ഇന്ത്യന്‍ ക്രിക്കറ്റ് ടീം അവരുടെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നു പോകുന്നത്. രാജ്യാന്തര മത്സരരംഗത്ത് ഇന്ത്യന്‍ ടീം അവിസ്മരണീയ പ്രകടനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. ടീമിലെ സീനിയര്‍ ജൂനിയര്‍ ഒരു പോലെ മികവ് പ്രകടിപ്പിക്കുന്നു. ഇത്തരത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുന്ന താരങ്ങള്‍ ക്രിക്കറ്റിനെ പിന്തുടരുന്ന ലോകമെമ്പാടുമുള്ള ആള്‍ക്കാരില്‍ നിന്നും പ്രശംസ പിടിച്ചു പറ്റുന്നുമുണ്ട്. ഇതില്‍ സജീവ ക്രിക്കറ്റില്‍ നിലവിലുള്ളതും മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ദ്ധരും അങ്ങനെ എല്ലാവരും ഉള്‍പ്പെടും. ഇവരില്‍ പലരും ഇത്തരം താരങ്ങളുടെ കൂടെ കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് കൂടി വെളിപ്പെടുത്താറുണ്ട്. ചില കളിക്കാര്‍ ലോകത്തിലെ മികച്ച താരങ്ങളെ വച്ച് ടീം ഉണ്ടാക്കുമ്പോള്‍ അതില്‍ അവിഭാജ്യ ഘടകമായി ഇന്ത്യന്‍ താരങ്ങളും ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ പാകിസ്താന് താരമായ അസ്ഹര്‍ അലി അത്തരത്തില്‍ ഒരു വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ്.
ടെസ്റ്റ് മത്സരം കളിക്കുമ്പോള്‍ താന്‍ ഒരുമിച്ച് കളിക്കാന്‍ ആഗ്രഹിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്നാണ് അസ്ഹര്‍ വെളിപ്പെടുത്തിയത്. പാകിസ്താന് താരമായ അസ്ഹര്‍ വെളിപ്പെടുത്തിയ പേരുകള്‍ രണ്ട് ഇന്ത്യന്‍ താരങ്ങളുടേതാണ്. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് അസ്ഹര്‍ അലിയുടെ തുറന്ന് പറച്ചില്. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മില്‍ ലോകകപ്പിലെ മത്സരങ്ങളില്‍ അല്ലാതെ നേര്‍ക്കുനേര്‍ പരമ്പര കളിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണമാണ് ഇവര്‍ തമ്മിലുള്ള മത്സരങ്ങള്‍ നടക്കാത്തത്.
Also Read-WTC Final | ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കടുപ്പം; ന്യൂസിലൻഡിന് നേരിയ മുൻതൂക്കം പ്രവചിച്ച് മക്കല്ലംഅസ്ഹര് വെളിപ്പെടുത്തിയ താരങ്ങള്‍ നിലവില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുന്നവര്‍ അല്ല. അത് ഇന്ത്യയുടെ ഇതിഹാസ താരങ്ങളില്‍ രണ്ട് പേരായ വിവിഎസ് ലക്ഷ്മണും രാഹുല്‍ ദ്രാവിഡുമാണ്. ഇരുവര്‍ക്കും മികച്ച റെക്കോര്‍ഡാണ് ടെസ്റ്റിലുള്ളത്. ഇരുവരുടെ കൂട്ടുകെട്ടും വളരെ മികച്ചതാണ്. അങ്ങനെയിരിക്കെ അസ്ഹറിന്റെ തിരഞ്ഞെടുപ്പ് വളരെ മികച്ചതാണ് എന്ന് തന്നെ പറയാം. ട്വിറ്ററില്‍ തന്നോട് ചോദ്യം ഉന്നയിച്ച ആരാധകനോട് രസകരമായ രീതിയിലാണ് താരം മറുപടി നല്‍കിയത്. ടെസ്റ്റില്‍ താന്‍ ' വെരി വെരി സ്പെഷല്‍ ' ആയ ലക്ഷ്മണ്, ദ്രാവിഡ് എന്നിവരോടൊപ്പം ആണ് കളിക്കാന്‍ ആഗ്രഹിക്കുന്നത് എന്നാണ് താരം പറഞ്ഞത്.
മുന്‍ ഇന്ത്യന്‍ നായകനായിരുന്ന ദ്രാവിഡ് മൂന്നാം നമ്പറിലാണ് ഇന്ത്യക്കായി ടെസ്റ്റില്‍ ബാറ്റിങ്ങിനിറങ്ങിയിരുന്നത്. തന്റെ പ്രതിരോധത്തിലൂന്നിയ ബാറ്റിങ് ശൈലിയിലൂടെ ഇന്ത്യന്‍ നിരയെ കാത്തിട്ടുള്ള താരത്തിനെ ആരാധകര്‍ വന്മതില് എന്ന പേര് നല്‍കിയാണ് അഭിസംബോധന ചെയ്തിരുന്നത്. പേര് പോലെ തന്നെ കോട്ട കെട്ടിപ്പൊക്കി നില്ക്കുന്ന പോലെയാണ് ദ്രാവിഡ് ബൗളര്‍മാരെ നേരിട്ടിരുന്നത്. ഇന്ത്യക്കായി കളിച്ച 164 ടെസ്റ്റുകളില്‍ നിന്ന് 52.31 ശരാശരിയില്‍ 13288 റണ്‍സാണ് ദ്രാവിഡിന്റെ പേരിലുള്ളത്. അതില്‍ 36 സെഞ്ചുറികളും അഞ്ച് ഇരട്ട സെഞ്ചുറികളും 63 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു.
ഇതേപോലെ വിവിഎസ് ലക്ഷ്മണും ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നട്ടെല്ലായിരുന്നു. അഞ്ചാം നമ്പറില്‍ ഇറങ്ങിയിരുന്ന അദ്ദേഹം 134 ടെസ്റ്റുകളില്‍ നിന്നും 45.5 ശരാശരിയില്‍ 8781 റണ്‍സാണ് നേടിയത്. 17 സെഞ്ചുറികളും രണ്ട് ഇരട്ട സെഞ്ചുറികളും 56 അര്‍ധ സെഞ്ചുറികളും ലക്ഷ്മണിന്റെ ടെസ്റ്റ് കരിയറില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യന്‍ ടീമിന് വേണ്ടി ഇരുവരും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുകളിലൂടെ വിജയം നേടി തന്നിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ക്രിക്കറ്റുമായുള്ള ബന്ധം ഇരുവരും ഉപേക്ഷിച്ചിട്ടില്ല. ദ്രാവിഡ് നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയുടെ തലവനായി തുടരുന്നു. നേരത്തെ ഇന്ത്യന്‍ എ ടീം, അണ്ടര്‍ 19 ടീം എന്നിവരുടെ പരിശീലകനായും താരം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിക്കുന്ന യുവതാരങ്ങളില്‍ പലരും ദ്രാവിഡിന്റെ ശിക്ഷണത്തില്‍ വളര്‍ന്നബരാണ്. ഇവര്‍ നടത്തുന്ന മികച്ച പ്രകടനങ്ങളുടെ ഒരു പങ്ക് ദ്രാവിഡിനു കൂടി അവകാശപ്പെട്ടതാണെന്ന് എല്ലാവരും സാക്ഷ്യം വെക്കുന്നു. ലക്ഷ്മണ് ആവട്ടെ ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ മാര്‍ഗനിര്‍ദേശകരില്‍ ഒരാളാണ്. ഇതുകൂടാതെ മത്സരങ്ങളില്‍ കമന്ററി പറയാനും വിശകലനങ്ങള്‍ നടത്താനും ലക്ഷ്മണ് പോവാറുണ്ട്. വിരമിക്കലിനു ശേഷവും ഇരുവരും ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുരോഗതിക്കായി ശ്രമിച്ച് കൊണ്ടിരിക്കുന്നു.
അതേസമയം, പാകിസ്താന് ടെസ്റ്റ് ടീമിന്റെ നായകനായിരുന്നു അസ്ഹറെങ്കിലും മികച്ച പ്രകടനം നടത്താന്‍ കഴിയാതെ വന്നതോടെ നായകസ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടു. 2021ല്‍ എട്ട് ടെസ്റ്റില്‍ നിന്ന് 58.14 ശരാശരിയില്‍ 407 റണ്‍സെന്ന മികച്ച സ്കോര്‍ നേടാന്‍ അസറിന് സാധിച്ചു. ഇതില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടും. നിലവില്‍ പാകിസ്താന്റെ ടെസ്റ്റ് ടീമില്‍ മാത്രമാണ് അസ്ഹറിന് സ്ഥാനമുള്ളത്. 2018ലാണ് പാകിസ്താന് വേണ്ടി അവസാനമായി പരിമിത ഓവര്‍ മത്സരം കളിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.