ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ പ്രതിശ്രുത വരന്‍ പലാഷ് മുച്ചാലും ആശുപത്രിയില്‍. സ്മൃതിയുടെ പിതാവിന് പിന്നാലെ, അവരുടെ ഭാവി വരൻ പലാഷിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. വൈറൽ അണുബാധയും വർദ്ധിച്ച അസിഡിറ്റിയും കാരണമാണ് പലാഷിന് ചികിത്സയ്ക്കായി ഒരു സ്വകാര്യ ആശുപത്രിയിൽ പോകേണ്ടിവന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. അസുഖം ഗുരുതരമല്ലെന്നും ചികിത്സയ്ക്ക് ശേഷം, പലാഷ് ആശുപത്രി വിട്ട് ഹോട്ടലിലേക്ക് പോയെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
സംഗീതസംവിധായകൻ പലാഷ് മുച്ചലിന്റെയും സ്മൃതി മന്ദാനയുടെയും വിവാഹം ഞായറാഴ്ച (നവംബർ 23) നായിരുന്നു നിശ്ചയിച്ചിരുന്നത്. സ്മൃതി മന്ദാനയുടെ പിതാവ് ശ്രീനിവാസിന് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെ സാംഗ്ലിയിലെ സാംഡോളിലുള്ള മന്ദാന കുടുംബത്തിന്റെ ഫാംഹൗസിൽ വച്ചായിരുന്നു പിതാവിന് ഹൃദയാഘാതമുണ്ടായത്. ഇപ്പോൾ നില മെച്ചപ്പെട്ടെങ്കിലും കുറച്ചുനാൾ ആശുപത്രിയിൽ തുടരണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.
പിതാവിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത്, അദ്ദേഹം സുഖം പ്രാപിക്കുന്നതുവരെ വിവാഹം മാറ്റിവയ്ക്കാൻ മന്ദാന തീരുമാനിച്ചതായി മന്ദാനയുടെ മാനേജർ തുഹിൻ മിശ്ര പറഞ്ഞു. മന്ദാനയുടെ പിതാവിന്റെ ആരോഗ്യസ്ഥിതി മെഡിക്കൽ സംഘം നിരീക്ഷിച്ചു വരികയാണെന്നാണ് കുടുംബ ഡോക്ടർ നമൻ ഷാ അറിയിച്ചത്.
