ഹാമില്‍ട്ടണില്‍ ഓസ്‌ട്രേലിയ ഉയർത്തിയ 310 റണ്‍സ് പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ടിന് അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സാണ് വേണ്ടിയിരുന്നത്. അവസാന ഓവർ എറിയാനെത്തിയ ജോനസെൻ രണ്ടാം പന്തില്‍ തന്നെ കാതറിന്‍ ബ്രണ്ടിനെ മടക്കി. ഓസീസ് താരം എറിഞ്ഞ ഫുൾ ലെങ്ത് പന്തിനെ സർവ്വശക്തിയുമെടുത്ത് ബ്രണ്ട് ബൗളറുടെ തലയ്‌ക്ക് മുകളിലൂടെ പന്ത് ബൗണ്ടറിയിലേക്ക് പറത്താനാണ് ശ്രമിച്ചത്. എന്നാല്‍ തന്റെ തലയ്ക്ക് മുകളിലൂടെ പറന്നുപോവേണ്ടിയിരുന്ന പന്തിനെ അസാധ്യ റിഫ്ലെക്സിലൂടെ ജോനസെൻ തന്റെ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. പറന്നുപോകേണ്ട പന്ത് താരത്തിന്റെ ഇടതുകൈയിൽ ഒട്ടിപ്പിടിച്ച പോലെയാണ് നിന്നത്. താരത്തിന്റെ ക്യാച്ച് ഗ്രൗണ്ടിലുണ്ടായിരുന്നവരെ ഒരു നിമിഷം സ്തബ്ധരാക്കി. ക്യാച്ച് എടുത്തത് വിശ്വാസം വരാത്ത അവസ്ഥയിലായിരുന്നു ജോനസെൻ. പിന്നാലെ ഓവറിലെ അവസാന പന്തില്‍ സോഫി എക്കിള്‍സ്റ്റണിനെയും മടക്കി ജോനസെൻ ഓസീസ് വിജയം ഉറപ്പിക്കുകയായിരുന്നു. മത്സരം ഓസീസ് വനിതകള്‍ 12 റണ്‍സിനാണ് ജയിച്ചത്.
advertisement
സ്‌കോര്‍: ഓസീസ്-310/3(50), ഇംഗ്ലണ്ട്-298/8(50).
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ റേച്ചൽ ഹെയ്ൻസിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തിലാണ് നിശ്ചിത 50 ഓവറില്‍ മൂന്ന് വിക്കറ്റിന് 310 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 131 പന്തില്‍ നിന്നും 14 ഫോറും ഒരു സിക്‌സറും സഹിതം 130 റൺസാണ് ഹെയ്ൻസ് കുറിച്ചത്. ക്യാപ്റ്റന്‍ മെഗ് ലാന്നിംഗും (86) ഹെയ്ൻസിന് മികച്ച പിന്തുണ നൽകി. ഇംഗ്ലണ്ടിനായി നതാലി സൈവര്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി.
Also read- Shane Warne |ക്രിക്കറ്റ് കണ്ടുകൊണ്ട് തന്നെ മരണം! വികാരധീനനായി വോണിന്റെ മാനേജര്‍
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് പക്ഷെ ലക്ഷ്യം എത്തിപ്പിടിക്കാൻ കഴിഞ്ഞില്ല. ബൗളിങ്ങിന് പുറമെ ബാറ്റിംഗിലും തിളങ്ങിയ സൈവര്‍ 85 പന്തില്‍ 13 ബൗണ്ടറികളോടെ 109 റണ്‍സ് കണ്ടെത്തി. ടാമി ബ്യൂമോണ്ട് (74), ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ് (40) എന്നിവരും മികച്ച പ്രകടനങ്ങൾ നടത്തിയെങ്കിലും അവ ഇംഗ്ലണ്ടിനെ വിജയവര കടത്താൻ പോന്നതായില്ല. ഓസ്‌ട്രേലിയക്കായി ബൗളിങ്ങിൽ അലാന കിംഗ് മൂന്നും തഹ്‌ലിയ മഗ്രാത്ത് ജെസ് ജോനസെൻ രണ്ട് വീതവും മെഗന്‍ ഷൂട്ട് ഒരു വിക്കറ്റും വീഴ്‌ത്തി.