സിറ്റിക്കൊപ്പം ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം ഉയർത്തിയ താരം ചാമ്പ്യൻസ് ലീഗ് കിരീടം കൂടി നേടി സിറ്റിയിൽ നിന്നും വിടപറയാം എന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും ഫൈനലിൽ ചെൽസിയോട് തോറ്റതോടെ നിരാശയായിരുന്നു ഫലം. ബാഴ്സയിലേക്കുള്ള വരവ് അഗ്വേറോക്ക് സ്പാനിഷ് ലീഗിലേക്കുള്ള ഒരു തിരിച്ചുവരവാണ്. നേരത്തെ സ്പാനിഷ് ലീഗിൽ അത്ലറ്റികോ മഡ്രിഡിൽ നിന്നുമാണ് 2011-12 സീസണിൽ അഗ്വേറോ സിറ്റിയിലെത്തിയത്.
Also Read- ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കടുപ്പം; ന്യൂസിലൻഡിന് നേരിയ മുൻതൂക്കം പ്രവചിച്ച് മക്കല്ലം
advertisement
സിറ്റിയിൽ ഒരു പതിറ്റാണ്ട് നീണ്ട് നിന്ന തൻ്റെ കരിയറിൽ സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായാണ് പടിയിറങ്ങുന്നത്. പ്രീമിയർ ലീഗിൽ ഒരു ടീമിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡും കൂടി പേരിലാക്കിയാണ് താരം സിറ്റി വിടുന്നത്. പ്രീമിയർ ലീഗിൽ തൻ്റെ ആദ്യകാലങ്ങളിൽ സിറ്റിയുടെ പടനായകനായിരുന്ന താരത്തിനെ പരിക്കുകൾ വേട്ടയാടാൻ തുടങ്ങിയതോടെ ടീമിലെ സ്ഥിരം സ്ഥാനം നഷ്ടപ്പെടുകായിരുന്നു. എന്നാലും തൻ്റെ ഗോളടി മികവ് താരത്തിന് ഇന്നും കൈമോശം വന്നിട്ടില്ല.
അതേസമയം ബാഴ്‌സയുമായി കരാറിലെത്തിയ അഗ്വേറോ താൻ വളരെയധികം സന്തോഷവാനാണെന്നും കൂടാതെ ക്ലബ്ബിൻ്റെ ഇതിഹാസ താരമായ ലയണൽ മെസ്സി ബാഴ്സലോണയിൽ തന്നെ തുടരും എന്ന് വ്യക്തമാക്കി. മെസ്സി അടുത്ത സീസണിലും ബാഴ്സയിൽ തുടരും എന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നത് എന്നാണ് അഗ്വേറോ പറഞ്ഞത്. ബാഴ്സലോണയിൽ മെസ്സിക്ക് ഒപ്പം കളിക്കാൻ ആകും എന്നാണ് തന്റെ പ്രതീക്ഷ. അത് നടക്കുമെന്നും അഗ്വേറോ പറഞ്ഞു.
"ഒരിക്കൽ ബാഴ്‌സയുടെ ശ്രദ്ധ എന്നിലേക്ക് വരുമെന്നു ചെറുപ്പത്തിൽ ഉറച്ചു വിശ്വസിച്ചിരുന്ന കാര്യം പ്രസിഡന്റ് ലപോർട്ടയോട് ഞാൻ പറഞ്ഞിരുന്നു. ഇപ്പോൾ ഞാൻ ഇവിടെയെത്തി. ബാഴ്‌സലോണ എന്നെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഞാൻ മടിച്ചു നിന്നില്ല. മറ്റൊരു ടീമുമായും എനിക്ക് സംസാരിക്കേണ്ടെന്ന് ഞാൻ ഏജന്റിനോട് പറയുകയും ചെയ്‌തു. അവരെന്റെ ഏജന്റിനെ ആദ്യമായി ബന്ധപ്പെട്ടത് വലിയ സന്തോഷമായിരുന്നു. പതിനാലാം വയസു മുതൽ ഞാൻ ആഗ്രഹിച്ച കാര്യമായിരുന്നു ഇത്. ഞാൻ വളരെ സന്തോഷവാനാണ്. ക്ലബിന് വേണ്ടി, അവർക്ക് മികച്ച നേട്ടങ്ങൾ സമ്മാനിക്കാൻ ഞാനെന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും. അതു സന്തോഷമാണ്. എന്നെ സംബന്ധിച്ച് ബാഴ്‌സലോണ എല്ലായ്പ്പോഴും ലോകത്തിലെ മികച്ച ടീമായിരുന്നു, മെസ്സിയും ഇവിടെയുണ്ട്." അഗ്വേറോ പറഞ്ഞു.
ഇതുകൂടാതെ മെസ്സിയുമായി കളിക്കളം പങ്കിടാൻ കഴിയുമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചു."ഞങ്ങൾക്ക് ഒരുമിച്ച് കളിക്കാൻ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇതെല്ലാം ലിയോ ക്ലബുമായി സംസാരിച്ച് എടുക്കേണ്ട തീരുമാനങ്ങളാണ്. താരത്തിനൊപ്പം കളിക്കാൻ കഴിയുന്നത് സന്തോഷമാണ്.വളരെക്കാലമായി മെസ്സിയെ അറിയുന്ന എനിക്ക് അദ്ദേഹം തുടരുമെന്നു തന്നെയാണ് പ്രതീക്ഷ." അഗ്വേറോ വ്യക്തമാക്കി.
Also Read- ടെസ്റ്റില്‍ ഒപ്പം കളിക്കാന്‍ ആഗ്രഹിക്കുന്ന താരങ്ങളുടെ പേരുമായി പാകിസ്താന്‍ താരം അസ്ഹര്‍
മെസ്സിയുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും തങ്ങൾ എപ്പോഴും തമ്മിൽ സംസാരിക്കാറുണ്ടെന്നും ബാഴ്‌സയുമായി കരാറിലെത്തിയപ്പോൾ താരം അഭിനന്ദിച്ചുവെന്നും അഗ്വേറോ പറഞ്ഞു. മെസ്സിയെ ക്ലബിൽ നിലനിർത്താൻ കൂടിയാണ് മെസ്സിയുടെ ഉറ്റ സുഹൃത്തായ അഗ്വേറോയെ ബാഴ്സ സൈൻ ചെയ്തത് എന്നാണ് സൂചനകൾ. മെസ്സിയെ ക്ലബിൽ നിലനിർത്താനായുള്ള ചർച്ചകൾ ഇപ്പോഴും സജീവമായി നടക്കുകയാണ്. ബാഴ്സയുടെ മുൻകാല മികവിൻ്റെ അടുത്തെങ്ങും എത്താനാകാതെ പാടുപെടുന്ന ടീമിൽ താരത്തിന് താത്പര്യമില്ല എന്നാണ് അറിയാൻ കഴിയുന്നത്. ഇത് തിരുത്തികുറിക്കാൻ പാകത്തിനുള്ള നിലയിലേക്ക് ടീമിനെ ഉയർത്താൻ ഉള്ള ശ്രമങ്ങൾ ടീം മാനേജ്മെൻ്റിൻ്റെ ഭാഗത്ത് നിന്നുണ്ടായൽ മാത്രമേ മെസ്സി തൻ്റെ പ്രിയപ്പെട്ട ക്ലബ്ബുമായി കരാറിൽ എത്തുകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ.