ആധാർ കാർഡ് കൈകാര്യം ചെയ്യുന്നതിന് ഓൺലൈനിൽ നിരവധി സേവനങ്ങൾ ലഭ്യമാണ്. ഇപ്പോൾ വീട്ടിലിരുന്ന് തന്നെ ഓൺലൈനായി ആധാർ കാർഡിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും മാറ്റം വരുത്തുന്നതിനും സാധിക്കും. ഓൺലൈൻ സേവനങ്ങൾ ഉപയോക്താക്കൾക്കിടയിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) എം-ആധാർ ആപ്പിന്റെ അപ്ഡേറ്റഡ് വേർഷൻ പുറത്തിറക്കി. ആധാറുമായി ബന്ധപ്പെട്ട 35 സേവനങ്ങൾ ഇനി മുതൽ ഓൺലൈനായി ഈ ആപ്പിലൂടെ ലഭ്യമാണ്.
വിപണി കീഴടക്കാൻ പുതിയ എസ്‌യുവിയുമായി ഹ്യൂണ്ടായ്; 'അൽകസർ' ജൂൺ 18ന് പുറത്തിറക്കും
advertisement
എം ആധാർ അപ്ഡേറ്റഡ് വേർഷൻ ആപ്പിലെ സേവനങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം യുഐഡിഎഐ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഉപയോക്താക്കളോട് പഴയ എം ആധാർ ആപ്പ് ഒഴിവാക്കിയ ശേഷം പുതിയത് ഡൗൺലോഡ് ചെയ്യാൻ യുഐഡിഎഐ ആവശ്യപ്പെട്ടു. എം ആധാർ ആപ്പിൽ പുതിയതായി അവതരിപ്പിച്ച 35 ഓൺലൈൻ സേവനങ്ങളിൽ മിക്കതും നേരത്തെ യുഐഡിഎഐ വെബ്സൈറ്റിൽ ലഭ്യമായിരുന്നതാണ്.
എം - ആധാർ ആപ്പിലെ പ്രധാനപ്പെട്ട സേവനങ്ങൾ
- ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാം
- ആധാർ സ്റ്റാറ്റസ് ചെക്ക് ചെയ്യാം
- യുഐഡി, ഇഐഡി എന്നിവ തിരിച്ചെടുക്കാനുള്ള സംവിധാനം
- ആധാർ വേരിഫിക്കേഷൻ സേവനം
- രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ/ ഇമെയിൽ അഡ്രസ് എന്നിവ മാറ്റാനും അപ്ഡേറ്റ് ചെയ്യാനുമുള്ള സംവിധാനം.
- വിർച്വൽ ഐഡി തയ്യാറാക്കാനുള്ള സംവിധാനം
- പേപ്പർരഹിത ഓഫ് ലൈൻ ഇ - വേരിഫിക്കേഷൻ
- അടുത്തുള്ള ആധാർ കേന്ദ്രം കണ്ടെത്താം
എം-ആധാർ ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?
- ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ അല്ലെങ്കിൽ യുഐഡിഎഐ ട്വിറ്റർ പേജിൽ നൽകിയ ലിങ്കിൽ tinyurl.com/yx32kkeq നിന്നോ എം ആധാർ ഡൗൺലോഡ് ചെയ്യാം.
- ഡൗൺലോഡ് ചെയ്യുമ്പോൾ ഔദ്യോഗിക വേർഷൻ തന്നെയാണ് എന്ന് ഉറപ്പാക്കാനായി ഡെവലപറുടെ പേര് യുഐഡിഎഐ എന്നാണെന്ന് ഉറപ്പാക്കുക.
- ഇതിൽ ഇൻസ്റ്റാൾ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
- ഡൗൺലോഡ് ചെയ്തശേഷം ആപ്പ് തുറന്ന് ആധാർ വിവരങ്ങളും ഫോൺ നമ്പറും നൽകി ലോഗിൻ ചെയ്യാം.
- ഐഒഎസ് ഉപഭോക്താക്കൾക്ക് ആപ്പിൾ ആപ് സ്റ്റോറിൽ നിന്നോ യുഐഡിഎഐ നൽകിയ (https://tinyurl.com/taj87tg) ഈ ലിങ്കിൽ നിന്നോ ആപ്പ് ഡൗൺലോഡ് ചെയ്യാം.
രാജ്യത്തെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കിടയിൽ ആധാർ സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് എം-ആധാർ ആപ്പ് കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി അപ്ഡേറ്റ് ചെയ്തത്.
