ചരിത്ര നേട്ടം സ്വന്തമാക്കാന്‍ മോഹിച്ച് സ്വന്തം തട്ടകമായ വെംബ്ലി സ്റ്റേഡിയത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇറ്റലി കീഴടക്കിയത്. ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനായിരുന്നു ഇറ്റലിയുടെ വിജയം. തോല്‍വിയേറ്റു വാങ്ങിയതിന്റെ ഉത്തരവാദിത്വം ആരൊക്കെ പെനാല്‍റ്റി എടുക്കണമെന്നു തീരുമാനിച്ച തനിക്കാണെന്ന് ഏറ്റു പറഞ്ഞുകൊണ്ട് ഗാരത് സൗത്ത്‌ഗേറ്റ് രംഗത്തെത്തിയിരുന്നു. പെനാല്‍റ്റി എടുക്കാന്‍ യുവതാരങ്ങളെ തെരഞ്ഞെടുത്ത സൗത്ത്‌ഗേറ്റിന്റെ രീതി വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ആരൊക്കെ പെനാല്‍റ്റി എടുക്കണം എന്നത് തന്റെ മാത്രം തീരുമാനമായിരുന്നു എന്നാണ് സൗത്ത്ഗേറ്റിന്റെ പ്രതികരിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ മൂന്ന് കിക്കുകള്‍ നഷ്ടമാക്കിയതാണ് ഇംഗ്ലണ്ടിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്.
advertisement
ഇപ്പോഴിതാ ഇംഗ്ലണ്ട് ടീമിനെ ഏറ്റവും മികച്ച നിലയില്‍ എത്തിച്ച കോച്ചാണ് സൗത്ത് ഗേറ്റെന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങളില്‍ ടീമിന് വിശ്വാസമുണ്ടെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍. ഇംഗ്ലണ്ട് പരിശീലകസ്ഥാനത്ത് തുടരുമെന്ന് സൗത്ത്‌ഗേറ്റും വ്യക്തമാക്കി. ഇംഗ്ലണ്ടുമായി 2022 അവസാനം വരെയാണ് സൗത്ത്‌ഗേറ്റിന് കരാറുള്ളത്. അതേ സമയം, കരാര്‍ നീട്ടുന്നതിനെ പറ്റി ചിന്തിക്കാന്‍ പറ്റിയ അനുയോജ്യമായ സമയമല്ല ഇതെന്നും പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പെനാല്‍റ്റി എടുക്കാന്‍ യുവതാരങ്ങളെ തെരഞ്ഞെടുത്ത സൗത്‌ഗേറ്റിന്റെ രീതിയാണ് ഇംഗ്ലണ്ട് ആരാധകരെ ശെരിക്കും ചൊടിപ്പിച്ചത്. ഷൂട്ടൗട്ടിനു തൊട്ടു മുന്‍പ് കളത്തിലിറങ്ങിയ മാര്‍ക്കസ് റാഷ്‌ഫോഡ്, ജാഡന്‍ സാഞ്ചോ എന്നിവര്‍ക്കു പുറമെ പകരക്കാരനായിരുന്ന ബുകായോ സാകയും പെനാല്‍റ്റി നഷ്ടപ്പെടുത്തിയിരുന്നു. ജോര്‍ദാന്‍ പിക്‌ഫോഡ് ഇറ്റലിയുടെ രണ്ടാമത്തെ കിക്ക് തടുത്തിട്ട് ഇംഗ്ലണ്ടിന് ഷൂട്ടൗട്ടില്‍ മുന്‍തൂക്കം നല്‍കിയിരുന്നെങ്കിലും അവസാനത്തെ മൂന്നു കിക്കും ഇംഗ്ലീഷ് താരങ്ങള്‍ക്ക് ഗോളാക്കാന്‍ കഴിയാതെ വന്നതോടെയാണ് വെംബ്ലിയിലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇംഗ്ലണ്ട് തോല്‍വി വഴങ്ങിയത്.
മത്സരത്തില്‍ തോറ്റതിനു പിന്നാലെ സ്വന്തം ടീമിലെ താരങ്ങള്‍ക്കെതിരെ തന്നെ കടുത്ത വംശീയാധിക്ഷേപമാണ് ഇംഗ്ലണ്ട് ആരാധകര്‍ ഉയര്‍ത്തിയത്. ഇംഗ്ലണ്ടിന്റെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ റാഷ്‌ഫോര്‍ഡ്, ജാഡന്‍ സാഞ്ചോ, ബുകായോ സാക്ക എന്നിവരായിരുന്നു ഇതിന്റെ ഇരകള്‍. സോഷ്യല്‍ മീഡിയകളില്‍ അധിക്ഷേപം കടുത്തതോടെ ഇംഗ്ലീഷ് എഫ് എ ഇതിനെ അപലപിച്ച് രംഗത്തു വരികയും ചെയ്തിരുന്നു.
സ്വന്തം ടീമിലെ താരങ്ങള്‍ക്കെതിരെ മാത്രമല്ല, മത്സരം കാണാനെത്തിയ ഇറ്റാലിയന്‍ ആരാധകര്‍ക്കെതിരെയും ഇംഗ്ലണ്ട് ഫാന്‍സ് ആക്രമണം അഴിച്ചു വിട്ടു. ഫൈനലിനു ശേഷം സ്റ്റേഡിയത്തിന്റെ ഗേറ്റ് വഴി പുറത്തേക്കു വരുന്ന ഇറ്റലിയുടെ ആരാധകര്‍ ഓരോരുത്തരെയായി ഇംഗ്ലണ്ട് ആരാധകര്‍ കാത്തിരുന്ന് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇറ്റാലിയന്‍ ആരാധകര്‍ക്ക് പുറമെ കറുത്ത വര്‍ഗക്കാരായ ആളുകളെയും ഇംഗ്ലണ്ട് ആരാധകര്‍ ആക്രമിക്കുന്നുണ്ട്.
