ഇന്ത്യൻ ടീമിനെ പിന്തുണച്ച് കൊണ്ട് വർഷങ്ങളായി നിലകൊള്ളുന്ന ആരാധകർക്ക് കടപ്പാട് അറിയിക്കുന്നതാണ് പുതിയ ജേഴ്സിയിലെ ഡിസൈൻ. കടുംനീല നിറത്തിലുള്ള ജേഴ്‌സിക്ക് കുറുകെ ഇളംനീല നിറത്തിലുള്ള ഡിസൈനും ഒരുക്കിയിട്ടുണ്ട്. ഇതിനോടൊപ്പം ഇരുവശങ്ങളിലും കുങ്കുമ നിറത്തില്‍ കട്ടിയുള്ള ബോര്‍ഡറും ഒരുക്കിയിട്ടുണ്ട്.
ബിസിസിഐ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവിട്ട ചിത്രത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, രോഹിത് ശർമ, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ആരാധകർക്കായുള്ള സമ്മാനമായി അവതരിപ്പിച്ചിരിക്കുന്ന ഈ ജേഴ്സിയെ ബില്യൺ ചിയേർസ് ജേഴ്സി എന്നാണ് ബിസിസിഐ അഭിസംബോധന ചെയ്തിരിക്കുന്നത്.
advertisement
നേരത്തെ 1992 ലോകകപ്പിലെ ജേഴ്സിയിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ള റെട്രോ ജേഴ്സിയാണ് ഇന്ത്യൻ സംഘം ധരിച്ചിരുന്നത്. കടുംനീല നിറത്തിലുള്ള ഈ ജേഴ്സി കഴിഞ്ഞ വർഷത്തെ ഓസ്‌ട്രേലിയൻ പര്യടനത്തിലാണ് ഇന്ത്യ ആദ്യമായി ധരിച്ചത്. പിന്നീട് ഇളം നീല നിറത്തിലുള്ള ജേഴ്സിയിലേക്ക് ഇന്ത്യ മടങ്ങുമെന്നാണ് ആരാധകർ കരുതിയിരുന്നതെങ്കിലും തുടർന്നുള്ള പരമ്പരകളിലും ഇന്ത്യൻ സംഘം ഇതേ ജേഴ്സി തന്നെ ധരിക്കുകയായിരുന്നു. പുതിയ കിറ്റ് പുറത്തിറക്കിയിരിക്കുന്നത് ഇന്ത്യയുടെ ഔദ്യോഗിക കിറ്റ് സ്പോൺസർമാരായ എംപിഎൽ സ്പോർട്സാണ്.
ഒക്ടോബർ 17ന് ആരംഭിക്കുന്ന ലോകകപ്പിൽ ഒക്ടോബർ 24 ന് ചിരവൈരികളായ പാകിസ്താനെ നേരിട്ടുകൊണ്ടാണ് ഇന്ത്യ ലോകകപ്പിൽ ഹരിശ്രീ കുറിക്കുക.
എട്ട് ടീമുകൾ മത്സരിക്കുന്ന യോഗ്യത റൗണ്ടും അതിന് ശേഷം നടക്കുന്ന സൂപ്പർ 12 റൗണ്ടിലുമായി മൊത്തം 16 ടീമുകളാണ് ലോകകപ്പിൽ മത്സരിക്കാൻ എത്തുന്നത്. യോഗ്യത റൗണ്ടിൽ നിന്നും ജയിച്ചെത്തുന്ന നാല് ടീമുകളെ ഉൾപ്പെടുത്തി രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് സൂപ്പർ 12 ഘട്ടം അരങ്ങേറുക.
ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഗ്രൂപ്പുകളിൽ, രണ്ടാമത്തെ ഗ്രൂപ്പിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യക്ക് പുറമെ പാകിസ്താൻ, ന്യുസിലൻഡ്, അഫ്ഗാനിസ്താൻ, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഗ്രൂപ്പ് ഒന്നിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവർക്കൊപ്പം ഗ്രൂപ്പ് എ വിജയി, ഗ്രൂപ്പ് ബി റണ്ണറപ്പ് എന്നീ ടീമുകളാണ് ഉൾപ്പെടുന്നത്. രണ്ട് ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സെമിയിലേക്ക് മുന്നേറും.
നവംബര്‍ 10ന് അബുദാബിയിലാണ് ആദ്യ സെമി ഫൈനല്‍. നവംബര്‍ 11ന് ദുബായില്‍ രണ്ടാമത്തെ സെമി ഫൈനൽ അരങ്ങേറും. നവംബര്‍ 14ന് ദുബായിലാണ് ഫൈനൽ . സെമി-ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിനം ഉണ്ടാകുമെന്ന് ഐസിസി അറിയിച്ചിരുന്നു