവനക്കാർ ഓഫീസിലേക്ക് വന്നാൽ മതിയെന്ന് നിലപാടെടുത്തിട്ടുണ്ട്. ഓഫീസും വർക് ഫ്രം ഹോമും (Work From Home) ഒരു പോലെ കൊണ്ടുപോവുന്ന രീതിയിലുള്ള ഹൈബ്രിഡ് മോഡലിനും തുടക്കമായിട്ടുണ്ട്. ഇതിനിടയിൽ ചില ജീവനക്കാർക്ക് തൽക്കാലം കുറച്ച് കാലത്തേക്ക് കൂടി വർക് ഫ്രം ഹോം തന്നെ തുടരാൻ അനുവദിച്ചിരിക്കുകയാണ് ആമസോൺ (Amazon). കമ്പനി സിഇഒ ആൻഡി ജാസ്സി ഒരു കോൺഫറൻസിലാണ് ഇക്കാര്യം അറിയിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന കോർപ്പറേറ്റ് സ്റ്റാഫ് അംഗങ്ങളെ ഓഫീസിലേക്ക് തിരികെ കൊണ്ട് വരാൻ ആമസോൺ നിർബന്ധിക്കില്ലെന്ന് ലോസ് ഏഞ്ചൽസിൽ ബുധനാഴ്ച നടന്ന കോഡ് കോൺഫറൻസിൽ വെച്ചാണ് ജാസ്സി പറഞ്ഞതെന്ന് സിഎൻബിസിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. “എല്ലാവരും ഓഫീസിലേക്ക് തിരികെ വരണമെന്ന് ഞങ്ങൾ ഇപ്പോൾ തീരുമാനിച്ചിട്ടില്ല. ജോലി സാഹചര്യങ്ങളും മറ്റും പരിഗണിച്ച് പിന്നീട് മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളൂ,” അദ്ദേഹം പറഞ്ഞു.
ജീവനക്കാരിൽ പലരും ബുധനാഴ്ച മുതൽ തിരിച്ചെത്തിയെന്നും ജാസ്സി വ്യക്തമാക്കി. ഹാർഡ്‌വെയർ അല്ലെങ്കിൽ ക്രിയേറ്റീവ് യൂണിറ്റുകളിൽ ജോലി ചെയ്യുന്നവരിൽ ഭൂരിപക്ഷം പേരും ഓഫീസുകളിലേക്ക് മടങ്ങിയെത്തേണ്ടി വരും. എന്നാൽ എഞ്ചിനീയർമാർ അടക്കമുള്ള മറ്റുള്ളവർക്ക് വർക് ഫ്രം ഹോം തുടരാമെന്നും സിഇഒ വ്യക്തമാക്കി. “റിമോട്ട് ആയി ജോലി ചെയ്യുമ്പോൾ ചെയ്യാൻ സാധിക്കാത്ത സങ്കീർണമായ ചില കാര്യങ്ങൾ ഉണ്ടെന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. ഒരുപാട് മാറ്റങ്ങൾ വരുത്തുന്നത് പ്രായോഗികമല്ല,” ജാസ്സി കൂട്ടിച്ചേർത്തു.
advertisement
2020ൻെറ തുടക്കത്തിൽ ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ആമസോൺ ജീവനക്കാരോട് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടത്. ജീവനക്കാർ എപ്പോഴൊക്കെ ഓഫീസിൽ വരണമെന്നത് വ്യക്തിഗത മാനേജർമാർക്ക് തീരുമാനിക്കാമെന്ന് കമ്പനി പിന്നീട് വ്യക്തമാക്കി. ഇപ്പോൾ കമ്പനി വീണ്ടും ജീവനക്കാർ ഓഫീസിലേക്ക് നിർബന്ധമായും തിരികെ വരേണ്ടതില്ല എന്ന നിലപാടിലാണ് മുന്നോട്ട് പോവുന്നത്.
advertisement
“ചില ടീമുകൾ വർക് ഫ്രം ഹോം തുടരുന്നതിൽ കുഴപ്പമില്ലെന്ന് തന്നെയാണ് ഞങ്ങൾ കരുതുന്നത്. ചിലർ ഓഫീസിൽ വരികയും എന്നാൽ പകുതി സമയം വർക് ഫ്രം ഹോം ആയും തുടരും. ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടേണ്ട ടീമുകൾ ഓഫീസിൽ നിർബന്ധമായും വരേണ്ടതായും വരും,” ജാസ്സി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് വ്യക്തമാക്കുന്നു. “ഒരൊറ്റ രീതിയിൽ മാത്രമേ തുടരാവൂ എന്ന് നിർബന്ധം പിടിക്കില്ല. ഓരോ ടീമിനും ഏറ്റവും നന്നായി എങ്ങനെ പ്രവർത്തിക്കാമോ അങ്ങനെ തുടരാം,” അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ആപ്പിളും ഗൂഗിളും പോലുള്ള മറ്റ് കമ്പനികൾ ആഴ്ചയിൽ കുറച്ച് ദിവസമെങ്കിലും ഓഫീസിൽ നിന്ന് ജോലി ചെയ്യാൻ ജീവനക്കാരെ നിർബന്ധിച്ചിരിക്കുന്ന സമയത്താണ് ആമസോൺ വർക്ക് ഫ്രം ഹോം തുടരാമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 15, 2022 1:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Amazon | ആമസോണിൽ ചില ജീവനക്കാർക്ക് വർക് ഫ്രം ഹോം തുടരാം: സിഇഒ ആൻഡി ജാസ്സി