2017ലും 2020ലും കിരീടത്തിന്റെ തൊട്ടടുത്തെത്തി നിരാശരായി മടങ്ങേണ്ടി വന്നു ഇന്ത്യയ്ക്ക്. ഇന്ത്യയുടെ ഏറ്റവും പരിചയസമ്പന്നയായ മധ്യനിര ബാറ്റ്‌സ് വുമൺമാരിൽ ഒരാളായ ഹർമൻപ്രീതിന് ഈ നിമിഷം അധികഭാരം അനുഭവപ്പെട്ടിരുന്നു. ''ആ രാത്രിയിലാണ് ഞങ്ങളുടെ ലോകകപ്പ് യാത്ര ആരംഭിച്ചത്'', ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റ രാത്രി അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത വഴിത്തിരിവ് അവർ ഓർമിച്ചെടുത്തു.
എല്ലാം മാറ്റി മറിച്ച ആ രാത്രി
ലോകകപ്പ് മത്സരങ്ങളുടെ തുടക്കത്തിൽ ഇന്ത്യയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. വാഗ്ദാനങ്ങളും സമ്മർദങ്ങളും നിറഞ്ഞ ഒന്നായിരുന്നു അത്. ഇന്ത്യ താരതമ്യേന ഭേദപ്പെട്ട നിലയിൽ തുടങ്ങി. ഓൾറൗണ്ടർ ദീപ്തി ശർമയും ബാറ്റ്‌സ്മാൻ അമൻജ്യോത് കൗറും ചേർന്ന് ശ്രീലങ്കയ്‌ക്കെതിരേ വിജയം എളുപ്പത്തിൽ ഉറപ്പാക്കി. തുടർന്ന് പാകിസ്ഥാനെതിരേ ജനങ്ങളെ വീണ്ടും വിശ്വാസത്തിലെടുത്തുകൊണ്ട് മികച്ച പ്രകടനം പുറത്തെടുത്തു.
advertisement
എന്നാൽ വൈകാതെ തന്നെ ഇന്ത്യയുടെ വിജയത്തിലേക്കുള്ള മുന്നേറ്റത്തിന് ആക്കം കുറഞ്ഞു. ആദ്യ കളികളിൽ ജയിച്ചുവെങ്കിലും വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയോട് അടിയറവ് പറഞ്ഞു. ടൂർണമെന്റിൽ ഇന്ത്യയ്ക്ക് ആദ്യത്തെ വലിയ തിരിച്ചടി നൽകി. എന്നാൽ ഈ തോൽവിയിൽ നിന്ന് കരകയറുന്നതിന് മുന്നേ അടുത്ത തോൽവിയുടെ രുചിയും ഇന്ത്യ അറിഞ്ഞു. പ്രതീക റാവലിന്റെ 75 റൺസും സ്മൃതി മന്ദനയുടെ 80 റൺസും ചേർത്ത് 330 റൺസ് ഇന്ത്യ ആകെ നേടിയെടെങ്കിലും വിജയിക്കാൻ അത് പര്യാപ്തമായിരുന്നില്ല. ഏതാനും പന്തുകൾ മാത്രം ശേഷിക്കേ ഓസ്‌ട്രേലിയ വിജയം നേടി. തുടർച്ചയായി ഇന്ത്യ രണ്ട് തോൽവികൾ ഏറ്റുവാങ്ങി.
പിന്നാലെ ഇംഗ്ലണ്ടിനെതിരേയുള്ള മത്സരം വന്നു. ഇംഗ്ലണ്ട് 289 റൺസ് നേടി. സ്മൃതി മന്ദന(89), ഹർമൻപ്രീത് കൗർ(70) എന്നിവരുടെ മികവിൽ ഇന്ത്യ മുന്നോട്ട് പോയി. രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെട്ട് 210 റൺസ് ഇന്ത്യ നേടിയെങ്കിലും മധ്യനിരയുടെ പെട്ടെന്നുള്ള പതനം ഇന്ത്യയുടെ കളിയെ ബാധിച്ചു. ദീപ്തി ശർമയുടെ പോരാട്ടത്തിൽ പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും അവസാന 12 പന്തിൽ ഇന്ത്യയ്ക്ക് 22 റൺസ് ആവശ്യമായിരുന്നു. നാല് റൺസ് മാത്രം ശേഷിക്കേ ഇന്ത്യയ്ക്ക് തുടർച്ചയായി മൂന്നാമത്തെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ഈ തോൽവിയോടെ ഇന്ത്യൻ ടീമിൽ പരിശോധന മൂർച്ച കൂട്ടുകയും ഡ്രസ്സിംഗ് റൂമിൽ സമ്മർദം വർധിക്കുകയും ചെയ്തു. കമന്റേറ്റർമാർ ടീമിന്റെ നേതൃത്വത്തെ ചോദ്യം ചെയ്തു. ഹർമൻപ്രീത് ക്യാപ്റ്റനായി തുടരണോ എന്ന് പോലും ആളുകൾ ചോദ്യം ചെയ്തു തുടങ്ങി.
''ആ രാത്രി ഞങ്ങളുടെ ഒരുപാട് കാര്യങ്ങൾ മാറ്റി മറിച്ചു. ശക്തമായ ഒരു മാനസികാവസ്ഥയുമായി പുറത്തുവരണമെന്ന് ഞങ്ങൾ കരുതി. എല്ലാവരും കൂടുതൽ ഒത്തുചേർന്നു,'' ഹർമൻപ്രീത് പറഞ്ഞു.
പുറത്ത് കാതടിപ്പിക്കുന്ന വിമർശനങ്ങൾ ഉയർന്നു. എന്നാൽ ഹർമൻപ്രീത് പ്രതികരിച്ചില്ല. ''വിമർശനം ഞങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. ഞങ്ങളെ വിമർശിക്കുന്നവരെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. എന്നെ സംബന്ധിച്ച് ടീമിനുള്ളിൽ കാര്യങ്ങൾ സന്തുലിതമായി നിലനിർത്തേണ്ടത് പ്രധാനമാണ്,'' ഫൈനലിന് പിന്നാലെ അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ''ഞങ്ങളുടെ ലോകകപ്പ് യാത്ര ഇപ്പോൾ ആരംഭിക്കുകയാണെന്ന് ഞങ്ങൾ പറഞ്ഞു,'' അവർ കൂട്ടിച്ചേർത്തു.
വഴിത്തിരിവ് ഇതാ; വീഴ്ചകളിൽ നിന്ന് വിജയത്തിലേക്ക്
തിരിച്ചുവരവ് ഇന്ത്യ നിശബ്ദമായാണ് ആരംഭിച്ചത്. ന്യൂസിലെൻഡിനെതിരായി നവി മുംബൈയിലെ മത്സരത്തിൽ ഇന്ത്യ വീണ്ടും താളം കണ്ടെത്തി. മന്ദാനയും അരങ്ങേറ്റക്കാരിയായ പ്രതീക റാവലും ചേർന്ന് 198 റൺസിന്റെ റെക്കോഡ് ഓപ്പണിംഗ് കൂട്ടുകെട്ട് കെട്ടിപ്പടുത്തു. മധ്യനിര ബാറ്റ്‌സ് വുമൺ ജെമീമ റോഡ്രിഗസിന്റെ 76 റൺസ് വിജയത്തിലേക്കുള്ള ചവിട്ടുപടിയായി. ഇതിന് ശേഷം ബംഗ്ലാദേശിനെതിരായി നടന്ന മത്സരം മഴ മൂലം വെട്ടിച്ചുരുങ്ങി. ഈ മത്സരത്തോടെ ഇന്ത്യ സെമി ഉറപ്പിച്ചു. സമ്മർദത്താൽ ഒരിക്കൽ തളർന്ന ടീം ഇപ്പോൾ സ്വതന്ത്രമായി. ടീമിനുള്ളിൽ ആത്മവിശ്വാസം നിറഞ്ഞു. ഡ്രസ്സിംഗ് റൂമിൽ ചിരി കേൾക്കാനായി.
ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചപ്പോഴേക്കും വ്യത്യാസം കാണാനാകുമായിരുന്നു. ഫീൽഡിംഗ് കൂടുതൽ മൂർച്ചയുള്ളതായിരുന്നു. ആശയവിനിമയം ഉച്ചത്തിലായി. ശരീരഭാഷയാകട്ടെ മൃദുവായി. പരാജയപ്പെടുമെന്ന പഴയ ഭയത്തിന് പകരം ഈ ടീമിന് ആരോടുവേണമെങ്കിലും വിജയിക്കാൻ കഴിയുമെന്ന തലത്തിലേക്കെത്തി.
സെമിയിലെ തിരിച്ചുവരവ്
ഇന്ത്യയുടെ തിരിച്ചുവരവിനുള്ള വഴി തീർത്തത് സെമിഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരേ ജെമീമ റോഡ്രിഗസ് പുറത്താകാതെ നേടിയ 127 റൺസായിരുന്നു. നോക്കൗട്ട് മത്സരത്തിൽ ഒരു ഇന്ത്യൻ ബാറ്റ്‌സ് വുമൺ ഇതുവരെ നേടിയിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പ്രകടനമായിരുന്നു ജെമീമയുടേത്. ജെമീമ ടൂർണമെന്റിൽ തുടർച്ചയായി കുറഞ്ഞ സ്‌കോറുകൾ നേടിയതിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ജെമീമയെ ഒഴിവാക്കിയിരുന്നു. ആ സമയത്തുടനീളം അവർ ഉത്കണ്ഠയുമായി പോരാടുകയായിരുന്നുവെന്ന് ചുരുക്കം ചിലർക്ക് മാത്രമെ അറിയൂ. ടൂർണമെന്റിന്റെ തുടക്കത്തിൽ താൻ വളരെയധികം ഉത്കണ്ഠയിലൂടെ കടന്നുപോകുകയായിരുന്നുവെന്ന് സെമി ഫൈനൽ മത്സരത്തിന് ശേഷം അവർ തുറന്ന് പറഞ്ഞു. നിശബ്ദമായ പിന്തുണയിലാണ് അവരുടെ തിരിച്ചുവരവ് വേരൂന്നിയിരുന്നത്. ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തിൽ ഒഴിവാക്കിയത് തന്നെ വളരെയധികം ബാധിച്ചിരുന്നതായി അവർ പറഞ്ഞു. സെമിയിൽ ഓസ്ട്രേലിയയ്ക്കെതിരേ അർധ ശതകവും സെഞ്ചുറിയും പിന്നിട്ടെങ്കിലും അവർ അത് ആഘോഷിച്ചില്ല. ടീമിന്റെ വിജയമായിരുന്നു ലക്ഷ്യം. അവരുടെ ഈ ശാന്തത ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
ഫൈനൽ: 47 വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ചു
നവംബർ രണ്ട് ഞായറാഴ്ച ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിട്ടു. നീലക്കുപ്പായം അണിഞ്ഞ് ഇന്ത്യയുടെ വനിതാ ടീം കളത്തിലിറങ്ങിയപ്പോൾ നിറഞ്ഞ സദസിൽ നിന്ന് ഇരമ്പൽ ഉയർന്നു. ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റിംഗിന് ഇറങ്ങി. ഏഴ് വിക്കറ്റിന് 298 റൺ നേടി. ഓപ്പണറായി ഇറങ്ങിയ ഷെഫാലി വർമയുടെ 87 റൺസും ഓൾ റൗണ്ടർ ദീപ്തി ശർമയുടെ 58 റൺസുമാണ് വിജയത്തിന് കരുത്ത് പകർന്നത്. പിന്നാലെ ബാറ്റ് ചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ നടു ഒടിച്ചത് ദീപ്തിയാണ്. 39 റൺസ് വഴങ്ങി അവർ അഞ്ച് വിക്കറ്റ് പിഴുതു. 130 റൺസിന് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെട്ടിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് തുടരെ തുടരെ വിക്കറ്റുകൾ വീണു. ഇന്ത്യ 52 റൺസിന് വിജയിച്ചു.
42 വർഷത്തോളം നീളുന്നതാണ് ഇന്ത്യയുടെ ഈ കാത്തിരിപ്പ്. ഇന്ത്യയുടെ വനിതാ ടീം കന്നി ലോകകപ്പ് ഉയർത്തിയപ്പോൾ ഇന്ത്യ ചരിത്രം കുറിച്ചു. ഷഫാലി വർമയെ കളിയിലെ താരമായും ദീപ്തി ശർമയെ ടൂർണമെന്റിലെ താരമായും തിരഞ്ഞെടുത്തു.
പതിറ്റാണ്ടുകൾ നീണ്ട യാത്രയുടെ തുടക്കം
ഈ കിരീടത്തിന്റെ അർത്ഥം മനസ്സിലാക്കാൻ ഇന്ത്യ ആദ്യമായി വനിതാ ടെസ്റ്റ് കളിച്ച 1976ലേക്ക് തിരിഞ്ഞുനോക്കേണ്ടത് ആവശ്യമാണ്. ഈ കായികമേഖല പതിറ്റാണ്ടുകളായി നിഴലുകളിലാണ് നിലനിന്നിരുന്നത്. 2005ൽ ഇന്ത്യ ലോകകപ്പിന്റെ മിഥാലി രാജിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യയ്ക്ക് എവിടെ വരെ പോകാൻ കഴിയുമെന്നതിന്റെ സൂചന ഇത് നൽകി. 2017ൽ ലോഡ്‌സിൽ നടന്ന ഫൈനലിൽ വെറും ഒൻപത് റൺസിന് ഇന്ത്യ ഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റു. ഇത് ആഴത്തിലുള്ള മുറിവുകൾ ഏൽപ്പിച്ചു. ''നമ്മൾ കടന്നുപോകുന്ന ഓരോ ലോകകപ്പിലും ഹൃദയഭേദകമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്. എന്നാൽ, വനിതാ ക്രിക്കറ്റിൽ ഞങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഞങ്ങൾ എപ്പോഴും വിശ്വസിച്ചിരുന്നു,'' മന്ദന വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ബോളർ ജൂലൻ ഗോസ്വാമിയുടെ ധൈര്യം, മിതാലി രാജിന്റെ ശാന്തമായ നേതൃത്വം, കൃത്യമായ ശമ്പളമോ കവറേജോ കരാറുകളോ ഇല്ലാതെ കളിച്ച തലമുറകൾ എന്നിവയുടെ ചുമലിലാണ് 2025ലെ ഈ വിജയം എന്ന് നിസ്സംശയം പറയാം.
2006ൽ ബിസിസിഐയുമായി വനിതാ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ ലയിച്ചത് അടിസ്ഥാന സൗകര്യങ്ങൾ മാറ്റി. 2023ൽ ആരംഭിച്ച വനിതാ പ്രീമിയർ ലീഗ് ഇന്ത്യൻ ടീമിൽ പ്രൊഫഷണലിസും സാമ്പത്തിക സ്വാതന്ത്ര്യവും നേടിക്കൊടുത്തു.
കാപ്റ്റൻ ഹർമൻപ്രീതിന്റെ നേതൃത്വം കൃത്യമായി അളന്നുതൂക്കപ്പെട്ടതും അതേസമയം സഹാനൂഭൂതിയോടെയുള്ളതും തന്ത്രപരവുമായിരുന്നു. ''പിശകുകൾ വരുമ്പോൾ നിങ്ങൾ ഒരുമിച്ച് നിൽക്കണം. തളർന്നുപോകരുത്,'' ഫൈനലിന് ശേഷം അവർ പറഞ്ഞു.
