താരത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ലെങ്കിലും, ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കുന്ന ടീമിൽ അംഗമാണെന്നാണ് വിവരം.
ഗയാനയിൽ നിന്നുള്ള Kaieteur എന്ന ദിനപ്പത്രമാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. മറൂൺ രാക്ഷസൻ (‘Monster in Maroon) എന്ന തലക്കെട്ടാണ് അവർ നൽകിയത്.
ഗയാനയിൽ നിന്നുള്ള ഒരുകൂട്ടം സ്ത്രീകളാണ് താരത്തിനെതിരെ പരാതി നൽകിയിരിക്കുന്നതെന്നാണ് വിവരം. സംഭവം റിപ്പോർട്ട് ചെയ്ത സ്പോർട്സ്മാക്സ് ടിവി, ഇക്കാര്യത്തിൽ ക്രിക്കറ്റ് വെസ്റ്റിൻഡീസിന്റെ (CWI) പ്രതികരണം തേടിയിരുന്നു. എന്നാൽ ഇത്തരമൊരു സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വിശദമായി അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നുമായിരുന്നു ക്രിക്കറ്റ് വെസ്റ്റിൻഡീസ് അധ്യക്ഷന്റെ പ്രതികരണം.
advertisement
താരത്തിനെതിരെ പരാതി ഉന്നയിച്ച ഒരു യുവതിയുടെ അഭിഭാഷകൻ നൈജൽ ഹ്യൂഗ്സിന്റെ പ്രതികരണവും മാധ്യമങ്ങളിൽ വരുന്നുണ്ട്. രണ്ടു വർഷം മുൻപു തന്നെ ഈ യുവതി താരത്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നതായി അഭിഭാഷകൻ വ്യക്തമാക്കി. അന്ന് വിശദമായ അന്വേഷണം നടന്നെങ്കിലും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് അഭിഭാഷകൻ വിശദീകരിച്ചു. കൂടുതൽ പരാതികൾ ഉയർന്ന സാഹചര്യത്തിൽ പഴയ പരാതിക്ക് എന്തു സംഭവിച്ചുവെന്ന് അന്വേഷിച്ചെങ്കിലും, ഒരു വിവരവും ലഭിച്ചില്ലെന്നും അഭിഭാഷകൻ പറഞ്ഞു.
പുതിയ ആരോപണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഓസ്ട്രേലിയയ്‌ക്കെതിരെ അവരുടെ നാട്ടിൽ വിൻഡീസ് ടെസ്റ്റ് മത്സരം ജയിച്ച് ചരിത്രമെഴുതിയ സമയത്തായിരുന്നു അന്വേഷണം നടന്നതെന്നാണ് അഭിഭാഷകൻ പറയുന്നത്. അന്ന് ജയിച്ച ടീമിൽ അംഗമായിരുന്ന താരം നാട്ടിൽ തിരിച്ചെത്തിയ ശേഷം അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ലെന്നാണ് ആരോപണം.