ഈ മാസം 17 മുതല്‍ യുഎഇയിലും ഒമാനിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മെന്ററായി എത്തുന്നതിന് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഒരു ഫീസും ഈടാക്കില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. പ്രതിഫലമൊന്നുമില്ലാതെ തന്നെ ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായിരിക്കാന്‍ ധോണി തയാറായിയെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായും സ്ഥിരീകരിച്ചു. ധോണിയുടെ സേവനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും ജയ് ഷാ പറഞ്ഞു.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച അതേ ദിവസം തന്നെ ധോണിയെ ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവായി പ്രഖ്യാപിച്ചിരുന്നു. മുന്‍ ക്യാപ്റ്റന്‍ കൂടിയായ എം എസ് ധോണി ഉപദേശകനായി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. കഴിഞ്ഞ ആറ് ടി20 ലോകകപ്പ് എഡിഷനിലും എം എസ് ധോണിയാണ് ഇന്ത്യയെ നയിച്ചിട്ടുള്ളത്. 2007 ല്‍ നടന്ന പ്രഥമ ഐസിസി ലോകകപ്പ് ധോണിയുടെ കീഴിലാണ് ഇന്ത്യ നേടിയത്.
അതുകൊണ്ട് തന്നെ ധോണിയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിനും ടീമിലെ യുവതാരങ്ങള്‍ക്കും പുതു ഊര്‍ജമേകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ സംബന്ധിച്ചും ഈ ഐസിസി ടി20 ലോകകപ്പ് വികാരപരമാണ്. ക്യാപ്റ്റനായുള്ള തന്റെ ആദ്യ ടി20 ലോകകപ്പ് ആണെങ്കില്‍ കൂടിയും ഈ ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുമെന്ന് കോഹ്ലി നേരത്തെ വ്യക്തമാക്കിയിരുന്നു.
നിലവില്‍ ഐപിഎല്ലില്‍ ചെന്നൈ ടീമിനെ നയിക്കുന്ന ധോണി ഐപിഎല്ലിനുശേഷം ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിലാണ് ഇന്ത്യന്‍ ടീമീനും ലോകകപ്പിനിടെ താമസം ഒരുക്കിയിരിക്കുന്നത്.
T20 World Cup | ഹാര്‍ദിക്കിനെ പുറത്താക്കുമോ? ഇന്ത്യന്‍ ടീമില്‍ മാറ്റം വരുത്താന്‍ ഈ മാസം 15 വരെ സമയംടി20 ലോകകപ്പിനുളള ഇന്ത്യന്‍ ടീം അന്തിമ പ്രഖ്യാപനം ഈ മാസം 15ന് മാത്രമേ ഉണ്ടാകൂ. സൂപ്പര്‍ 12 സ്റ്റേജില്‍ യോഗ്യത നേടിയ ടീമുകള്‍ 15നുള്ളില്‍ പ്രഖ്യാപനം നടത്തിയാല്‍ മതിയെന്ന ഐസിസി വിശദീകരണം വന്നതോടെയാണ് തീരുമാനം. ഇന്ത്യയടക്കം ലോകകപ്പിന്റെ സൂപ്പര്‍ 12ലേക്കു യോഗ്യത നേടിയ ടീമുകള്‍ക്കു 15 അംഗ ടീമിന്റെ അന്തിമ ലിസ്റ്റ് സമര്‍പ്പിക്കാന്‍ അഞ്ചു ദിവസം കൂടി സമയമനുവദിച്ചിട്ടുണ്ട്.
ടി20 ലോകകപ്പിനുള്ള ടീമുകളെ കഴിഞ്ഞമാസം തന്നെ ബിസിസിഐ അടക്കമുള്ള ക്രിക്കറ്റ് ബോര്‍ഡുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മാറ്റം വരുത്താന്‍ ഐസിസി അനുമതിനല്‍കിയിരുന്നു. ഐപിഎല്ലില്‍ തീര്‍ത്തും നിറം മങ്ങിയ ഹാര്‍ദിക് പണ്ഡ്യ, രാഹുല്‍ ചഹര്‍ എന്നിവരുടെ സ്ഥാനങ്ങളുടെ കാര്യമാണ് സംശയത്തിലുള്ളത്. മൂന്ന് സ്പെഷ്യലിസ്റ്റ് പേസര്‍മാരെ മാത്രം ടീമില്‍ ഉള്‍പ്പെടുത്തിയ സെലക്ടര്‍മാര്‍ ഹാര്‍ദിക് പണ്ഡ്യ എല്ലാ കളിയിലും നാല് ഓവര്‍ വീതം എറിയുമെന്ന് പറഞ്ഞിരുന്നു.
ഫിറ്റ്നസ് വീണ്ടെടുത്ത് ബൗളിങ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഹാര്‍ദിക്കിനെ ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന് കമ്മിറ്റി 15 അംഗ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. പക്ഷെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഹാര്‍ദിക് ഒരോവര്‍ പോലും ബൗള്‍ ചെയ്തില്ല. ബാറ്റിങിലും താരം ഫ്ലോപ്പായി മാറി. അതുകൊണ്ടു തന്നെ ഹാര്‍ദിക്കിനു പകരം മറ്റൊരാള്‍ വരാന്‍ സാധ്യത കൂടുതലുമാണ്.
ഹാര്‍ദിക്കിന് പകരം ബൗളിംഗ് ഓള്‍റൗണ്ടറായി ഷാര്‍ദുല്‍ താക്കൂറിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. അവസാന മത്സരങ്ങളില്‍ മുംബൈ ടീമില്‍ പോലും ഇടംനേടാതിരുന്ന രാഹുല്‍ ചഹറിന് പകരം ബാംഗ്ലൂര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ പരിഗണിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. ഭുവനേശ്വര്‍ കുമാറിന് നേരിയ പരിക്കുണ്ടെങ്കിലും ടീമില്‍ തുടര്‍ന്നേക്കും.
സൂര്യകുമാര്‍ യാദവ്, ഇഷാന് കിഷന് എന്നിവര്‍ അവസാന മത്സരങ്ങളില്‍ ഫോം വീണ്ടെടുത്തതോടെ മാറ്റത്തിന് സാധ്യതയില്ല. നിലവിലെ ടീമില്‍ നിന്ന് ആരെയും ഒഴിവാക്കാതെ രണ്ടോ മൂന്നോ താരങ്ങളെ അധികം ഉള്‍പ്പെടുത്താനുള്ള സാധ്യതയും സെലക്ഷന് കമ്മിറ്റി പരിഗണിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.