ലോകകപ്പ് വേദികളിലുള്ള വമ്പൻ പോരാട്ടങ്ങൾക്ക് മുൻപ് വെറുതെ വാചകമടിക്കാൻ ഇന്ത്യ നിൽക്കാറില്ലെന്നും അതാണ് പാക് ടീമിനെതിരെ ഇന്ത്യയുടെ വിജയരഹസ്യമെന്നുമാണ് സെവാഗ് പറഞ്ഞത്. "സമ്മർദ്ദ നിമിഷങ്ങൾ കൈകാര്യം ചെയ്യാനുള്ള ഇന്ത്യൻ താരങ്ങളുടെ മികവും വെറുതെ വാചക കസർത്ത് നടത്തുന്നതിന് പകരം മത്സരത്തിന് വേണ്ടി തയാറെടുക്കുന്നതിന് പ്രാമുഖ്യം നൽകുന്നതുമാണ് ലോകകപ്പ് മത്സരങ്ങളിൽ പാകിസ്താനെതിരെ ഇന്ത്യ നേടിയെടുത്ത ഈ മേധാവിത്വത്തിന്റെ കാരണം." - സെവാഗ് പറഞ്ഞു.
advertisement
"ഇന്ത്യ-പാക് പോരാട്ടങ്ങള്‍ക്ക് മുമ്പ് പാകിസ്താന്റെ ഭാഗത്ത് നിന്ന് പ്രത്യേകിച്ച് അവരുടെ വാര്‍ത്താ അവതാരകരുടെ ഭാഗത്ത് നിന്നെല്ലാം വലിയ അവകാശവാദങ്ങളും വീരവാദങ്ങളുമെല്ലാം ഉയരാറുണ്ട്. ഇന്ത്യയുടെ ഭാഗത്ത് നിന്നും അത്തരം കാര്യങ്ങൾ ഒന്നും തന്നെ ഉണ്ടാകാറില്ല. ഫലത്തിൽ സമ്മർദമില്ലാതെ കളിക്കാൻ ഇന്ത്യൻ ടീമിന് കഴിയാറുണ്ട്." - സെവാഗ് കൂട്ടിച്ചേർത്തു.
2011, 2003 ഏകദിന ലോകകപ്പിലെ ഇന്ത്യാ-പാക് മത്സരങ്ങള്‍ക്ക് മുന്നോടിയായും ഇതുപോലെ പാകിസ്താന്റെ ഭാഗത്ത് നിന്ന് വലിയ വീരവാദങ്ങള്‍ ഉണ്ടായിരുന്നു. ഇത്തവണ പാക് ടീം ചരിത്രം തിരുത്തി എഴുതും എന്നൊക്കെ പാകിസ്താനിലെ ചില വാര്‍ത്താ അവതാരകര്‍ പറഞ്ഞിരുന്നു. ഇന്ത്യ അത്തരം വാചകമടികൾക്ക് പിന്നാലെ പോകാതെ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അതിനാൽ തന്നെ മത്സരഫലം നേരത്തെ തന്നെ പ്രവചിക്കാനും നമുക്ക് സാധിക്കുമെന്നും സെവാഗ് പറഞ്ഞു.
ഇത്തവണത്തെ ലോകകപ്പ് മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തുകയാണെങ്കിൽ പാക് ടീമിനെ കാത്തിരിക്കുന്നത് ഒരു ബ്ലാങ്ക് ചെക്കാണെന്ന് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാനായ റമീസ് രാജ പറഞ്ഞിരുന്നു. ഇതിനുപുറമെ യുഎഇയിലാണ് മത്സരം നടക്കുന്നത് എന്നതിനാൽ ഇന്ത്യയേക്കാൾ മുൻതൂക്കം പാക് ടീമിന് ആണെന്നും പാക് ടീമിന്റെ ക്യാപ്റ്റനായ ബാബർ അസം പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യൻ ടീമിന്റെ ഭാഗത്ത് നിന്നും ആരും ഇത്തരത്തിലുള്ള പ്രവചനങ്ങൾക്ക് മുതിർന്നിരുന്നില്ല.
അതേസമയം, ഇത്തവണത്തെ ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ ജയം നേടാൻ പാക് ടീമിന് കഴിഞ്ഞേക്കുമെന്നും സെവാഗ് പറഞ്ഞു. ലോകകപ്പിന് എത്തുന്ന പാക് ടീമിൽ നിരവധി മാച്ച് വിന്നര്‍മാരുണ്ട്. ബാബര്‍ അസം, ഫഖര്‍ സമാൻ, മുഹമ്മദ് റിസ്‌വാന്‍, ഷഹീന്‍ അഫ്രീദി തുടങ്ങിയവര്‍. ടി20 എപ്പോഴും പ്രവചനാതീതമാണ്. ഒരു കളിക്കാരന്റെ മികവുറ്റ പ്രകടനം മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാൻ പോന്നതായിരിക്കും. അതുകൊണ്ടുതന്നെ ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഏറ്റവും മികച്ച അവസരമാണ് ഇത്തവണ പാകിസ്താന് ലഭിച്ചിരിക്കുന്നത്. ഏകദിന ക്രിക്കറ്റിൽ കളിക്കാരുടെ വ്യക്തിഗത മികവിന് പുറമെ കൂട്ടായ പരിശ്രമം കൂടി വേണം. എന്നാൽ ടി20യിൽ അതിന്റെ ആവശ്യമില്ല. അതുകൊണ്ട് തന്നെ പാക് ടീമിന് മികവ് കാട്ടാൻ കഴിഞ്ഞേക്കുമെന്നും സെവാഗ് പറഞ്ഞു.