ജമ്മു കാശ്മീരിൽ നടന്ന പ്രാദേശിക ടൂർണമെന്റിൽ ബാറ്റർ പലസ്തീൻ പതാകയുള്ള ഹെൽമെറ്റ് ധരിച്ച് കളിക്കാനിറങ്ങിയതിൽ അന്വേഷണമാരംഭിച്ച് പൊലീസ്. ജമ്മു കശ്മീർ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ബുധനാഴ്ച നടന്ന ജെകെ 11 കിംഗ്‌സും ജമ്മു ട്രെയിൽബ്ലേസേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. ജെകെ 11 ന്റെ ബാറ്ററായ ദക്ഷിണ കശ്മീരിൽ നിന്നുള്ള ഫുർഖാൻ ഭട്ട് ആണ് പലസ്തീൻ പതാക ആലേഖനം ചെയ്ത ഹെൽമെറ്റ് ധരിച്ചി കളിക്കാനിറങ്ങിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
advertisement
സംഭവത്തിന് ഗൌരവവും ക്രമസമാധാന പ്രശ്ന സാധ്യതയും കണക്കിലെടുത്ത് വ്യക്തിയുടെ, ഉദ്ദേശ്യം, പശ്ചാത്തലം, സാധ്യമായ ഏതെങ്കിലും ബന്ധങ്ങൾ എന്നിവ കണ്ടെത്തുന്നതിനായി സെക്ഷൻ 173(3) ബിഎൻഎസ്എസ് പ്രകാരം 14 ദിവസത്തെ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി ജമ്മു കാശ്മീർ പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഫുർഖാനെയുംടൂർണമെൻ്റിൻ്റെ സംഘാടകനായ സജിത് ഭട്ടിനെയും പോലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി.
ഏതെങ്കിലും ടൂർണമെന്റ് മാർഗ്ഗനിർദ്ദേശ ലംഘനങ്ങൾ നടന്നിട്ടുണ്ടോ എന്നും പലസ്തീൽ പതാക പ്രദർശിപ്പിച്ചതിന് പിന്നിലെ യഥാർത്ഥ ഉദ്ദേശ്യം എന്താണെന്നും പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ക്രിക്കറ്റ് ടൂർണമെന്റിന് അനുമതിയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്.
ടൂർണമെന്റ് സ്വകാര്യമായി സംഘടിപ്പിച്ച ഒരു പ്രാദേശിക ലീഗാണെന്നും ഏതെങ്കിലും ദേശീയ അല്ലെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റ് ബോഡിയുമായി ബന്ധമില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു.ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യലും വസ്തുതകളുടെ സ്ഥിരീകരണവും നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമേ തുടർ നടപടികൾ തീരുമാനിക്കുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, ടൂർണമെന്റുമായി യാതൊരു ബന്ധവുമില്ലെന്നും അതിനാൽ ഇത് തങ്ങളുടെ അധികാരപരിധിക്ക് പുറത്താണെന്നും ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ (ജെകെസിഎ) പറഞ്ഞു.
