ഐപിഎല്‍ പതിനാലാം സീസണിലെ ആദ്യഘട്ടത്തില്‍ മോശം ഫോമിലായിരുന്ന മുംബൈ ഇന്ത്യന്‍സ് യുവതാരം സീസണ് അവസാനത്തില്‍ തുടരെ രണ്ടു മത്സരങ്ങളില്‍ അര്‍ധ സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഈ രണ്ടു മത്സരത്തിലും ഓപ്പണറുടെ റോളിലാണ് ഇഷാന് ഇറങ്ങിയത്. സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ വെറും 33 പന്തുകളില്‍ 84 റണ്‍സാണ് ഇഷാന് അടിച്ചു കൂട്ടിയത്.
മത്സരശേഷം ഫോമിലേക്ക് തിരിച്ചെത്തിയതിലുള്ള സന്തോഷം പങ്കു വെച്ച താരം മോശം ഫോമിലൂടെ കടന്നുപോകുമ്പോള്‍ ലഭിച്ച പിന്തുണകളെക്കുറിച്ചും വാചാലനായി. ഐപിഎല്ലിന് ഇടയില്‍ വിരാട് കോഹ്ലിലിയുമായി സംസാരിച്ചത് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഒരുപാട് സഹായിച്ചെന്ന് ഇഷാന് കിഷന് പറഞ്ഞു. ഇന്ത്യന്‍ ടീമിലേക്ക് ഓപ്പണറായാണ് തന്നെ തെരഞ്ഞെടുത്തിരിക്കുന്നത് എന്ന കോഹ്ലിയുടെ വാക്കുകള്‍ കാര്യങ്ങളെ കീഴ്മേല്‍ മറിച്ചതായാണ് ഇഷാന് പറയുന്നത്.
'എനിക്ക് ഓപ്പണ്‍ ചെയ്യാനാണ് ആഗ്രഹം എന്ന് കോഹ്ലിയോട് പറഞ്ഞു. നിന്നെ ഓപ്പണറായിട്ടാണ് സെലക്ട് ചെയ്തിരിക്കുന്നത് എന്നാണ് കോഹ്ലി മറുപടി നല്‍കിയത്. അതിന് വേണ്ടി ഒരുങ്ങുക മാത്രമാണ് ഞാന്‍ ചെയ്യേണ്ടത് എന്നും കോഹ്ലി എന്നോട് പറഞ്ഞു. ലോകകപ്പ് പോലെ വലിയ വേദിയില്‍ എല്ലാ സാഹചര്യങ്ങള്‍ക്ക് വേണ്ടിയും നമ്മള് തയ്യാറാവണം'- ഇഷാന് കിഷന് പറഞ്ഞു.
മുംബൈ ഇന്ത്യന്‍സിന്റെ അവസാന ലീഗ് മത്സരത്തില്‍ ഇഷാന്റേയും സൂര്യകുമാറിന്റേയും തകര്‍പ്പന്‍ ഇന്നിങ്സ് ആണ് അവരെ കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്. 32 പന്തില്‍ നിന്ന് 11 ഫോറും നാല് സിക്സും പറത്തിയാണ് ഇഷാന് 84 റണ്‍സ് നേടിയത്.
'മാക്സ്വെലിനോട് സ്ട്രൈക്ക് വേണമോ എന്ന് ചോദിച്ചു, ഫിനിഷ് ചെയ്യാനായിരുന്നു മറുപടി': ആര്‍സിബി ഹീറോ കെഎസ് ഭരത് പറയുന്നു
ഐ പി എല്ലില്‍ ആവേശം അവസാന ഓവര്‍ വരെ നീണ്ട ത്രില്ലര്‍ പോരാട്ടമായിരുന്നു ഇന്നലെ ബാംഗ്ലൂരും ഡല്‍ഹിയും തമ്മില്‍ നടന്നത്. മുന്‍പേ പ്ലേ ഓഫ് ഉറപ്പിച്ച ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടിയപ്പോള്‍ അവസാന പന്തിലായിരുന്നു കോഹ്ലിപ്പട ജയം സ്വന്തമാക്കിയത്. ഏഴ് വിക്കറ്റിനായിരുന്നു ബാംഗ്ലൂരിന്റെ ജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി 165 റണ്‍സ് ആണ് ബാംഗ്ലൂരിന് മുന്പില് വിജയ ലക്ഷ്യം വെച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ കോഹ്ലിക്കും സംഘത്തിനും അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടിയത് 5 റണ്‍സ് ആയിരുന്നു. ആവേശ് ഖാനെ സിക്സര്‍ പറത്തി കെ എസ് ഭരത് ബാംഗ്ലൂരിന്റെ ഹീറോയായി മാറുകയായിരുന്നു.
കളി ഫിനിഷ് ചെയ്യാന്‍ എനിക്ക് കഴിയുമെന്ന ആത്മവിശ്വാസം മാക്സ്വെല് നല്‍കിയതായാണ് ഭരത് പറയുന്നത്. 'അവസാന മൂന്ന് പന്ത് നേരിടുന്നതിന് മുന്‍പ് സ്ട്രൈക്ക് കൈമാറണോ എന്ന് മാക്സ്വെലിനോട് ഞാന്‍ ചോദിച്ചു. എന്നാല്‍ എനിക്ക് ഫിനിഷ് ചെയ്യാനാവും എന്നാണ് മാക്സ് വെല്‍ പറഞ്ഞത്. അത് എനിക്ക് ഒരുപാട് ആത്മവിശ്വാസം നല്കി'- ഭരത് പറഞ്ഞു.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി മൂന്നാം സ്ഥാനത്താണ് ഭരത് ബാറ്റിങ്ങിന് ഇറങ്ങുന്നത്. ഡല്‍ഹിക്ക് എതിരെ 52 പന്തില്‍ 78 റണ്‍സ് ഭരത് നേടി. മുംബൈക്ക് എതിരായ കളിയില്‍ 32 റണ്‍സ് നേടിയും രാജസ്ഥാന് എതിരെ 44 റണ്‍സ് നേടിയും ഭരത് ഫോമിലേക്ക് എത്തിയിരുന്നു. ഡല്‍ഹിക്കെതിരെ വിജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ബാംഗ്ലൂര്‍. എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് ബാംഗ്ലൂരിന്റെ എതിരാളി. ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.