വനിതാ ടീമിൻ്റെ സെലക്ടറും മാനേജരുമായിരുന്ന മുൻ പേസ് ബൗളർ മഞ്ജുറുൾ ഇസ്ലാമിന് വഴങ്ങാത്തതിനാൽ തന്നെ വളരാൻ അനുവദിച്ചില്ലെന്നും ജഹനാര ആലം പറഞ്ഞു. Riasat Azim എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. നിലവിൽ താരം ബംഗ്ലാദേശ് വനിതാ ടീമിന്റെ ഭാഗമല്ല. മാനസികാരോഗ്യം മുന്‍നിര്‍ത്തി ക്രിക്കറ്റില്‍നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് ഇവർ.
'ഒരു തവണയല്ല, പല തവണ എനിക്ക് മോശം അനുഭവങ്ങളും സമീപനവും നേരിടേണ്ടിവന്നിട്ടുണ്ട്. ടീമുമായി ഇടപഴകുമ്പോള്‍ പല കാര്യങ്ങളെക്കുറിച്ചും, ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ പോലും, സംസാരിക്കാന്‍ കഴിയില്ല. പ്രത്യേകിച്ചും അത് നിങ്ങളുടെ വരുമാന മാര്‍ഗം കൂടിയാകുമ്പോള്‍', ജഹനാര പറഞ്ഞു.
advertisement
തൗഹീദ് മഹ്മൂദ് എന്ന് വിളിക്കുന്ന ടീം മാനേജ്‌മെന്റിന്റെ ഭാഗമായ ഒരാളാണ് തന്നെ ആദ്യം മോശമായി സമീപിക്കുന്നതെന്ന് ജഹനാര പറയുന്നു. 'ടീം കോര്‍ഡിനേറ്റര്‍ സര്‍ഫറാസ് ബാബു വഴിയാണ് ഇയാള്‍ തന്നെ സമീപിക്കുന്നത്. എന്തുകൊണ്ടാണ് അവര്‍ എന്നോട് മോശമായി പെരുമാറുന്നതെന്ന് എനിക്കറിയില്ല. ഞാന്‍ മിണ്ടാതിരിക്കാനും ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രമിച്ചു. ഞാന്‍ തന്ത്രപരമായി ആ ശ്രമം ഒഴിവാക്കിയപ്പോള്‍ പിറ്റേന്ന് മുതല്‍ മഞ്ജു ഭായ് (മഞ്ജുറുള്‍ ഇസ്ലാം) എന്നെ അപമാനിക്കാന്‍ തുടങ്ങി', ജഹനാര പറയുന്നു.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിലെ പല മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍നിന്നും പിന്തുണ തേടാന്‍ ശ്രമിച്ചിരുന്നുവെന്നും വനിതാ കമ്മിറ്റി മേധാവി നാദേല്‍ ചൗധരി പോലും താന്‍ നേരിട്ട പീഡനം തടയുന്നതില്‍ പരാജയപ്പെട്ടുവെന്നും ജഹനാര പറഞ്ഞു. ബിസിബി ചീഫ് എക്‌സിക്യൂട്ടീവ് നിസാമുദ്ദീന്‍ ചൗധരി പലതവണ തന്റെ പരാതികള്‍ അവഗണിച്ചുവെന്നും താരം ആരോപിച്ചു.
'2022 ലോകകപ്പിനിടെയാണ് മഞ്ജു ഭായി വീണ്ടും മോശമായി സമീപിക്കുന്നത്. അതോടെ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ സംഭവിച്ച എല്ലാ കാര്യങ്ങളെല്ലാം ബിസിബിയെ അറിയിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ നാദേല്‍ സാറിനോട് പലതവണ പറഞ്ഞു. എന്നാല്‍, അദ്ദേഹം ഒരു താത്കാലിക പരിഹാരമാണ് ഉണ്ടാക്കിയത്, പക്ഷേ താമസിയാതെ കാര്യങ്ങള്‍ പഴയപടിയായി', ജഹനാര പറയുന്നു.
മഞ്ജുറുളിന് വനിതാ കളിക്കാരുമായി അമിതമായി അടുക്കുന്ന ശീലമുണ്ടെന്നും ജഹനാര വെളിപ്പെടുത്തി. ഈ സ്വഭാവം കാരണം പല വനിതാ ക്രിക്കറ്റ് താരങ്ങളും അദ്ദേഹത്തെ ഒഴിവാക്കാറാണ് പതിവെന്നും താരം വെളിപ്പെടുത്തി.
'ഒരിക്കല്‍ ഞങ്ങളുടെ പ്രീ-ക്യാമ്പില്‍, ഞാന്‍ ബൗള്‍ ചെയ്യുമ്പോള്‍, അയാള്‍ വന്ന് എന്റെ തോളില്‍ കൈ വച്ചു. പെണ്‍കുട്ടികളെ അടുത്തേക്ക് വലിച്ചിഴയ്ക്കുന്നതും, നെഞ്ചോട് ചേര്‍ത്ത് അമര്‍ത്തിപ്പിടിക്കുന്നതും, അവരുടെ ചെവിക്ക് സമീപം സംസാരിക്കുന്നതുമെല്ലാം അയാള്‍ക്ക് ഒരു ശീലമായിരുന്നു. മത്സരങ്ങള്‍ക്ക് ശേഷം കൈകൊടുക്കുമ്പോള്‍ പോലും അയാള്‍ക്ക് ഞങ്ങളെ അടുത്തേക്ക് വലിക്കാന്‍ കഴിയാത്തവിധം ഞങ്ങള്‍ ദൂരെ നിന്നായിരുന്നു കൈകള്‍ നീട്ടിയിരുന്നത്. അതാ അയാള്‍ കെട്ടിപ്പിടിക്കാന്‍ വരുന്നുണ്ടെന്ന് ഞങ്ങള്‍ ടീം അംഗങ്ങള്‍ ആശങ്കയോടെ പറയുമായിരുന്നു.’
'ഒരിക്കല്‍ അയാള്‍ എന്റെ അടുത്തുവന്ന്, എന്റെ കൈ പിടിച്ചു, എന്റെ തോളില്‍ കൈവെച്ചു, എന്റെ ചെവിയോട് ചേര്‍ന്ന്, നിന്റെ ആര്‍ത്തവം എത്ര ദിവസമായി എന്ന് ചോദിച്ചു. ഐസിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ആരോഗ്യപരമായ കാരണങ്ങളാല്‍ ഫിസിയോകള്‍ കളിക്കാരുടെ ആര്‍ത്തവ ചക്രം ട്രാക്ക് ചെയ്യുന്നതിനാല്‍ അദ്ദേഹത്തിന് ഇതിനകംതന്നെ അത് അറിയാമായിരുന്നു. ഒരു മാനേജര്‍ക്കോ സെലക്ടര്‍ക്കോ ആ വിവരങ്ങള്‍ എന്തിനാണ് ആവശ്യമായി വന്നതെന്ന് എനിക്കറിയില്ല. 'അഞ്ച് ദിവസം' എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, 'അഞ്ച് ദിവസമോ? അത് ഇന്നലെ അവസാനിക്കേണ്ടതല്ലേ എന്നും നിങ്ങളുടെ ആര്‍ത്തവം കഴിയുമ്പോള്‍, എന്നോട് പറയൂ എന്നുമായിരുന്നു അയാള്‍ പറഞ്ഞത്', ജഹനാര പറയുന്നു.
ആരോപണങ്ങൾ നിഷേധിച്ച് മജ്റുൾ ഇസ്ലാമും സർഫറാസ് ബാബുവും
ഇതെല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നാണ് മഞ്ജുറുള്‍ ഇസ്ലാമിന്റെ പ്രതികരണം. താന്‍ നല്ലവനാണോ മോശക്കാരനാണോ എന്ന് നിങ്ങള്‍ക്ക് മറ്റ് ക്രിക്കറ്റ് കളിക്കാരോട് ചോദിക്കാമെന്നും മഞ്ജുറുള്‍ പറഞ്ഞു. ജഹനാര പറഞ്ഞതെല്ലാം കെട്ടിച്ചമച്ച കഥകളാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം തെളിവുകള്‍ കൊണ്ടുവരാനും മഞ്ജുറുള്‍ ആവശ്യപ്പെട്ടു.'
“ഒരു മരിച്ച മനുഷ്യനെ അവൾ വലിച്ചിഴയ്ക്കുന്നത് നിർഭാഗ്യകരമാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം അവൾ തെളിവുമായി വരണം എന്ന് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്,” സർഫറാസ് ബാബു പറഞ്ഞു.
ആരോപണങ്ങൾ തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആവശ്യമെങ്കിൽ അന്വേഷണം ആരംഭിക്കുമെന്നും ബിസിബി (ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്) ഉദ്യോഗസ്ഥർ പറഞ്ഞു. “ആരോപണങ്ങൾ വളരെ ഗൗരവമേറിയതാണ്, അതിനാൽ അടുത്ത നടപടി എന്തായിരിക്കണമെന്ന് ഞങ്ങൾ ആലോചിച്ച് തീരുമാനിക്കേണ്ടതുണ്ട്. ആവശ്യമാണെങ്കിൽ, ഞങ്ങൾ തീർച്ചയായും ഒരു അന്വേഷണം നടത്തും,” ബിസിബി വൈസ് ചെയർമാൻ ഷഖാവത് ഹുസൈൻ ക്രിക്ക് ബെസ്സിനോട് പറഞ്ഞു.
